Sunday, December 4, 2011

മീര......(രഹസ്യം)

സ്വര്‍ണ്ണനൂലുകള്‍ പോലെ ഇലകള്‍ക്കിടയിലൂടെ വാര്‍ന്നുവീഴുന്ന സുര്യ രശ്മികള്‍ നിറഞ്ഞയിടത് ഒരു ചെറിയ കല്ലിന്മേല്‍ മീര ഇരുന്നു. സുര്യാഘാതത്തിനു കാഠിന്യം കുറവാണെന്നു വേവലാതിയോടെ അവള്‍ തിരിച്ചറിഞ്ഞു. തൊടിയില്‍ പടര്ന്നു കിടക്കുന്ന തോട്ടാവാടികളില്‍ വെയിലിന്റെ സൌന്ദര്യം പ്രതിഫലിക്കുന്നുണ്ടായിരുന്നു. ഒരു മൃദുവായ സ്പര്‍ശനത്തില്‍ തന്നെ ഉറങ്ങിപ്പോകുന്ന തോട്ടാവാടിയെ ഒരിക്കല്‍ തനിക്ക് പുച്ഛമായിരുന്നു എന്ന് മീര ഓര്ത്തു. എന്നാല്‍ വരാനുള്ള ഗാഡചുംബനങ്ങളെ നേരിടാതിരിക്കാനുള്ള തന്ത്രം പിന്നീട് മീരയെ ഏറെ ചിന്തിപ്പിച്ചിരുന്നു. തൊടിയുടെ പടിഞ്ഞാറ് വയലിന് സമീപമുള്ള ഭാഗം തണല്‍മരങ്ങള്‍ നിറഞ്ഞതാണ്‌. കുറച്ചു നേരം മുന്പ് അവിടെ നിന്നു ഒരു കുയിലിന്റെ പാട്ട് അവള്‍ കേട്ടിരുന്നു. പാട്ട് പച്ചക്കിളികളുടെ പാട്ടിനെ ഓര്‍മ്മപെടുത്തുന്ന താളത്തില്‍ ആയിരുന്നു. കുയില്‍ എങ്ങോട്ടെങ്കിലും പറന്നുപോയിട്ടുണ്ടാകണം. എപ്പോള്‍ പാട്ട് കേള്‍ക്കാനില്ല. താനും ഏതാനും മരങ്ങളും തൊട്ടാവാടികളും ചില കൊച്ചുജീവികളും അല്ലാതെ യാതൊന്നുമില്ല ഇവിടെ. തൊടിക്ക് എപ്പോള്‍ ശൂന്യതയുടെ സ്വഭാവം, മൌനത്തിന്റെ ഭാഷ. അവള്ക്ക് പെട്ടെന്ന് ബുദ്ധനെ ഓര്‍മ വന്നു. മരങ്ങള്‍ നിറഞ്ഞ തൊടിയുടെ തണല്‍ ഭാഗത്തേക്ക് അവള്‍ നോക്കി. " അവിടെ പോയി ഇരുന്നാലോ ?" അവള്‍ ആലോചിച്ചു. ഒരു നിമിഷാര്‍ധത്തില്‍ തന്നെ തീരുമാനവും എത്തി. "ആകാം" .

എഴുനേല്‍ക്കാന്‍ തുടങ്ങിയപ്പോഴാണ് മീര ശ്രദ്ധിച്ചത്. ഒരു ഉറുമ്പിന്‍കൂട്ടം എന്തോ തേടിപ്പിടിച്ചു കൊണ്ടുവരുന്നത്‌. അവള്‍ താഴേക്ക് കുനിഞ്ഞു ശ്രദ്ധയോടെ നോക്കി. ഒരു പാറ്റയുടെ മൃതശരീരം ആയിരുന്നു അത്. ഒരേ വലുപ്പത്തിലുള്ള, ഒരേ നിറക്കാരായ ഒരു പറ്റം ഉറുമ്പുകള്‍...അവ എത്രയെണ്ണം ഉണ്ടാകും? ആയിരമോ? രണ്ടായിരമോ? അവള്‍ എണ്ണാന്‍ ആരംഭിച്ചു. അടുത്ത നിമിഷം തന്നെ തീരുമാനം പിന്‍വലിക്കുകയും ചെയ്തു. അവള്‍ കൌതുകത്തോടെ അവയെ നിരീക്ഷിക്കുവാന്‍ തുടങ്ങി. മരിച്ചു പോയ ഒരു പാറ്റ ഒരു കൂട്ടം ഉറുമ്പുകള്‍ക്ക് ഭക്ഷണമാകുന്നു. പാറ്റ മരിച്ചില്ലായിരുന്നു എങ്കിലോ? ഉറുമ്പുകള്‍ക്ക് അത് ഭക്ഷണം ആകുമായിരുന്നില്ല. മീര ഒരു അറിവ് കൂടി നേടി. മരിച്ചത് കൊണ്ടു പാറ്റ ഉറുമ്പുകള്‍ക്ക് ഭാരമായി. മരിച്ചില്ലായിരുന്നു എങ്കിലോ ? അത് ഉറുമ്പുകള്‍ക്ക് ഭാരം ആകുമായിരുന്നില്ല. ഒരു ചെറിയ പുഞ്ചിരിയോടെ മീര പാറ്റയെ നിരീക്ഷിക്കാന്‍ തുടങ്ങി. അടുത്ത നിമിഷം പാറ്റയുടെ പിന്‍നിര കാലുകളില്‍ ഒന്നു ചെറുതായി ഒന്നനങ്ങി. ഒരു ഞെട്ടലോടെ മീര മനസ്സിലാക്കി. പാറ്റ മരിച്ചിട്ടില്ല.. അപ്പോള്‍..............പാറ്റ മരിക്കാതെ തന്നെ ഉറുമ്പുകള്‍ക്ക് ഭാരമാകുന്നു. അറിവിന്റെ ധാരാളിത്തത്തില്‍ മീര തളര്‍ന്നു. വേവലാതിയോടെ അവള്‍ നിവര്‍ന്നിരുന്നു.

പലയാവര്‍ത്തി വായിച്ചു കഴിഞ്ഞ കത്ത് കയ്യിലുണ്ട്. കൈവെള്ളയില്‍ ചുരുട്ടിപിടിച്ച തുണ്ട് കടലാസിലേക്ക് അവള്‍ വേദനയോടെ നോക്കി. ഒരു പ്രണയലേഖനത്തിന് ഇത്തരം ഒരു അപഹാസ്യത നേരിടേണ്ടി വരുന്ന അവസ്ഥ മീരക്ക് ഇഷ്ടമല്ലായിരുന്നു. പക്ഷെ........വിരലുകളാല്‍ കത്ത് ഞെരിഞ്ഞമര്‍ന്നുകൊണ്ടേയിരുന്നു. അമരുംതോറും കൈ ചൂടു പിടിക്കുന്നതായ്‌ അവള്‍ തിരിച്ചറിഞ്ഞു. അവള്‍ കൈത്തലം അയച്ചു. കരയില്‍ നിന്നും വെള്ളത്തിലേക്ക്‌ തിരിച്ചെത്തിയ മീനിന്റെതെന്നപോലെ കത്തിന്റെ ശ്വാസകോശങ്ങള്‍ വികസിച്ചു.

കത്തുകള്‍ക്ക് ജീവനുണ്ടോ ? കത്തുകള്‍ ശ്വസിക്കുമോ? മീര ചിന്തിച്ചു. ഉണ്ടെന്നു അവള്ക്ക് തോന്നി.

കത്തുകള്‍ക്കും ജീവനുണ്ട്. അവ ശ്വസിക്കുന്നതും ഓക്സിജന്‍ തന്നെയാണ്. നമ്മള്‍ ചുറ്റുപാടുകളില്‍ നിന്ന്, മുന്നിലും പിന്നിലും മുകളിലും എല്ലാം നിറഞ്ഞു നില്ക്കുന്ന അസംഖ്യം വയുപടലങ്ങളില്‍ നിന്ന് ഓക്സിജന്‍ ആഗിരണം ചെയ്യുന്നു. എന്നാല്‍ കത്തുകള്‍ ആകട്ടെ , അവയുടെ അസംഖ്യം മൂക്കുകള്‍ കത്ത് വായിക്കുന്നയാളുടെ വായിലുടെ കടന്ന്, ശ്വാസകോശങ്ങളില്‍ എത്തി അവിടെ നിന്നും ഓക്സിജന്‍ വലിച്ചെടുക്കുന്നു. പ്രണയിനിയുടെ കത്തിനാകട്ടെ തോത് കൂടുതല്‍ ആണ്. അത്തരം കത്തുകള്‍ ഒരു ഓക്സിജന്‍ കണിക പോലും അവശേഷിപ്പിക്കാതെ എല്ലാം തന്നെ വലിച്ചെടുക്കുന്നു. പുതിയ ഓക്സിജന്‍ തരികള്‍ ശ്വാസകോശങ്ങളില്‍ എത്തുന്നത്‌ വരെ നമുക്കു ശ്വാസം മുട്ടുന്നു. പുതുതായി എത്തിയവര്‍ അനാഥമായ അവിടെ ഒരു പരിചയക്കാരനെ പോലും കാണാതെ ഉഴറുംബോഴും നമുക്കു ശ്വാസം മുട്ടുന്നു. അവസ്ഥ ഭയാനകമാണ്, ഏറെ വശ്യവും........

എന്നാല്‍ കത്തുകള്‍ നമ്മേപോലെ അല്ല ഉച്ച്വസിക്കുന്നത്. അത് CO2 തന്നെ ആവണം എന്നില്ല. കത്തുകള്‍ ചിലപ്പോള്‍ ഓക്സിജന്‍ ഉം ചിലപ്പോള്‍ കാര്‍ബണ്‍ മോണോക്സൈഡ് ഉം എന്തിന് , മീത്യ്ല്‍ ഐസോ സയനീറ്റ്‌ ഉം വരെ ഉച്ച്വസിക്കാറുണ്ട്. ചില കത്തുകള്‍ വായിച്ചു തീരുമ്പോള്‍ നമുക്കു പുതിയ ഒരു ഉണര്‍വ് ലഭിക്കുന്നത്‌ അത് കൊണ്ടാണ്. ചിലത് നമ്മളെ ശോകാകുലരാക്കും, ചിലത് വീര്‍പ്പു മുട്ടിക്കുന്നു. അപൂര്‍വ്വം ചിലത് നമ്മളെ ബോധരഹിതര്‍ ആക്കുന്നു. ചില കത്തുകള്‍ക്ക് റേഡിയോ ആക്റ്റിവിറ്റി ഉണ്ട്. അത് നമ്മുടെ ദേഹം തളച്ചു യാത്രയാകുന്നു. പോകുന്ന പൊക്കിള്‍ കോശങ്ങളെ അയണീകരിക്കുന്നു. കാര്യമായ ജനിതകമാറ്റം വരുത്തുന്നു. അത്തരം കത്തുകള്‍ വായിച്ചുതീരുമ്പോള്‍ നാം നാമല്ലതായിതീരുന്നത് അത് കൊണ്ടാണ്. നാം എല്ലാം മറക്കുന്നതും.

കൈവെള്ളയില്‍ ഇരുന്ന കത്ത് മീര നിവര്‍ത്തി. അവന്റെ കത്ത്. മീരക്ക് വീണ്ടും ശ്വാസം മുട്ടി. ഒരു കത്തിനും വലിച്ചെടുക്കാന്‍ ആവാതത്രയും ഓക്സിജന്‍ ചുറ്റുപാടുകളില്‍ നിന്നും വലിച്ചെടുക്കാന്‍ അടുത്ത നിമിഷങ്ങള്‍ മീര ശ്രദ്ധിച്ചു. ദയാരഹിതമായ ചുംബനങ്ങളെകുറിച്ച്...പുകയിലമണം ഉള്ള ചുണ്ടുകളെ കുറിച്ച് ഓര്മ്മ വരുമ്പോഴെല്ലാം മീരക്ക് ശ്വാസം മുട്ടും.

തനിക്ക് ചുറ്റുമുള്ള വായുവില്‍ നിന്ന് ഓക്സിജന്‍ തരികള്‍ അപ്പ്രത്യക്ഷമായാലുള്ള അവസ്ഥയെകുറിച്ച് മീര പെട്ടെന്ന് ഓര്ത്തു. അവള്‍ പേടിച്ചു. കാരണം ഉണ്ട്. കുറച്ചു നാള്‍ മുന്പ് അവന്റെ കത്ത് കിട്ടിയ ദിവസം ഒരു ൧൫ മിനിട്ട് നേരത്തേക്ക് അവള്ക്ക് ശ്വാസം കിട്ടിയില്ല. കണ്ണുകള്‍ മലര്‍ക്കെ തുറന്നു, കിടക്കയില്‍ മലര്‍ന്നു കിടന്ന് അവള്‍ കൈകാലിട്ടടിച്ചു. ശരീരം കൊണ്ടു ഉറക്കെ നിലവിളിച്ചു. ഒരിറ്റു ദാഹജലത്തിനായ്‌ അവളുടെ തൊണ്ട കേണു. വിശുദ്ധ നിമിഷങ്ങളില്‍ അവള്‍ അവനെ തള്ളിപറഞ്ഞു. അവന്റെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്നതും അവന്‍ കയത്തില്‍ മുങ്ങിതാഴുന്നതും അവള്‍ സ്വപ്നം കണ്ടു. അതോടെ പിണങ്ങി നിന്ന ഓക്സിജന്‍ തരികള്‍ മുറിയിലേക്ക് തിരിച്ചു വന്നു. അവളുടെ കണ്ണുകള്‍ ശാന്തമായ്‌, കാലുകള്‍ തളര്‍ന്നു. സുഖകരമായ ഒരു ആലിന്കനതിലേക്കു .... മയക്കത്തിലേക്ക് അവള്‍ വീണു.

മീര ഓര്‍മ്മയില്‍ കൂടുതല്‍ തളര്‍ന്നു. എന്നും അങ്ങനെ സംഭവിച്ചേക്കുമോ? അവള്‍ ഭയപെട്ടു. ഇന്നലെ തന്റെ മുറിയില്‍ വച്ചു കത്ത് ആദ്യം വായിച്ചപ്പോള്‍ ഒരു മുപ്പതു സെക്കന്റ്‌ നേരത്തേക്ക് അവള്ക്ക് ശ്വാസം മുട്ടി. അത്തരം ഒരു സാഹചര്യം ഒഴിവാക്കാന്‍ ആണല്ലോ മുറി വിട്ടു താന്‍ പുറത്തിറങ്ങിയതെന്നു അവള്‍ ഓര്ത്തു. കൂടുതല്‍ സുര്യപ്രകാശം ഉള്ളിടത്ത് കൂടുതല്‍ ഓക്സിജന്‍ ഉണ്ടാകും എന്നവള്‍ പഠിച്ചിട്ടുണ്ട്.

നന്ദിതയെപ്പോലെ താനും തന്‍റെ ചിന്തകളുടെ തടവുകാരിയാനെന്നു മീരക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിനാല്‍ തനിക്ക് പരിചിതമായ ലോകത്തേക്ക് പ്രവേശിക്കാന്‍ മീരക്ക് നിമിഷങ്ങള്‍ പോലും വേണ്ട. കത്തുകള്‍ നമുക്കെന്താണ് തരുന്നത്? ചോദ്യത്തിന് പലപ്പോഴും യുക്തിഭദ്രമായ ഒരു ഉത്തരം കണ്ടുപിടിക്കാന്‍ മീരക്ക് കഴിയാറില്ല.

കരിയിലകൂട്ടതിനുള്ളില്‍ നിന്നും തന്‍റെ ഇരയായ പുഴുവിനെ വിദഗ്ധമായി കൊത്തിയെടുക്കുന്ന കോഴിയുടെ വശ്യമായ കൊക്ക് പോലെ ആയിരുന്നു അവന്റെ കത്തുകള്‍. മറവിയില്‍ ആണ്ടതെന്നു വിശ്വസിച്ചിരുന്ന ഒരു ഭൂതകാലം കത്തുകള്‍ ചികഞ്ഞെടുത്തുകൊണ്ടിരുന്നു. ചരിത്രം ഉറങ്ങുന്ന കോളേജ് ഇടനാഴിയിലെ നിഴല്‍ സ്ഥാനങ്ങളും, കായല്ക്കരയിലെ ഹൃദ്യമായ കാറ്റിന്റെ ഗന്ധവും, വാക്കുകളെ ഖനീഭവിപ്പിച്ചു ചുംബനമഴ പെയ്യിക്കുന്ന ക്ലാസ്സ് റൂം ചുവരുകളും അവളിലേക്ക്‌ മടങ്ങി വന്നു. കൊതി പിടിച്ച വിരല്‍തുമ്പുകളും , പുകയിലമണം ഉള്ള ചുണ്ടുകളും അവള്‍ ഓര്ത്തു. കാഫ്കയും ബുദ്ധന്‍ ഉം അവളിലേക്ക്‌ പരകായപ്രവേശം നടത്തി. പച്ചക്കിളികളുടെ പാട്ടും വിജനമായ വയലുകളുടെ ഭീതിപ്പെടുത്തുന്ന നിശബ്ദതയും അവളിലേക്ക്‌ തിരിച്ചെത്തി. അവളില്‍ സഹജമായ നിര്‍വികാരത മായ്ച്ചുകളയാന്‍ അവക്കായി.

ആശുപത്രിയിലെ അജ്ഞാതവാസക്കാലത്ത് വേദനയെ ഞെരിച്ചമര്‍ത്തി കൊണ്ട്, ഘടികാരത്തിന്റെ പാഞ്ഞുപോകുന്ന സൂചികളെ പിടിച്ചുനിര്തികൊണ്ട് അവന്‍ എഴുതിയ ഏതാനും കത്തുകള്‍ അവള്ക്ക് ലഭിച്ചിരുന്നു. എല്ലാം ഓക്സിജന്‍ തേടുന്നവ. ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാനില്ലേ എന്ന് അവള്‍ ചിന്തിച്ചിരുന്നു. തന്‍റേതായ മുറിയില്‍ തന്‍റെ പുസ്തകങ്ങള്‍ക്കും ഭ്രാന്തുകള്‍ക്കും ഇടയില്‍ താന്‍ അനുഭവിച്ചിരുന്ന ദ്രവിപ്പിക്കുന്ന ഏകാന്തതയെ , ആശുപത്രിയിലെ മരുന്ന് മണക്കുന്ന അന്തരീക്ഷവുമായി ഭംഗിയായ്‌ ബന്ധപെടുതാന്‍ അവള്ക്ക് കഴിഞ്ഞിരുന്നു. എന്നിട്ടും അവന്റെ കത്തുകളെ അവള്‍ ഭയത്തോടെ കാത്തിരുന്നു.

ഒരിക്കല്‍ അവന്‍ എഴുതി. കണ്ടുമുട്ടിയപ്പോള്‍ പെയ്ത മഴയെ കുറിച്ച്, പ്രണയമന്ത്രങ്ങള്‍ വിറച്ചു വീണ ദിവസത്തെ കുറിച്ച്, ആദ്യ ചുംബനം പിറന്ന നിമിഷത്തെ കുറിച്ച്, എല്ലാം. മീര എല്ലാം ഓര്‍ക്കുമായിരുന്നു. അവനും അവള്‍ക്കും ഇടയില്‍ മഴ ചാറിയിരുന്ന കാലത്തു അവള്‍ ഓര്‍മയില്‍ പൂത്തുലയുമായിരുന്നു. മഴ പെയ്തു ചാലുകള്‍ നിറഞ്ഞപ്പോള്‍ , പെരുമഴ പെയ്തില്‍ ചാല് കടലായ്‌ രൂപാന്തരപെട്ടപ്പോള്‍ ഓര്‍മയില്‍ അവള്ക്ക് തണുത്തു. കടലിനു മുകളില്‍ സുര്യന്‍ മിഴി തുറന്നപ്പോള്‍ അവള്ക്ക് നീറി. നീറ്റല്‍ പൊള്ളല്‍ ആയി. പൊള്ളല്‍ ഭ്രാന്തായി. ഭ്രാന്തു പിന്നീട് ഓക്സിജന്‍ പിണങ്ങുന്ന അവസ്ഥയും.

ആദ്യകത്ത് കിട്ടിയ ദിവസം മീരക്ക് ആറാട്ടുപുഴ ഉത്സവം ഓര്മ്മ വന്നു. അന്നവള്‍ ഏറെ സംസാരിച്ചു.മുത്ത്‌ ചിതറുന്നത്‌ പോലെ ചിരിച്ചു. അച്ഛനെയും അനിയനെയും ചുംബിച്ചു. അടുപ്പത്ത് വച്ച കലത്തില്‍ നിന്നും തിളച്ച ചോറ് ഒരു പിടി വാരി, പിന്മുട്ടത് കാക്കകള്‍ക്കും കോഴികള്‍ക്കും എറിഞ്ഞു കൊടുത്തു. മോട്ടോര്‍ ഓണ്‍ ആക്കി നാലു തവണ ടാങ്ക് നിറച്ചു. നാലു തവണ കുളിച്ചു. കൂട്ടുകാരികളോട് ആവശ്യമില്ലാതെ ഓരോന്ന് സംസാരിച്ചു. ബസില്‍ വച്ചു ദേഹത്ത് കൈ വച്ച ചെറുപ്പക്കാരനെ ഹൃദ്യമായി അവഗണിച്ചു. രാത്രി തന്‍റെ മുറിയില്‍ കട്ടിലില്‍ കിടന്ന് അവള്‍ മുന്നാരിലെയും ഊട്ടിയിലേയും തണുപ്പിനെ പറ്റി ചിന്തിച്ചു. കാഫ്കയുടെ പ്രണയലേഖനങ്ങള്‍ കട്ടിലിനു താഴേക്ക്‌ നീക്കിവച്ചു. പുലര്‍ച്ചെ ഇതളുകളില്‍ ഒരു മഞ്ഞു തുള്ളിയായ്‌ ഉണരുന്ന ഒരു ചെമ്പനീര്‍പൂവാണ് താന്‍ എന്ന് സങ്കല്പിച്ചു. ഭാവനയില്‍ തന്നെ അവള്‍ കോരിത്തരിച്ചു. വശ്യമായ ഒരു ഡിസംബര്‍ അവള്ക്ക് മുന്നില്‍ അനാവരണം ചെയ്യപെട്ടു. അടുത്ത കത്തില്‍ എന്തായിരിക്കും എന്ന് ചിന്തിച്ചു ചിന്തിച്ചു അവള്‍ ഉറങ്ങിപ്പോയി.
പിന്നീടും ഏതാനും കത്തുകള്‍. എല്ലാം തന്നെ ഡിസംബറിന്റെ നേര്ത്ത തണുപ്പ് നിറഞ്ഞവ. അവനോടു ചേരാന്‍ കൊതിപ്പിച്ചിരുന്ന ഹൃദ്യമായ തണുപ്പ് നിറഞ്ഞവ.
പിന്നീടുള്ള കത്തുകളില്‍ മഴമേഘങ്ങള്‍ ആയിരുന്നു. തന്‍റെ മുറിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുന്നതായ്‌ മീര തിരിച്ചറിയുന്നതും അക്കാലത്താണ്. കുട്ടിക്കാലം മുതലേ തന്നില്‍ നിറഞ്ഞു കവിഞ്ഞു നിന്ന അന്തര്മുഖത്വതിന്റെയും അപകര്‍ഷതാബോധത്തിന്റെയും കടല്‍ ഖനീഭവിക്കുന്നതും, തന്‍റെ മുറിയുടെ മേല്‍ക്കൂരയില്‍ ഒരു വലിയ കാര്‍മേഘമായി രൂപം കൊള്ളുന്നതും അവള്‍ അറിഞ്ഞു. രാത്രിയിലെ ഏതോ ഒരു യാമത്തില്‍ അത് മഴയായ്‌ പെയ്തിറങ്ങുന്നതും, പെരുമഴപെയ്തില്‍ തന്നിലെ അനാവശ്യ ചമയങ്ങള്‍ എല്ലാം നനഞ്ഞു മായുന്നതും അവള്‍ അറിഞ്ഞു.ഒരു കൊച്ചു പെണ്‍കുട്ടിയുടെ ഉത്സാഹത്തോടെ അവള്‍ മഴ നനഞ്ഞു. മഴവെള്ളം വീണു നിറഞ്ഞ തറയില്‍ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് അവള്‍ നീന്തിത്തുടിച്ചു. തന്‍റെ ദേഹത്തിന്റെ ഓരോ ഇഞ്ച് സ്ഥാനങ്ങളിലും മഴത്തുള്ളികള്‍ വന്നു വീഴുന്ന ശബ്ദം കെട്ട് അവള്‍ നിഗൂഡം ആയി ആനന്ദിച്ചു. സ്വന്തം ദേഹത്തോട് മീരക്ക് വലിയ മതിപ്പു തോന്നിയിരുന്ന കാലമായിരുന്നു അത്. ഏറെ നേരം മഴ നനഞു തളര്‍ന്ന ഒരു കുട്ടിയെപ്പോലെ നഗ്നയായ്‌ അവള്‍ തറയില്‍ ചുരുണ്ടു കിടന്നു മയങ്ങി.
മഴയ്ക്ക് ശേഷം വെയില് വന്നു. കത്തുകളില്‍ ചുട്ടുപൊള്ളുന്ന കിരണങ്ങള്‍ ഉണ്ടായിരുന്നു. കത്തുകളില്‍ 'സ്വന്തം' എണ്ണ വാക്കു കണ്ടു മീര ആദ്യം അതിശയിച്ചു. അതിന്റെ അര്‍ത്ഥതലങ്ങള്‍ അറിഞ്ഞതോടെ അവള്‍ വിയര്‍ത്തു തുടങ്ങി. പിന്നീടുള്ള കത്തുകളില്‍ പുതിയ പുതിയ സുര്യന്മാര്‍ രംഗപ്രവേശം ചെയ്തു. കളങ്കമില്ലാത്ത സ്നേഹത്തിന്റെ ആസക്തി അവളെ അകാരണമായി ചൂടു പിടിപ്പിച്ചു കൊണ്ടിരുന്നു. താന്‍ ഉരുകാന്‍ തുടങ്ങുന്നു എന്ന് മീരക്ക് തോന്നി. പതിയെ പതിയെ അവളുടെ മുറി ഒരു മരുഭൂമിയായ്‌. അവള്ക്ക് ചുട്ടു പൊള്ളി. സന്ദര്‍ശകരുടെ കപ്പല്ചാലുകള്‍ തന്‍റെ മുറിയെന്ന ദ്വീപില്‍ നിന്നും അകന്നു കഴിഞ്ഞെന്നു അവള്ക്ക് ബോധ്യമായി . ആ അറിവ് മീരയെ ഭ്രാന്ത് പിടിപ്പിച്ചു. ആസക്തി നിറഞ്ഞ കണ്ണുകളെ നിര്‍വികാരതയോടെ നേരിടണം എന്ന് അവള്‍ തീരുമാനിച്ചു. അതിനായ്‌ കോളേജ് ലൈബ്രറി സൂക്ഷിപ്പുകാരനെ നാല് ദിവസം രഹസ്യമായി നിരീക്ഷിച്ചു. എന്നാല്‍ കണ്ണുകളിലെ സുര്യന്‍ തന്നെ തളര്‍ത്തുന്നു എന്ന് ബോധ്യപെട്ടപ്പോള്‍ അവളുടെ നാവിന്റെയും കൈവിരലുകളുടെയും താളം തെറ്റി. 'പശ്ചാത്താപം' എന്ന വാക്കു മീര ആദ്യമായി ഉപയോഗിക്കുന്നതും അക്കാലത്താണ്.
നിര്‍വികാരത തന്നിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ശ്രമിച്ച കാലത്തു മീര രഹസ്യമായി ശ്വാസം പിടിച്ചു നിര്‍ത്താനുള്ള പരിശീലനത്തില്‍ എര്പെട്ടിരുന്നു. ഏറെ താമസിയാതെ ഒരു മുപ്പതു സെക്കന്റ്‌ നേരത്തേക്കെങ്കിലും ശ്വാസം പിടിച്ചുനിര്‍ത്താന്‍ അവള്‍ പഠിച്ചു. എന്നാല്‍ അവന്റെ കത്തുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ ഒരു ബൂമരാന്ഗ് പോലെ അത് അവളിലേക്ക്‌ തിരിച്ചടിച്ചു. അങ്ങിനെയാണ് ഏതാനും മാസങ്ങള്‍ക്ക് മുന്പ് അവള്‍ കഠിനമായ ഓക്സിജന്‍ പ്രതിസന്ധിയില്‍ അകപെട്ടത്‌.
കാലിന്റെ പെരുവിരലില്‍ നിന്നും ഒരു നോവ്‌ ഉച്ചി വരെ പടര്ന്നപ്പോഴാനു മീര ചിന്തയില്‍ ഉണര്‍ന്നത്. പെരുവിരലില്‍ പുരണ്ട ആ നോവില്‍ അവന്റെതല്ലാത്ത ഏതോ വൈദേശിക ജീനിന്റെ സാമീപ്യം അവള്‍ തിരിച്ചറിഞ്ഞു. അവള്‍ താഴേക്ക്‌ നോക്കി. ഉറുമ്പുകള്‍ തന്‍റെ കാലിനു ചുറ്റും കൂടിയിരിക്കുന്നത് കണ്ടു അവള്ക്ക് ആകാംഷയായ്. പട്ടയെ അവിടെയെങ്ങും കാണാനും എല്ലാ. ഫോര്‍മിക്‌ ആസിഡ് നല്കിയ ചെറിയ നോവ്‌ ഉള്ളില്‍ അഡ്രിനാലിന്‍ ഉല്‍പാദനത്തെ ഗണ്യമായി കൂട്ടുന്നുന്ടെന്നു അവള്‍ അറിഞ്ഞു.
അവന്റെ കത്തിന് ജീവന്‍ ഉണ്ട്. എന്നാല്‍ അത് ശ്വസിക്കുന്നെ ഉള്ളു. ഒരു അക്ഷരം സംസാരിക്കുന്നില്ല. ഒന്നു അനങ്ങുന്നു പോലും ഇല്ല. ഒന്നും ചെയ്യാന്‍ ഇല്ലാത്തപ്പോള്‍ മറ്റു ജീവികള്‍ ചെയ്യുന്നത് പോലെ കൊട്ടുവായും ഇടുന്നില്ല. കത്തിന് ജീവനുണ്ടെന്നു തനിക്കറിയാം. മറ്റാര്‍ക്കറിയാം അത്? കയ്യിലുള്ള കത്തും താനും തമ്മില്‍ എന്താണ് വ്യത്യാസം എന്ന് മീര ചിന്തിച്ചു. രൂപത്തില്‍ അമ്പരപ്പിക്കുന്ന വൈജാത്യം ഉണ്ടെങ്കിലും ചലനങ്ങളില്‍ മീര ഒരു പാടു സാദൃശ്യം കണ്ടെത്തി. തനിക്ക് ജീവന്‍ ഉണ്ടെന്നു തനിക്കറിയാം. ഉറുമ്പുകള്‍ക്ക് അറിയാമോ അത്? അവള്‍ പെട്ടെന്ന് ചാടി എഴുനേറ്റു. മരിക്കാതെ തന്നെ ഉറുമ്പുകള്‍ക്ക് ഭക്ഷണമായി മാറിയ ആ പാറ്റയെ തന്നെ ചിന്തിച്ചു കൊണ്ടു അവള്‍ തണലിലേക്ക്‌ നീങ്ങി.
എന്നിട്ട് വീണ്ടും ചിന്തിക്കുവാന്‍ തുടങ്ങി.
ജീവനുള്ള എന്തിന്റെയും ജീവന്‍ നമുക്കു ഇല്ലാതാക്കാം. വഴികള്‍ അനേകമാണ്. തന്‍റെ ജീവന്‍ ഇല്ലാതാവാന്‍ അവന്റെ പത്തു കത്തുകള്‍ ഒരുമിച്ചു കിട്ടിയാല്‍ മതിയെന്ന് അവള്‍ക്കറിയാം. തന്‍റെ വിടാതെ പിടികൂടിയിരിക്കുന്ന ഈ പ്രതിസന്ധി തരണം ചെയ്യാന്‍ കത്തുകളിലെ ജീവന്‍ എടുത്താലോ എന്നവള്‍ ഒരു പാടു വട്ടം ആലോചിച്ചതാണ്. പക്ഷെ അത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ തുടങ്ങുമ്പോഴേക്കും മീര പച്ചക്കിളികളുടെ പട്ടു കേള്‍ക്കും. ബുദ്ധന്റെ സ്ത്രൈണത അവളെ മഴയെ വശീകരിക്കും. കാഫ്കയുടെ കണ്ണുകള്‍ അവളെ തുറിച്ചു നോക്കും. വിരല്‍ തുമ്പുകള്‍ അവളെ തരളിതയാക്കും . ചുണ്ടുകളിലെ വന്യതയില്‍ അവള്‍ എല്ലാം മറക്കും. എന്നാല്‍ നിമിഷങ്ങള്‍ക്കകം എല്ലാം മാഞ്ഞ്, വെയിലില്‍ വാടിക്കരിഞ്ഞ നെല്‍ചെടികള്‍ മാത്രം നിറഞ്ഞ വയലിന്റെ ഭീതിപ്പെടുത്തുന്ന നിശബ്ദത അവളെ കീഴ്പെടുത്തും. പിന്നീടെല്ലാം പതിവുപോലെ. അവളുടെ ആദ്യ കാമുകന്‍ പിണങ്ങി നില്‍ക്കുകയായ്‌. ശരീരവും മനസ്സും ഒരു പോലെ പിടയുന്ന ആ സുവര്‍ണ്ണ നിമിഷങ്ങളില്‍ താന്‍ എടുക്കുന്ന തീരുമാനങ്ങള്‍ ദൈവീകമാണെന്ന് അവള്‍ ഉറച്ചു വിശ്വസിച്ചിരുന്നു. ആ നിമിഷങ്ങളില്‍ അവള്‍ അവനെ വെറുക്കാന്‍ തുടങ്ങും. അതോടെ ഓക്സിജന്‍ അവളിലേക്ക്‌ തിരിച്ചെത്തും. ആസക്തി അസഹ്യമായ പ്രണയം ചുംബിച്ചു ഉണര്‍ത്തിയ പൂവുകളില്‍ സാന്ത്വനത്തിന്റെ മൃദുസ്പര്‍ശവുമായ് അവന്‍ എത്തും. ആ ലയനത്തില്‍ തനിക്ക് ശൂന്യതയുടെ സ്വഭാവമാണെന്ന് മീരക്ക് തോന്നിയിട്ടുണ്ട്.
കത്തുകളെ നമ്മള്‍ എങ്ങിനെ കൊല്ലും? അതിനും വഴികള്‍ അനേകമാണ്. ഒരു ഈര്‍ക്കിലി എടുത്തു ദേഹം മുഴുവനും കുത്തി മുറിവേല്പിച്ചു കൊല്ലാം. ഒരു തീപ്പെട്ടികൊള്ളിയെടുത്തു ഉറച്ചു ചുട്ടു കൊല്ലാം. ഭീമന്‍ ജരാസന്ധനെ എന്ന വണ്ണം നെടുകെ പിളരാം. അല്ലെങ്കില്‍ കൂടുതല്‍ പ്രായോഗികവും സാധാരണവും ആയ രീതിയില്‍ കീറിപ്പറച്ചു കൊല്ലാം. അത് വളരെ ദയനീയമാനെന്നു മീരക്ക് തോന്നി. കൈകള്‍.......കാലുകള്‍.....തല......മീര വേദനയോടെ കണ്ണുകള്‍ അടച്ചു. ഓക്സിജന്‍ താനിലേക്ക് എത്തുന്നില്ലെന്ന് അവള്‍ മനസ്സിലാക്കി.
ഇരുകൈകളും കൊണ്ടു അവള്‍ കത്തില്‍ മുറുകെ പിടിച്ചു. ഒരു നിമിഷാര്‍ദ്ധം. അവള്‍ കത്ത് നെടുകെ കീറി. നിശബ്ദമായ ഒരു നിലവിളിയോടെ അത് മരിച്ചു. മരിച്ചു പോയ കത്തിന്റെ രണ്ടു കഷണങ്ങളും അവള്‍ നിലത്തു വച്ചു. എന്നിട്ട് അതില്‍ ഒരെണ്ണം തല തിരിച്ചു വച്ചു. മുറി കൂടരുതല്ലോ? എന്നിട്ട് ആകാശത്തിലേക്ക് കൈകള്‍ ഉയര്ത്തി ഓക്സിജന്‍ തരികളെ ക്ഷണിച്ചു. ക്ഷണം കേട്ട മാത്രയില്‍ അവന്‍ അവളുടെ അടുത്തെത്തി. ജനനത്തിന്റെ ആദ്യനിമിഷം മുതല്‍ അവന് പരിചയം ഉള്ള ദേഹത്തിന്റെ മുക്കിലും മൂലയിലും പുതിയൊരു ആവേശത്തോടെ അവന്‍ അലഞ്ഞു നടന്നു. തന്‍റെ വീര്‍പ്പുമുട്ടല്‍ ക്രമേണ ഇല്ലാതാകുന്നതായ്‌ അവള്‍ മനസ്സിലാക്കി.
മീര എഴുനേറ്റു. തന്‍റെ മുറിയില്‍ ഷെല്‍ഫില്‍ ഇരിക്കുന്ന പുസ്തകങ്ങളും, അലമാരയില്‍ ഇരിക്കുന്ന വസ്ത്രങ്ങളും, പിന്നെ തന്‍റെ ഭ്രാന്തുകളും പായ്ക്ക് ചെയ്യേണ്ടതിനെ പറ്റി ആലോചിച്ചുകൊണ്ട്‌ അവള്‍ നടന്നു. കണ്ണുകള്‍ അടച്ചു പിടിച്ചു കൊണ്ടു, ഉള്ളില്‍ ഓക്സിജന്‍ തൊട്ടുണര്‍ത്തിയ ഓര്‍മ്മകളെ, അനുഭൂതിയുടെ ബീജങ്ങളെ അവഗണിച്ച് കൊണ്ടു അവള്‍ നടന്നു. റൂമില്‍ എത്തി തനിക്കേറെ ഇഷ്ടപെട്ട വോയ്നിചിന്റെ പുസ്തകത്തില്‍ നിന്നും അവള്‍ ഒരു കടലാസ് പുറത്തെടുത്തു. അവസാനത്തേത്. എന്ന് അയക്കണം. അവള്‍ അതില്‍ എഴുതിയിരുന്ന അക്ഷരങ്ങള്‍ വീണ്ടു വായിച്ചു.
" പ്രിയപ്പെട്ട കൂട്ടുകാരാ, ജീവിക്കാന്‍ ഓക്സിജന്‍ വേണം. എനിക്കും നിനക്കും. ആയതിനാല്‍ കത്തുകളെ കൊല്ലേണ്ടാതുണ്ട്. നിന്റെ കത്തുകളെ ഞാനും, എന്റെ കത്തുകളെ നീയും, അല്ലെങ്കില്‍ ഒരു പക്ഷെ നീയും നാളെ ഓക്സിജന്‍ ഇല്ലാതെ ......കൊന്നേക്ക് അവയെ...."
............................................................

വിരേചനം

അകത്തേക്കാള്‍ പുറമാണ് എപ്പോഴും അയാളെ ആകര്‍ഷിക്കാറുള്ളത്. ഇവിടെ ചില്ലിട്ട ഒരു ജനലിലൂടെ അയാള്‍ പുറത്തെ ദയവില്ലാത്ത വേനലിലേക്ക് നോക്കി നില്ക്കുകയാണ്‌. മീനമാസമാണ്. വെയിലിന്‍റെ തീഷ്ണത ചില്ലുജനല്‍ അതേ പടി ആഗിരണം ചെയ്യുന്നുണ്ട്. ഈ ജനലുള്ളതു കൊണ്ടാണ് താന്‍ ഇപ്പോഴും നിലനില്‍ക്കുന്നതെന്ന് അയാള്‍ക്ക്‌ തോന്നിയിട്ടുണ്ട്. ശാസ്ത്രീയമായ് വ്യാഖ്യാനിക്കാന്‍ ആകുന്ന ഭീതിദയമായ ആ അവസ്ഥയുടെ അറിവില്‍ പലപ്പോഴും അയാള്‍ ഭയപ്പെട്ടിട്ടുമുണ്ട്. അസാധാരണമായ വിധത്തില്‍ മയങ്ങി നില്ക്കുന്ന അനാകര്‍ഷകങ്ങളായ കണ്ണുകള്‍ അയാള്‍ തെരുവിലേക്ക് അലക്ഷ്യമായ് എറിഞ്ഞിട്ട് കുറച്ചു നേരമായ്. നിമിഷം പ്രതി വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരത്തിന്‍റെ ഒരറ്റത്താണ് ഈ തെരുവ്. അധികം സ്ഥാപനങ്ങള്‍ ഒന്നും ഇല്ലാത്ത ഒന്ന്. അതിനാല്‍ ആളുകളും വാഹനങ്ങളും ശബ്ദങ്ങളും സഹിക്കാവുന്നതെ ഉള്ളു. മുന്‍പിലെ കണ്ണാടി ജനാലയില്‍ കൂടി ശബ്ദം കടന്നു വരികയുമില്ല. കാണുന്ന അലോസരപ്പെടുത്തുന്നതും അല്ലാത്തതും ആയ ദൃശ്യങ്ങള്‍ക്ക് പിന്നണി കൊടുക്കുക എന്ന രസകരമായ വ്യായാമം. നിലനില്ക്കുന്നു എന്ന തോന്നല്‍ സ്വയം ഉണ്ടാക്കണമല്ലോ?

അല്‍പനേരം മുന്‍പ് ഒരു പട്ടി കുരച്ചുകൊണ്ട് മറ്റൊരു പട്ടിയെ ഓടിക്കുന്നത് , ജനലില്‍ കൂടി അയാള്‍ കണ്ടു. മുന്നേ ഓടുന്ന പട്ടിക്ക് അയാള്‍ പിന്നണി കൊടുത്തത് ഇങ്ങനെയാണ്. " എന്നെ രക്ഷിക്കു, ... എന്‍റെ മാനം  രക്ഷിക്കൂ... ആ നീചന്‍ എന്നെ ബലമായ്‌ പ്രാപിക്കാന്‍ ശ്രമിക്കുന്നു. നിങ്ങള്‍ക്കൊന്നും അമ്മപെങ്ങമ്മാരില്ലേ? ". തീര്‍ത്തും വൈകാരികമായ് അത്രയും പറഞ്ഞുകഴിഞ്ഞതും അയാള്‍ ചിരിക്കുവാന്‍ തുടങ്ങി. മുറിയില്‍ ആരുമില്ലെങ്കിലും പൊടുന്നനെ അയാള്‍ക്ക്‌ ചെറിയൊരു ലജ്ജയും തോന്നി.

ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് അയാളുടെ സെല്‍ ഫോണ്‍ ശബ്ദിച്ചിരുന്നു. അങ്ങേ തലക്കല്‍ അതേ പെണ്‍കുട്ടി. മനോഹരമായ ശബ്ദത്തില്‍ അവള്‍ പറഞ്ഞു. " താങ്കളുടെ പ്രശ്നങ്ങളെല്ലാം അവസാനിക്കുകയാണ്. അധികം വൈകാതെ തന്നെ ഞങ്ങളുടെ പ്രതിനിധി താങ്കളുടെ വാതില്ക്കലെത്തും. താങ്കള്‍ ദയവായ് ഫ്ലാറ്റില്‍ തന്നെ കാത്തിരിക്കുക."

ഫോണില്‍ സംസാരിക്കുമ്പോള്‍ തന്നെ അയാളുടെ മുഖം അന്യമായ ഏതൊ പ്രത്യാശയാല്‍ തിളങ്ങിയിരുന്നു. കസേരകളെല്ലാം ഒന്നുകൂടി ശരിയാക്കിയിട്ടുകൊണ്ട് അയാള്‍ അകത്തെ മുറിയില്‍ പോയി മദ്യവും ഗ്ലാസ്സുകളും സിഗറെറ്റും എല്ലാം എടുത്ത് കൊണ്ടുവന്നു. പരമാവധി വേഗത്തില്‍ ഫാന്‍ ഓണ്‍ ചെയ്ത്, അയാള്‍ ഒന്നൊഴികെ എല്ലാ ജനലുകളും തുറന്നിട്ടു. ജനലുകള്‍ തുറക്കുന്നത് അയാള്‍ക്ക്‌ ഇഷ്ടമുള്ള കാര്യമല്ല. അയാള്‍ ശബ്ദങ്ങളെ വെറുത്തിരുന്നു. പക്ഷേ, വരാന്‍ പോകുന്ന പ്രിയപ്പെട്ട ആള്‍ക്ക് അയാളുടെ മാനസികാവസ്ഥ ആവണം എന്നില്ലല്ലോ?

 അയാള്‍ കുപ്പി തുറന്ന് ലേശം പകര്‍ത്തി വെള്ളമൊഴിച്ച് പതുക്കെ കഴിച്ചു. ഒരു പുകയെടുത്തു. മേശമേല്‍ കിടന്നിരുന്ന ആഴ്ചപ്പതിപ്പ് മറിച്ചു നോക്കി. മടുത്തപ്പോള്‍ , അക്ഷരങ്ങളുടെ പക്ഷികളെ വെടിഞ്ഞ്, കണ്ണുകളിലെ ആകാശത്തെ തേടി ജനലരുകിലേക്ക് നീങ്ങി. തെരുവില്‍ കുറെ കൊച്ചു പെണ്‍കുട്ടികള്‍. അടുത്തുള്ള residents കോളനിയിലെ പേരറിഞ്ഞുകൂടാത്ത കുട്ടികള്‍. ബസ്സ്‌ സ്റ്റോപ്പ്‌ എന്ന ബോര്‍ഡ്‌ തൂക്കിയിട്ടിരുന്ന തണല്‍മരത്തിനു ചുവട്ടില്‍ അവര്‍ ഓടിക്കളിക്കുന്നു. ഒച്ചയെടുക്കുന്നു. ആ കൊച്ചു നൈര്‍മല്യങ്ങളോട് അയാള്‍ക്കെന്നും അങ്ങേയറ്റത്തെ കൗതുകം ആയിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്, ഒരു വൈകുനേരം, ഇതേ തെരുവില്‍, യാഥാര്‍ത്ഥ്യത്തെ പ്രശ്നവല്‍ക്കരിച്ചു കൊണ്ട് തന്‍റെ സാന്നിധ്യത്തെ തിരിച്ചറിയാന്‍ ശ്രമിച്ചുകൊണ്ടിരുന്ന അയാളുടെ കണ്മുന്നില്‍ വച്ച്, ഇത്തരത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടിയുടെ നിര്‍മ്മലമായ പുഞ്ചിരിക്കു മുകളിലൂടെ ഒരു കാറിന്‍റെ ചക്രങ്ങള്‍ കയറിയിറങ്ങിയിരുന്നു. ആ ദൃശ്യത്തിന് അനുയോജ്യമായ ഒരു ശബ്ദം കൊടുക്കാനാകാതെ അയാള്‍ സ്തംഭിച്ചു നിന്നു. അശ്ലീലമാക്കപ്പെട്ട ആ പുഞ്ചിരി അയാളെ പിന്നീട് ഏറെക്കാലം അസ്വസ്ഥനാക്കിയിരുന്നു. ആ ദൃശ്യം സ്വയം ഓര്‍മ്മയില്‍ കടന്നു വരുമ്പോഴെല്ലാം, കാറ്റിലുലഞ്ഞു ചിതറിപ്പോയ തന്‍റെ നെല്‍ച്ചെടിയെ ഓര്‍ത്ത് ഒരു കര്‍ഷകന്‍ വിഷാദിക്കുന്നത് പോലെ അല്പമാത്രമായ ഒന്നേ ഇപ്പോള്‍ അയാള്‍ക്ക്‌ തോന്നാറുള്ളൂ .

അന്നേരം അറിയിപ്പുമണി മുഴങ്ങി. അയാള്‍ ഓടിച്ചെന്ന് വാതില്‍ തുറന്നു. കറുത്ത പാന്‍റ്സും ഇളം നീല ഷര്‍ട്ടും ധരിച്ച്, ടൈ അണിഞ്ഞ ഒരു ചെറുപ്പക്കാരന്‍. കയ്യില്‍ ഏതാനും ഫയലുകള്‍. നിലത്ത് ഒരു വലിയ suitcase .

" ഗുഡ് മോര്‍ണിംഗ്  സര്‍, എന്‍റെ പേര് രഞ്ജിത്ത്. ഞാന്‍ വരുമെന്ന് താങ്കളെ അറിയിച്ചിരുന്നു. "

അയാള്‍ ചിരിച്ചുകൊണ്ട് ആഗതനെ മുറിക്കുള്ളിലേക്ക് ക്ഷണിച്ചു. suitcase  താങ്ങിയെടുക്കുന്നതിനിടെ രഞ്ജിത്ത് ചോദിച്ചു.

" സാര്‍ കാത്തിരുന്നു മുഷിഞ്ഞോ? "

" ഇല്ല"

അയാള്‍ ചിരിച്ചുകൊണ്ട് തന്നെ ഇരിക്കാന്‍ ആംഗ്യം കാട്ടി. ചുവന്ന വെല്‍വെറ്റ് കൊണ്ട് ഭംഗി കൂട്ടിയ കുഷ്യനില്‍ ചെറുപ്പക്കാരന്‍ ഇരുന്നു. മെലിഞ്ഞു സുമുഖനായ രഞ്ജിത്ത് അയാളെയും മുറി ഒട്ടാകെയും നോക്കി ഹൃദ്യമായ് ചിരിച്ചു. ' മദ്യം കഴിക്കൂ' എന്ന ആതിഥേയന്‍റെ ക്ഷണം നിരസിച്ചുകൊണ്ട് , രഞ്ജിത്ത് തന്‍റെ കയ്യിലിരുന്ന ഒരു ഫയല്‍ തുറന്നു കാണിച്ചു.

" താങ്കളുടെ ലാബ്‌ റിസള്‍ട്ട്‌ ആണിത്. ശ്രദ്ധിച്ചു നോക്കൂ. proceedures  എല്ലാം തന്നെ താങ്കള്‍ വ്യക്തമായ് മനസ്സിലാക്കണം എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും എല്ലാം ഉത്തരം പറയാന്‍ ഞാന്‍ ഒരുക്കവുമാണ്. "

അയാള്‍ ഫയല്‍ തുറന്നു നോക്കി. ആദ്യപേജില്‍ കമ്പനിയുടെ പേര്. തനിക്കു അപരിചിതമായ ഏതോ ഭാഷയില്‍. അലസനായ് ഇരിക്കുന്ന കഴുകനും, ആകാശത്തെ ഏതോ ബിന്ദുവില്‍ നിന്നും ആരംഭിക്കുന്ന പ്രകാശരേണുക്കളും ചേര്‍ന്ന മുദ്ര. താഴെ ലോകഭാഷയില്‍ കമ്പനിയുടെ പേര്. തുടങ്ങിയ  വര്‍ഷം. ഉപശീര്‍ഷകങ്ങള്‍ . അടുത്ത പേജില്‍ കമ്പനി CEO യുടെ കുറിപ്പ്. ചുവന്ന മുഖം. പേരില്‍ ഒരു Balkan  ചുവ. തുടര്‍ന്ന് കമ്പനിയുടെ ഇന്ത്യന്‍ അധികാരിയുടെ കുറിപ്പ്. അതിനടുത്ത പേജില്‍ റീത്ത ബ്രൌണ്‍ ന്‍റെ പ്രശസ്തമായ ഒരു വാചകം , അതിനു ചേര്‍ന്ന എല്ലാവിധ ഭയഭക്തി ബഹുമാനത്തോടെയും അച്ചടിച്ച്‌ വച്ചിരിക്കുന്നു.

" The most Important key of happiness is Bad Memory. "

തുടര്‍ന്ന് തന്‍റെ വ്യക്തിഗത വിവരങ്ങള്‍. പേരും ലിംഗവും ജാതിയും മതവും വിദ്യാഭ്യാസ യോഗ്യതകളും ജോലിപരിചയവും ഫോട്ടോയും എല്ലാം. തുടര്‍ന്ന് തന്‍റെ രോഗത്തിന്‍റെ വിവരണം. അസാധാരണമായ ഉന്മേഷക്കുറവു, വിശപ്പില്ലായ്മ, തീവ്രമായ ദാഹം , കാരണങ്ങളില്ലാത്ത ശരീരവേദനകള്‍, ഉറക്കമില്ലായ്മ, അപ്രതീക്ഷിതമായ് വന്നു ഭവിക്കുന്ന സ്വഭാവ വൈചിത്ര്യങ്ങള്‍ , പുരുഷന്മാരില്‍ കാണുക വിരളമായ ലൈംഗീക ആസക്തി കുറവ്, ഏതിനം ലഹരിയോടും അമിതമായ ആവേശം, കേള്‍വി ശക്തിക്ക് ചെറിയ തകരാറ്.

അടുത്ത പേജില്‍ രോഗിയുടെ ജീവിത സാഹചര്യങ്ങളെ പറ്റിയും സാമൂഹിക ജീവിതത്തെയും പറ്റിയുള്ള വിവരണം. സിനിമ. സാഹിത്യം. പരാജയപ്പെട്ട എഴുത്തുകാരന്‍. എവിടെയം പുച്ചിക്കപ്പെടുന്ന സംഘടനാ പ്രവര്‍ത്തകന്‍. തര്‍ക്കിച്ചു ജയിക്കാനുള്ള പ്രാപ്തിക്കുറവ്.  യാഥാര്‍ത്ഥ്യങ്ങളെയും സ്വപ്നങ്ങളെയും വേര്‍തിരിച്ചറിയാനുള്ള ശേഷിക്കുറവ്. സമൂഹത്തെ മൊത്തത്തില്‍ ബാധിക്കുന്ന പ്രശ്നങ്ങളില്‍ നിന്നും , 'ഞാന്‍ ഒന്നും അറിഞ്ഞില്ലേ' എന്ന മട്ടില്‍ വഴുതിപ്പോകുന്ന സ്വഭാവം. സാമൂഹികമായ യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത ജീവിതം. നിലനില്ക്കുന്ന എല്ലാത്തിനേയും നിഷേധിക്കുന്ന പ്രകൃതം. നിരാശപ്പെടുത്തിയ ഒന്നിനെ നന്നാക്കാന്‍ മുന്നിട്ടിരങ്ങായ്ക. ഏതോ ഒന്നിനാല്‍ ബാധിക്കപ്പെടത് പോലെയുള്ള സ്വയം കരുതല്‍ . പൂര്‍ണ്ണമായ ഏതോ ഒന്നിന് വേണ്ടി അനന്തമായുള്ള കാത്തിരിപ്പ്‌. എന്തോ അനിയന്ത്രിതമായ ചില ഭയങ്ങള്‍. താന്‍ നിലനില്‍ക്കുന്നുണ്ടോ എന്ന തീവ്രമായ സംശയം.

ശേഷം പേജുകളില്‍ ടെസ്റ്റിന്‍റെ വിവരണങ്ങള്‍ ആയിരുന്നു. മെഡിക്കല്‍ ഭാഷയില്‍ എഴുതിയ കുറെ കാര്യങ്ങള്‍. ECG , X ray , Scanning  റിസല്‍ട്ടുകളും രക്ത - കഫ - മല- മൂത്ര വിശകലനങ്ങളും . ഒരു പേജില്‍ നേരുകെ പിളര്‍ന്ന ഒരു തലച്ചോറിന്‍റെ ചിത്രം. zoology  പുസ്തകത്തിലേതു പോലെ ഭാഗങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു. അടുത്ത പേജില്‍ വീണ്ടും ആ തലച്ചോര്‍ ചിത്രം. ഇക്കുറി അതില്‍ ചില പോയിന്‍റുകള്‍ അടയാളപ്പെടുത്തിയിരിക്കുന്നു. നൂറു കണക്കിന് വരുന്ന ചുവന്ന ബിന്ദുക്കള്‍. ഒരിടത് ടെസ്റ്റ്‌ നടത്തിയ ഡോക്ടറുടെ കയ്യൊപ്പ് ഉണ്ട്. അടിയില്‍ ചുവന്ന മഷിയില്‍ extreme  എന്നൊരു വാക്കും.

അയാള്‍ക്ക്‌ ലാബ്‌ ടെസ്റ്റ്‌ നടന്ന ദിവസം ഓര്‍മ്മ വന്നു. രാവിലെ 8 മണിയോടെ, അതേ വശ്യമായ ശബ്ദമുള്ള പെണ്‍കുട്ടി വിളിച്ചു. നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള അവരുടെ അള്‍ട്രാ മോഡേണ്‍ ലാബില്‍ ഉച്ചയോടെ എത്തിച്ചേരണം എന്നായിരുന്നു നിര്‍ദ്ദേശം. മാന്യമായ് പെരുമാറുന്ന ആളുകള്‍ ഉണ്ടായിരുന്ന ആ തണുപ്പ് നിറഞ്ഞ കെട്ടിടം , നഗരത്തിന്‍റെ ഊഷരമായ അന്തരീക്ഷത്തില്‍ ഒരു ദ്വീപു പോലെ തോന്നിച്ചു. റിസപ്ഷനില്‍ ടെസ്റ്റിനുള്ള പണം നല്‍കിയതിനു ശേഷം അയാള്‍ അകത്തേക്ക് കടന്നു. താന്‍ ഒരു സ്കൈനെറ്റില്‍ പ്രവേശിച്ചതു പോലെയാണ് അയാള്‍ക്ക്‌ തോന്നിയത്. പരസ്പരം പതുക്കെ സംസാരിച്ച് ഉറക്കെ ചിരിക്കുന്ന മനുഷ്യരും , ഒട്ടും ആയാസമില്ലാതെ , അമര്‍ഷത്തിന്‍റെ  യാതൊരു സ്വരവും കേള്‍പ്പിക്കാതെ പണിയെടുക്കുന്ന യന്ത്രകൈകളും. അങ്ങേയറ്റത്തുള്ള മാന്യതയോടെ അവര്‍ പെരുമാറി. തിരിച്ചു അയാളും. ഫിസിക്കല്‍ ടെസ്റ്റുകള്‍ക്ക് ശേഷം അയാളുടെ ശരീരത്തിലെ വിവിധതരം മാലിന്യങ്ങളെയും ഒഴുകുന്ന രക്തത്തിന്‍റെ ശുദ്ധിയും അവര്‍ പരിശോധനാ വിധേയമാക്കി. അതിനു ശേഷമാണ് അയാള്‍ക്ക്‌ ഏറ്റവും രസകരമായ് തോന്നിയ പരിശോധന നടന്നത്. നനുത്ത ഒരു കസേരയില്‍ അയാളോട് ഇരിക്കാന്‍ നിര്‍ദേശിച്ചു ഒരുവന്‍. അപരന്‍ ശിരസ്സില്‍ ഹെല്‍മെറ്റ്‌ പോലെ എന്തോ ഒന്ന് ധരിപ്പിക്കുകയും ചെയ്തു. ചെന്നിയിലും ഹൃദയത്തിന്‍റെ ഭാഗത്തും നട്ടെല്ലിന്‍റെ ഭാഗത്തും നാഡികളിലും കാല്‍മുട്ടുകളിലും എന്തോ ചില വയറുകളും ഘടിപ്പിച്ചു. തനിക്കു ഭ്രാന്താണെന്ന് കരുതി ഇവര്‍ തന്നെ ഷോക്കടിപ്പിക്കുവാന്‍ പോകുന്നുവോ എന്നയാള്‍ ഒരു നിമിഷം പേടിച്ചു. അത് മനസ്സിലാക്കിയിട്ടെന്നവണ്ണം അതിനെല്ലാം നേതൃത്വം കൊടുത്ത ഡോക്ടര്‍ പറഞ്ഞു.

" പേടിക്കണ്ട.. ഇതു ഞങ്ങളുടേത് മാത്രമായ നൂതനമായ ഒരു പരിശോധനാ മാര്‍ഗ്ഗമാണ്. താങ്കളുടെ ശരീരത്തിന് ഇതു മൂലം യാതൊരു അസൌകര്യവും ഉണ്ടാകില്ല. തീര്‍ച്ച..."

" ഞാന്‍ എന്ത് ചെയ്യണം..?"

" പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. ഒന്നും ചെയ്യാനില്ലാത്ത സമയം എങ്ങനെയാണോ അതിജീവിക്കുന്നത് , അത് പോലെ പ്രവര്‍ത്തിക്കാം. ചിന്തിക്കാം, സ്വപ്നം കാണാം , പാട്ട് പാടാം, സംസാരിക്കാം . ഉറങ്ങരുത് എന്ന് മാത്രം..."

അയാള്‍ കുറച്ചു നേരം ഡോക്ടര്‍ പറഞ്ഞതിനെ പറ്റി ആലോചിച്ചു. വൈകാതെ തന്നെ ചിന്തകള്‍ അതില്‍ നിന്നും തെന്നി മാറുകയും ചെയ്തു.

ഏതാനും മണിക്കൂറുകള്‍ക്കു ശേഷമാണ് അയാള്‍ക്ക്‌ ശീതീകരണിയുടെ സുഖകരമായ തണുപ്പ് വിട്ടു തിരിച്ചു പോരണം എന്ന് തോന്നിത്തുടങ്ങിയത്. പരിശോധനാ കസേര വിട്ടെഴുനെല്‍ക്കുമ്പോള്‍ , തന്‍റെ പരിശോധകര്‍ എല്ലാവരും തന്നെ ഒരു കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നോക്കി നില്‍ക്കുന്നത് കണ്ടു. അനുഭവഞ്ഞരായ ഡോക്ടര്‍മാര്‍ കൈവിരലുകള്‍ ചുണ്ടോടു ചേര്‍ത്ത് ഗഹനമായ്‌ ചിന്തിക്കുന്നതായും. അയാളും കൌതുകതോടെ സ്ക്രീനില്‍ നോക്കി. ഒരു തലച്ചോറിന്‍റെ ചിത്രം. അതില്‍ അവിടവിടെയായ് നൂറു കണക്കിന് ചുവന്ന പൊട്ടുകള്‍. പുറത്തിറങ്ങാന്‍ നേരം ഡോക്ടര്‍ പറഞ്ഞു.

"എല്ലാം ശരിയാകും. ഞങ്ങള്‍ അതുറപ്പു തരുന്നു. അധികം വൈകാതെ തന്നെ ഞങ്ങള്‍ താങ്കളെ തേടിയെത്തും. .."

ഊഷ്മളമായ് എത്രയും പറഞ്ഞു, ഒരു സംരക്ഷകനെ പോലെ ഡോക്ടര്‍ തന്‍റെ കൈ പിടിച്ചു കുലുക്കിയപ്പോള്‍ , അയാള്‍ക്ക്‌ എന്തെന്നില്ലാത്ത ഒരു ലഘുത്വം അനുഭവപ്പെട്ടു.

അതേ. തീര്‍ച്ചയായും താന്‍ അന്ന് കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കണ്ട ചിത്രം തന്നെയാണിത്.  അയാള്‍ കയ്യിലിരുന്ന താളിലേക്ക് വീണ്ടും നോക്കി. ഒരു തലച്ചോര്‍. നൂറു കണക്കിന് ചുവന്ന പൊട്ടുകള്‍.


ചെറുപ്പക്കാരന്‍റെ ശ്രദ്ധ അയാള്‍ വീണ്ടും മദ്യത്തിലേക്ക് ക്ഷണിച്ചു. രഞ്ജിത്ത് പറഞ്ഞു.

" ഞാന്‍ കഴിക്കില്ല സര്‍, പുകവലിയും ഇല്ല. എന്നാല്‍ ഇതിനോടൊന്നും എനിക്ക് യാതൊരു വെറുപ്പും ഇല്ല. മനുഷ്യന്റെ വേദനകളെ ശമിപ്പിക്കാന്‍ ഉതകുന്ന എന്തിനേയും അംഗീകരിക്കാന്‍ എന്റെ ട്രെയിനിംഗ് എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഞാന്‍ ഒരുപാട് അകലം സൂക്ഷിക്കുന്നില്ല. അതിനാല്‍ താങ്കള്‍ ഓഫര്‍ ചെയ്ത ഗ്ലാസില്‍ ഞാന്‍ അല്പം തണുത്ത  വെള്ളം കുടിക്കാന്‍ പോകുന്നു. "

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പുണ്ടായിരുന്ന ഒരു ചൂടുള്ള മദ്ധ്യാഹ്നം. പതിവിലും ഏറെ വിഷാദവാനായിരുന്നു അന്ന്.4  പെഗ്ഗുകളുടെയും ഏതാനും സിഗരെട്ടുകളുടെയും താരാട്ടില്‍ മയങ്ങാന്‍ തുടങ്ങുമ്പോഴാണ്, വര്‍ത്തമാന പത്രത്തിന്‍റെ അവസാനപേജില്‍ ഉണ്ടായിരുന്ന ഒരു പരസ്യം ശ്രദ്ധിച്ചത്. ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ പേരിലുള്ള പരസ്യം.

" ശല്യപ്പെടുത്തുന്ന ഓര്‍മ്മകളില്‍ നിന്നും , മുന്നോട്ടുള്ള ജീവിതത്തിനു വിലങ്ങുതടിയാകുന്ന നൈരാശ്യങ്ങളില്‍ നിന്നും മോചനം. "

അല്പനേരം അയാള്‍ അതിനെ പറ്റി ആലോചിച്ചു. ശേഷം അതില്‍ പറഞ്ഞിരുന്ന നമ്പറിലേക്ക് വിളിച്ചു.

മനോഹരമായ് സംസാരിക്കുന്ന ഒരു പെണ്‍കുട്ടിയായിരുന്നു ഫോണ്‍ എടുത്തത്‌. ഇംഗ്ലീഷിലും മലയാളത്തിലും അവള്‍ അനായാസേന സംസാരിച്ചു. ശബ്ദത്തോട്‌ പ്രണയം തോന്നിത്തുടങ്ങിയതോടെ അയാള്‍ പരസ്യത്തെ പറ്റി അന്വേഷിച്ചു. അവള്‍ പറഞ്ഞ മറുപടി അയാളെ കീഴ്പെടുത്താന്‍ തക്ക കരുത്ത് ഉള്ളതായിരുന്നു. കമ്പനിയേയും അതിന്‍റെ ഉല്‍പ്പന്നങ്ങളെയും പറ്റി വളരെ ലഘുവായ്‌ എന്നാല്‍ വ്യക്തമായ് ആ പെണ്‍കുട്ടി പറഞ്ഞു തന്നു. ഒടുക്കം ഇങ്ങനെയാണ് അവള്‍ സംസാരം അവസാനിപ്പിച്ചത്.

" ഈ ലോകത്ത് എന്തിനേക്കാളും മീതെയാണ് മനുഷ്യമനസ്സിന്‍റെ  സമാധാനം എന്ന് ഞങ്ങളുടെ ട്രെയിനിംഗ് ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. "

ഗ്ലാസ്‌ താഴെ വച്ചുകൊണ്ട് രഞ്ജിത്ത് ചോദിച്ചു.

" സാറിന് എന്താണ് അറിയേണ്ടത്..?"

ഒരു പെഗ്ഗ് കൂടി പകര്‍ത്തുന്നതിനിടയില്‍ അയാള്‍ പറഞ്ഞു.

"എല്ലാം"

ഏതാനും നിമിഷങ്ങളുടെ നിശബ്ധതക്കു ശേഷം രഞ്ജിത്ത് പറയാന്‍ തുടങ്ങി.

" ആ ഫയലില്‍ കാണുന്ന കാര്യങ്ങള്‍ തന്നെ. യൂറോപ്പിലും ഏഷ്യയിലും അമേരിക്കകളിലും ആയ് 32  രാജ്യങ്ങളില്‍ പടര്‍ന്നു കിടക്കുന്ന ഒരു കമ്പനിയുടെ പ്രതിനിധിയാണ് ഞാന്‍. Established  in  1942 . കാഫ്കയുടെ നാടായ പ്രാഗില്‍ ആണ് ഞങ്ങളുടെയും ജനനം. വിശപ്പടങ്ങിയ കഴുകന്‍ ആയിരുന്നു ഞങ്ങളുടെ ലോഗോ. രണ്ടാം ലോകമഹായുദ്ധ കാലത്ത് സഖ്യസേനയിലെ പട്ടാളക്കാര്‍ക്കും മുറിവേറ്റ സാധാരണ ജനങ്ങള്‍ക്കും ചികിത്സാസൗകര്യം ഒരുക്കിക്കൊണ്ടാണ് ഞങ്ങള്‍ ഞങ്ങളുടെ ബാല്യം ചിലവഴിച്ചത്. യുദ്ധമെല്ലാം അവസാനിച്ച് യൂറോപ്പ് ശിഥിലമായ കാലത്ത് ഞങ്ങള്‍ പ്രാഗില്‍ ഞങ്ങളുടെ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ചു. പലതരം വേദനകള്‍ക്കായുള്ള മരുന്നുകള്‍ ആയിരുന്നു ഞങ്ങളുടെ ഉത്പന്നങ്ങള്‍. കടുത്ത തലവേദനക്കും  പുറം വേദനക്കും മറ്റുമായ് ഞങ്ങള്‍ ഉണ്ടാക്കിയ മരുന്നുകള്‍ ഞങ്ങള്‍ക്ക് വടക്കന്‍ യൂറോപ്പിലും പടിഞ്ഞാറന്‍ യൂറോപ്പിലും ശാഖകള്‍ തുടങ്ങാന്‍ സഹായകമായ്. പിന്നീട് വന്ന ശീതസമരത്തിന്‍റെ നാളുകളില്‍, പ്രാഗ് വസന്തത്തിന്റെയും operation ഡാന്യുബിന്റെയും പുതു കോളനിവാഴ്ച്ചകളുടെയും നാളുകളില്‍, ജൈവ-രാസായുധങ്ങളെ പറ്റി നീണ്ട ചര്‍ച്ചകള്‍ നടക്കുന്ന കാലത്ത്, ഞങ്ങള്‍ അതുമൂലം ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങളെ ചെറുക്കുന്ന മരുന്നുകള്‍ക്കായുള്ള ഗവേഷണത്തിലേക്കും തിരിഞ്ഞു..."


" കൊള്ളാം, സംസ്കാരങ്ങള്‍ ചീഞ്ഞു നിങ്ങള്‍ക്ക് വളമായ്. അല്ലെ? "


" നിഷേധിക്കുന്നില്ല സര്‍, പക്ഷെ അധിനിവേശങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന , പരസ്പരം തമ്മിലടിക്കുന്ന ആത്മബോധം നഷ്ടപ്പെട്ട ഒരു ജനത ബാള്‍ക്കന്‍ ഉള്‍ക്കൊണ്ടിരുന്നു. എന്തിലും ഇതിലും ഒപ്പിച്ചു പോവുക എന്നതാണ് ബാള്‍ക്കന്‍ ജനതയുടെ നിയോഗം.."


അയാള്‍ നിഷേധിച്ചില്ല.


" 32  ല്‍ 12 രാജ്യങ്ങളിലും ഞങ്ങളുടെ ഗവേഷണസ്ഥാപനങ്ങള്‍ എന്ന് പ്രവര്‍ത്തിക്കുന്നു. ഇതില്‍ 8 രാജ്യങ്ങളിലായ് 13  യുനിവേഴ്സിറ്റികളില്‍ ഞങ്ങള്‍ക്ക് ഫാക്കല്‍റ്റിയും ഉണ്ട്. പുതിയ ഇനം മരുന്നുകളുടെ ഉത്പാദനം ഞങ്ങളെ  ലോകത്തിന്‍റെ മുന്‍നിരയിലെത്തിച്ചു. ഞങ്ങള്‍ ഏഷ്യാപസഫിക്കിലും അമേരിക്കകളിലും പശ്ചിമേഷ്യയിലും എല്ലാം ശാഖകള്‍ തുടങ്ങി. എണ്‍പതുകളുടെ ഒടുക്കം പ്ലാസ്റ്റിക്‌ മനുഷ്യരുടെ പാട്ടുകളില്‍ ബാള്‍ക്കന്‍ ജനത തങ്ങളുടെ സ്വത്വം തിരിച്ചറിഞ്ഞ കാലത്ത്, വംശീയ കലാപങ്ങള്‍ മൂര്‍ധന്ന്യത്തിലെത്തിയ കാലത്ത്, കിഴക്കന്‍ യൂറോപ്പിനെ പിടിച്ചു കുലുക്കിയ രാക്ഷ്ട്ര- സംസ്കാര- മാനവികതാ ശിതിലീകരണത്തിന്റെ നാളുകളില്‍ , ഞങ്ങള്‍ ഞങ്ങളുടെ ആഗോള ആസ്ഥാനം ദുബായ് ലേക്ക് മാറ്റി. അക്കാലത്ത് തന്നെയാണ് പെഴ്സണല്‍ കംപ്യുട്ടറുകളുടെ ആവിര്‍ഭാവവും. മാറി വരുന്ന ലോക സാഹചര്യവും മനുഷ്യനിര്‍മ്മിത ബുദ്ധിയുടെ അനന്തസാധ്യതകളും കണക്കിലെടുത്ത് ഞങ്ങള്‍ കുറെ പണം കമ്പ്യൂട്ടര്‍ ഗവേഷണങ്ങള്‍ക്കായ് ചിലവഴിച്ചു. അങ്ങനെ തീര്‍ത്തും ആധുനികമായ തെറ്റുപറ്റാത്ത മെഡിക്കല്‍ ഉപകരണങ്ങള്‍ ഞങ്ങള്‍ കണ്ടെത്തി. ലോകമെമ്പാടും എന്ന് ഞങ്ങളുടെ ഉത്പന്നങ്ങള്‍ അടിയന്തിരശസ്ത്രക്രിയാമുറികളെ  അലങ്കരിക്കുന്നു. ഏറെക്കുറെ എല്ലാവിധ രോഗങ്ങള്‍ക്കും ഞങ്ങള്‍ ഇന്നു മരുന്നുകള്‍ ഉണ്ടാക്കുന്നു. ഏതു രോഗവും കണ്ടുപിടിക്കാന്‍ ഉതകുന്ന നൂതന സാമഗ്രികള്‍ ഉണ്ടാക്കുന്നു. അള്‍ട്രാ scientific  എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ശസ്ത്രക്രിയാമുറകള്‍ കണ്ടു പിടിക്കുന്നു. "


അയാള്‍ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു. ഒന്ന് നിര്‍ത്തിയ ശേഷം രഞ്ജിത്ത് തുടര്‍ന്നു.


" പക്ഷേ , ചിലപ്പോഴെല്ലാം അതിദയനീയമായ് ഞങ്ങളുടെ മരുന്നുകള്‍ പരാജയപ്പെട്ടു. റഷ്യയില്‍ ... ചൈനയില്‍...പ്രാഗില്‍.... അപ്രതീക്ഷിതമായ് പലയിടങ്ങളിലും ഞങ്ങള്‍ പരാജയപ്പെട്ടു.  "


അയാള്‍ ആകാഷയോടെ കണ്ണുകള്‍ ഉയര്‍ത്തുമ്പോള്‍ ചെറുപ്പക്കാരന്‍ വീണ്ടും ഗ്ലാസ്സിലേക്കു വെള്ളം പകര്‍ത്തുകയായിരുന്നു.


" ശരീരത്തിന്‍റെ വേദനകളെ നശിപ്പിക്കാന്‍ ആയിരുന്നു ഞങ്ങളുടെ മരുന്നുകള്‍. വേദനകള്‍ എല്ലാം തന്നെ ശരീരികമാണെന്ന് ഞങ്ങള്‍ കരുതി. മാനസികം എന്നു പറയുന്ന എല്ലാ തരം വേദനകളും ദുര്‍ബലമായ ശരീരത്തോടുള്ള പുച്ഛം കൊണ്ടാണ് ഉണ്ടാകുന്നതെന്ന് ഞങ്ങള്‍ കരുതി. അത് തെറ്റാണെന്ന് ബോധ്യപ്പെടാന്‍ 90 കള്‍ തുടങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വന്നു. റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍ ജീവിച്ചിരുന്ന ഒരു ഇറച്ചിവില്പനക്കാരനില്‍ കൂടിയാണ് അത് വെളിവായത്.  അയാള്‍ക്ക്‌ അസഹനീയമായ തലവേദനയും , അസാധാരണമായ ഉന്മേഷക്കുറവും മറ്റു ചെറിയ ചെറിയ അസ്വസ്ഥതകളും. ദുര്‍ബലനായ ആ മനുഷ്യന് മുന്നില്‍ ഞങ്ങളുടെ മരുന്നുകളെല്ലാം അമ്പേ പരാജയപ്പെട്ടു. എണ്‍പതുകളില്‍ തന്നെ ഞങ്ങള്‍ പുറത്തിറക്കിയിരുന്ന , മയക്കുമരുന്നിന്‍റെ അംശം ഉണ്ടെന്നുള്ള കാരണത്താല്‍ പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ടിരുന്ന , വിഷാദരോഗത്തിനുള്ള മരുന്നുകള്‍ക്ക് വരെ അയാളില്‍ യാതൊരു മാറ്റവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. മരുന്ന് ഉപയോഗിച്ചാല്‍ ഏതാനും മണിക്കൂറുകള്‍ ഉറക്കം. ഉറക്കം കഴിഞ്ഞാല്‍ വീണ്ടും പഴയത് പോലെ തന്നെ. ഞങ്ങളുടെ ഗവേഷകര്‍ക്ക്‌ ഊണും ഉറക്കവും നഷ്ടപ്പെട്ടു. ലാബുകളില്‍ രാവുകളും പകലുകളും തമ്മില്‍ വിവേചിച്ചറിയുക ദുഷ്ക്കരമായ്. പതിയെ പതിയെ ഞങ്ങളുടെ ഗവേഷകരിലും അതെ ഉത്സാഹക്കുറവു കാണുന്നതായ് ഞങ്ങള്‍ മനസ്സിലാക്കി. തോല്‍വി സമ്മതിക്കാന്‍ തുടങ്ങുമ്പോഴാണ് ബെയ്ജിംഗ് ലെ ഞങ്ങളുടെ ഓഫീസില്‍ നിന്ന് ഇത്തരത്തില്‍ അസുഖം ബാധിച്ച ഒരാളെ പറ്റിയുള്ള റിപ്പോര്‍ട്ട്‌ കിട്ടുന്നത്. രോഗിയുടെ സ്വഭാവവും രോഗലക്ഷണങ്ങളും എല്ലാം നൂറു ശതമാനം ശരി. അധികം വൈകിയില്ല, പ്രാഗിലെ ഞങ്ങളുടെ പഴയ കേന്ദ്ര ഓഫീസില്‍ ഏതാനും ആഴ്ചകള്‍ക്കകം ഇത്തരത്തില്‍ നൂറു കണക്കിന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഹങ്കറിയിലും സെര്‍ബിയിലും റൊമാനിയയിലും ജോര്‍ജിയയിലും റഷ്യയിലും ചൈനയിലും വിയറ്റ്നാമിലും അമേരിക്കയിലും ചിലിയിലും ഒക്കെയായ് ലക്ഷക്കണക്കിന്‌ ആളുകള്‍ക്ക് ഈ രോഗലക്ഷണങ്ങള്‍ ഉണ്ടെന്നു മനസിലാക്കിയതോടെ , ഞങ്ങള്‍ അങ്ങേയറ്റം നിരാശാഭരിതരായ്. ഞങ്ങള്‍ക്ക് ഞങ്ങളോട് താനേ പുച്ഛം തോന്നിത്തുടങ്ങിയ അക്കാലത്ത്, ഞങ്ങളുടെ കമ്പനിയുടെ ബുക്കരെസ്റ്റ് ശാഖയില്‍, മരുന്ന് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കാനുള്ള ജോലിക്ക് ഒരു ജിപ്സിപ്പയ്യനെത്തി. റൊമാനികള്‍ക്കായുള്ള സംവരണത്തിന്‍റെ  ചിറകിലേറി ഞങ്ങളോട് ചേര്‍ന്ന , എല്ലായ്പ്പോഴും സന്തുഷ്ടനായ്‌ കാണപ്പെട്ട, നന്നായി ഫിഡില്‍ വായിക്കുമായിരുന്ന , ആ ചുവന്നു മെലിഞ്ഞ യുവാവ് റിപ്പോര്‍ട്ടുകള്‍ എല്ലാം തന്നെ വിശദമായ്  പഠിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ എല്ലാവര്‍ക്കും തന്നെ സംഭവബഹുലമായ ഒരു സാമൂഹികജീവിതം ഉണ്ടായിരുന്നുവെന്നും, രക്ഷ്ട്രീയപരമായ അതിവൈകാരികത ഉള്‍ക്കൊള്ളുന്നവര്‍ ആണെന്നും, നിലനില്‍ക്കുന്ന വ്യവസ്ഥിതിയുടെ ജീര്‍ണതയിലേക്കുള്ള പോക്കില്‍ അങ്ങേയറ്റം നിരാശാഭരിതര്‍ ആണെന്നും അദ്ദേഹം കണ്ടെത്തി. അതൊരു തിരിച്ചറിവായിരുന്നു. നടുക്കുന്ന ഒരു റെവലേഷന്‍. ഗ്ലോബല്‍ സംസ്കാരത്തിന്‍റെ ഭാഗമായ് മതങ്ങളുടെയും ദൈവങ്ങളുടെയും പിന്തുണ ഉപേക്ഷിച്ചിരുന്ന ഞങ്ങള്‍ വീണ്ടും അവരുമായ് കൈ കോര്‍ത്തു. രോഗികളുടെ എണ്ണം കൂടുതല്‍ ഉണ്ടായിരുന്നിടത്തെല്ലാം ഞങ്ങള്‍ മതസംഘടനകളുടെ സഹായത്തോടെ ആശുപത്രികള്‍ സ്ഥാപിച്ചു. മുരുന്നുകള്‍ക്ക് പുറമെ, രോഗികള്‍ക്ക് ഞങ്ങളുടെ സേവകര്‍ പാട്ടുപാടിക്കൊടുത്തു. പ്രാര്‍ത്ഥന ചൊല്ലിക്കൊടുത്തു. ജപമാലകള്‍ കൊടുത്തു. ഹിന്ദു യോഗാത്മകതയും സെന്‍ ബുദ്ധിസവുമെല്ലാം ഞങ്ങള്‍ രോഗികളുടെ സാന്ത്വനത്തിനായ് ചിലവഴിച്ചു. അവിശ്വസനീയമായിരുന്നു ഫലം. വേദനകളുടെ അവസാനത്തെ അണുവും അലിയിച്ചു കളയുന്ന നിര്‍മ്മലമായ സ്നേഹത്തെപ്പറ്റി അറിഞ്ഞപ്പോള്‍, വേദനിക്കുന്നത് താന്‍ മാത്രമല്ല , തനിക്കു ചുറ്റുമുള്ള കോടിക്കണക്കിനു മനുഷ്യര്‍ കൂടിയാണ് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ , അവരില്‍ പലര്‍ക്കും വിമുക്തി കണ്ടു തുടങ്ങി. ഞങ്ങളുടെ കമ്പനി വളര്‍ന്നു. വിശപ്പടങ്ങിയ കഴുകനോപ്പം അദൃശ്യമായ സ്നേഹവും ഞങ്ങള്‍ കമ്പനി മുദ്രയില്‍ അടയാളപ്പെടുത്തി. എന്നാല്‍... ഞങ്ങളില്‍ പലരും, അക്കാദമിക്കായി ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്ന പലരും ദൈവങ്ങള്‍ക്ക് എതിരായിരുന്നു. രഹസ്യമായ് ഞങ്ങള്‍ ഞങ്ങളുടെ ഗവേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. വിഷാദം എന്ന രോഗം ഓര്‍മ്മകളില്‍ നിന്നോ ജീനുകളില്‍ നിന്നോ ഉണ്ടാകുന്നതാണ് എന്ന് അപ്പോഴേക്കും ലോകം മനസ്സിലാക്കിയിരുന്നു. വിഷാദം ജനിപ്പിക്കുന്ന ഓര്‍മ്മകളെ ഇല്ലാതാക്കാനുള്ള ഒരു മരുന്ന്...അതിനായ് ഞങ്ങള്‍ രണ്ടു വ്യാഴവട്ടക്കാലത്തോളം ഉറക്കമൊഴിച്ചു. ഒടുക്കം... ഒടുക്കം ഞങ്ങളത് നേടി...."


രഞ്ജിത്ത് അഭിമാനം കൊണ്ട് തിളങ്ങി. അവന്‍ കണ്ണുകള്‍ മുകളിലേക്കുയര്‍ത്തി നിശബ്ദമായ് ആരോടോ നന്ദി പറയുന്നത് പോലെ തോന്നി. രഞ്ജിത്ത് ന്‍റെ സംസാരത്തിലും അവന്റെ കമ്പനി ചരിത്രത്തിലും അപ്പോഴേക്കും അയാള്‍ അതീവതല്പരനായ് കഴിഞ്ഞിരുന്നു. ചരിത്രത്തെ സ്നേഹിച്ചിരുന്ന അയാള്‍ക്ക്‌ , മെഡിറ്ററേനിയന്‍ തീരങ്ങളും നാടോടി ഗോത്രങ്ങളും എല്ലാം ഇഷ്ടവിഷയങ്ങള്‍ ആയിരുന്നു. കമ്പനിയെ ഒരു പുതിയ തിരിച്ചറിവിലേക്ക് നയിച്ച ആ ജിപ്സി പയ്യന്‍ തന്നെയാണ് ഫയലില്‍ കാണുന്ന CEO  എന്നയാള്‍ ഊഹിച്ചു. എന്തോ, പേരറിയാത്ത ഒരു സന്തോഷം അയാള്‍ക്ക്‌ അനുഭവപ്പെട്ടു. അയാള്‍ ഒരു സിഗരറ്റ് കൂടി കത്തിച്ചു പുകയെടുത്തു.


 " തീവ്രമായ വിഷാദം. ലോകത്തെമ്പാടുമായ് ലക്ഷക്കണക്കിനാളുകള്‍ ഈ രോഗത്തിന് ഇരകളാണ്. ഇതില്‍ 99  ശതമാനം പേരുടെയും രോഗകാരണം തങ്ങളുടെ ഭൂതകാലവുമാണ്. കേവലം 1  ശതമാനം മാത്രം വരുന്ന അസാമാന്യ പ്രതിഭാശാലികളെ ഞങ്ങള്‍ നിര്‍ദ്ദയം ഉപേക്ഷിക്കുന്നു. രോഗവിമുക്തിക്കു ഞങ്ങള്‍ മരുന്നുകള്‍ക്ക് പുറമെ, ആത്മീയതയുടെയും സംഗീതത്തി ന്‍റെയും വ്യയാമങ്ങളുടെയും പിന്തുണ തേടി. ഞങ്ങള്‍ ആശിച്ച പോലെ തന്നെ ഭൂരിഭാഗം പേരും ആ അവസ്ഥയില്‍ നിന്നും കര കയറി. വളരെ ചെറിയൊരു ശതമാനം മാത്രം ഇന്ന് ഓര്‍മ്മകളില്‍ ജീവിക്കുന്നു. എങ്കിലും ഞങ്ങള്‍ തൃപ്തരായിരുന്നില്ല. ഓര്‍മ്മകളെ മുഴുവന്‍ ഇല്ലാതാക്കുന്ന, അല്ലെങ്കില്‍ ഓര്‍മ്മകളെ മറവിയില്‍ തളച്ചിടുന്ന ഒരു പുതിയ മരുന്നായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. അങ്ങനെ...."


" പക്ഷേ രഞ്ജിത്ത്..."


അയാള്‍ ഇടക്ക് കയറി പറഞ്ഞു.


" ഞാന്‍ രാഷ്ട്രീയപരമായ അതിവൈകാരികത ഇല്ലാത്ത ആളാണ്‌. എന്‍റെ പ്രശ്നങ്ങള്‍ തികച്ചും വ്യക്തിപരവുമാണ്. ആ എന്നെ നിങ്ങള്‍ക്കെങ്ങിനെ ....."


"  ഞാന്‍ മുഴുവനും പറഞ്ഞില്ല സര്‍, .."


രഞ്ജിത്ത് തുടര്‍ന്നു.

" നമ്മള്‍ ഏതെങ്കിലും ഒന്നില്‍ ആകൃഷ്ടരാകുന്നു. വേദനകളും കുറവുകളും അശാന്തിയും അനുഭവിക്കുന്ന നമ്മള്‍ അതിനെ പതിയെ, അല്പം ഭയത്തോടെ, ചെറിയൊരു മോഹത്തോടെ സമീപിക്കുന്നു. പൂര്‍ണ്ണമായ എന്തോ ഒന്നായി അതിനെ കണക്കാക്കുന്നു. നമ്മുടെ വളര്‍ച്ചക്ക്, അകന്നു നില്‍ക്കുന്ന ആ സത്ത അനിവാര്യമാണെന്ന് വിശ്വസിക്കുന്നു. ചിലപ്പോള്‍ അത് നമ്മളെ തീവ്രമായ് നിഷേധിക്കുന്നു. ചിലപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നു. അല്പം കൂടി അടുത്തേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കുന്നു. പ്രചോദിപ്പിക്കുന്നു. നമ്മള്‍ കൂടുതല്‍ പ്രതീക്ഷിക്കാന്‍ തുടങ്ങുന്നു. നമ്മള്‍ മനുഷ്യരില്‍ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഇടയില്‍ ലോലമായ അതിര്‍വരമ്പേ ഉള്ളു. ഫലത്തില്‍ നമ്മള്‍ കൂടുതല്‍ സ്വപനം കാണുന്നു. യാഥാര്‍ത്യത്തിനും  ഉപരി കാല്പനികതയുടെ ഒരു പുറംതോട് ആ സത്തയെ നമ്മള്‍ അണിയിക്കുന്നു. കുറേക്കാലം അത് ഒരു പുഴ പോലെ ഒഴുകുന്നു. എന്നാല്‍ എപ്പോഴോ, നമ്മളെ ആകെ തകിടം മറിച്ചുകൊണ്ട് , നമ്മളെ പൂര്‍ണ്ണമായും നിരാശപ്പെടുത്തിക്കൊണ്ട്‌ , സങ്കല്‍പ്പങ്ങളുടെ ത്രിശങ്കുസ്വര്‍ഗ്ഗത്തില്‍ നമ്മളെ അകപ്പെടുത്തി അതിന്‍റെ വളര്‍ച്ച നില്‍ക്കുന്നു. പതിയെ പതിയെ ആ സാമീപ്യം അപ്രത്യക്ഷമാകുന്നു. എന്നാല്‍ ഹൃദയം കൊണ്ടറിഞ്ഞ ആ ഉജ്ജ്വല സത്യം എപ്പോഴും നമ്മുടെ കൂടെയുണ്ടെന്ന് നമുക്ക് തോന്നുന്നു.  ഒരു നിഴലിനെപ്പോലെ തനിക്കു ചുറ്റും യാതൊരു ചലനവും സൃഷ്ട്ടിക്കാത്ത ഒന്ന് തന്‍റെ കൂടെയുണ്ടെന്നുള്ള തോന്നലില്‍ നമ്മള്‍ നട്ടം തിരിയുന്നു. നമ്മള്‍ കൂടി ഉള്‍പ്പെടുന്ന യാഥാര്‍ത്യത്തെ കുറിച്ച് നമ്മള്‍ക്ക് മതിഭ്രമം ഉണ്ടാകുന്നു. മനുഷ്യന്‍ കണ്ടുപിടിക്കുന്ന പ്രതിവിധി ഇത്ര മാത്രമാണ്. നിഷേധിക്കുക. അവന്‍ ആരംഭിച്ചതും അവിടെ നിന്ന്. രൂപമില്ലാത്ത ഒന്നിനെ നിഷേധിക്കുക എളുപ്പമാല്ലാതതിനാല്‍ , ആ സത്ത ഉള്‍ക്കൊള്ളുന്ന നമ്മളെ തന്നെ നമ്മള്‍ നിഷേധിക്കാന്‍ തുടങ്ങുന്നു. തന്‍റെ വര്‍ത്തമാനകാല യാഥാര്‍ത്യത്തെ  ഭൂതകാലത്തെയെന്ന വണ്ണം നമ്മള്‍ അകറ്റി നിര്‍ത്തുന്നു. ആ സത്തയെ നിഷ്ക്രിയമാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ സംഭവിക്കുന്നതോ? നമ്മള്‍ നിഷ്ക്രിയരാകുന്നു. ഉദാസീനരാകുന്നു. വിഷാദം പിടി മുറുക്കുന്നു. ഒന്നും സൃഷ്ടിക്കാന്‍ കൊതിക്കാത്ത വെറും ശരീരങ്ങള്‍ ആകുന്നു. തന്‍റെ തന്നെ യാഥാര്‍ത്യത്തില്‍   താനൊരു അധികപ്പറ്റാകുന്നു. ' താന്‍ നില്നില്ക്കുന്നുണ്ടോ? ' എന്ന സംശയം ശക്തമാകുന്നു. ആ ഒരു സത്ത എന്തുമാകാം. ഒരു തത്വദര്‍ശനമാകാം . ഒരു വിശ്വാസ സംഹിതയാകാം. ഒരു വിമോചന ശാസ്ത്രമാകാം. ഒരു ചരിത്രവസ്തുതയാകാം. എന്തിനു.... ഒരിക്കല്‍ മാത്രം സ്വപ്നങ്ങളില്‍ പെയ്തിറങ്ങിയ ഒരു മഴ പോലുമാകാം. ... ആ ഓര്‍മ്മകളെ ഇല്ലാതാക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. "


നിശബ്ദതയില്‍ നിന്ന് തിരിച്ചു വരാന്‍ അയാള്‍ കുറച്ചു നേരമെടുത്തു.

" എങ്ങിനെ? "

" എണ്‍പതുകളില്‍ കമ്പ്യൂട്ടര്‍ വന്ന കാലത്ത് തന്നെ അതിന്‍റെ അനന്തസാധ്യതകള്‍ ഞങ്ങള്‍ ഊഹിച്ചിരുന്നു. അതിനാല്‍ തന്നെ ആ വഴിക്കുള്ള ഗവേഷണങ്ങള്‍ക്കായി കോടിക്കണക്കിനു ഡോളറുകള്‍ ചിലവിടുകയും ചെയ്തു. ഒടുക്കം ഞങ്ങള്‍ അത് കണ്ടെത്തി. ഒരു മരുന്ന് തേടിയുള്ള യാത്ര ചെന്നെത്തിയത് മരുന്നിനേക്കാള്‍ ഫലപ്രദമായ ഒരു ഉപകരണത്തില്‍..."

ചെറുപ്പക്കാരന്‍ സ്യുട്കേസില്‍ നിന്ന് ഒരു ഫയലെടുത്തു തുറന്നു കാണിച്ചു. അയാള്‍ കൌതുകത്തോടെ നോക്കി. ഒരു ചെറിയ പിയാനോ പോലെയുള്ള ഉപകരണം. ഹെഡ് ഫോണ്‍ എന്തോ ഒന്ന്. കുറെ ഡിട്ടക്ടരുകളും. അയാള്‍ക്ക്‌ പെട്ടെന്ന് ലാബ്‌ ടെസ്റ്റ്‌ ഓര്‍മ്മ വന്നു.

"  ഇതാണ് memory  killer . ഈ യന്ത്രത്തെ ഇങ്ങനെ വിളിക്കാനാണ് ഞങ്ങള്‍ക്ക് ഇഷ്ടം. പ്രവര്‍ത്തനം പേര് സൂചിപ്പിക്കും പോലെ തന്നെ ലളിതവും രസകരവുമാണ്‌. ഈ ഉപകരണങ്ങള്‍ കാണുമ്പോള്‍ താങ്കള്‍ അന്ന് ലാബില്‍ കണ്ട ഒന്നിനോട് സാദൃശ്യം തോന്നുക സ്വാഭാവികമാണ് . എന്നാല്‍ പ്രവൃത്തിയില്‍ രണ്ടും രണ്ടാണ്. നമ്മുടെ തലച്ചോറില്‍ കോടിക്കണക്കിനു കോശങ്ങളിലായ് നമ്മള്‍ അറിഞ്ഞതും അനുഭവിച്ചതും ചിന്തിച്ചതും സ്വപ്നം കണ്ടതും എല്ലാം ശേഖരിച്ചു വക്കപ്പെട്ടിരിക്കുന്നു. എന്ത്, എവിടെയാണ് സംരക്ഷിക്കപ്പെട്ടിട്ടുള്ളത് എന്ന് കണ്ടെത്തുക എളുപ്പമല്ല. ആ ആവശ്യത്തിനായ് ഞങ്ങള്‍ ഡെവലപ്പ് ചെയ്തെടുത്ത ' detective ' എന്ന് പേരുള്ള ഉപകരണമാണ് താങ്കള്‍ അന്ന് ലാബില്‍ കണ്ടത്. ഹെല്‍മെറ്റ്‌ മാതൃകയിലുള്ള കാപ് താങ്കള്‍ ശിരസ്സില്‍ അണിഞ്ഞു. അതോടെ താങ്കളുടെ തലച്ചോറില്‍ ഉണ്ടാകുന്ന ചെറിയ ചെറിയ കമ്പനങ്ങള്‍ പോലും തിരിച്ചറിയാന്‍ ഞങ്ങള്‍ക്ക് കഴിയുന്ന. ദേഹത്തു ബന്ധിപ്പിച്ചിട്ടുള്ള പലതരം ഡിട്ടക്ട്ടറുകള്‍ ആകട്ടെ , താങ്കളുടെ ശരീര ഊഷ്മാവിലും ബ്ലഡ്‌ സര്‍ക്കുലഷനിലും വരുന്ന ചെറിയ ചെറിയ മാറ്റങ്ങള്‍ വരെ രേഖപ്പെടുത്തുന്നു. ചില കാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍ രക്തയോട്ടത്തി ന്‍റെ  തോത് കൂടുകയും ശരീര ഊഷ്മാവ് വര്‍ദ്ധിക്കുകയും ചെയ്യുന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്.  സ്വാഭാവികമായും അതിനൊരു മറുവശവും ഉണ്ട്. ചില കാര്യങ്ങള്‍ ആകട്ടെ , രക്തപ്രവാഹത്തി ന്‍റെ തോത് ക്രമാതീതമായ് കുറക്കുകയും ചെയ്യുന്നു. അത്തരം ചിന്തകളാണ് ഞങ്ങള്‍ കണ്ടെത്തുന്നത്. ഏതൊക്കെ കാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍ ആണ് താങ്കള്‍ inert  ആവുക എന്ന് ഞങ്ങള്‍ക്ക് ബോധ്യമാകുന്നു. .."


" പ്രശ്നങ്ങള്‍ മനസ്സിലാക്കിയാല്‍ പിന്നെ പരിശോധിക്കുന്നത് തലച്ചോറില്‍ എവിടെയാണ് ആ വസ്തുതകള്‍ ശേഖരിച്ചുവക്കപ്പെട്ടിരിക്കുന്നത് എന്നാണ്. അതിനു തല വെട്ടി പൊളിക്കണം എന്നൊന്നും ഇല്ല. ശരീരത്തിന് ഹാനികരമല്ലാത്ത ചെറിയ തീവ്രതയിലുള്ള ശബ്ദതരംഗങ്ങള്‍ ഞങ്ങള്‍ താങ്കളുടെ ചെന്നിയിലൂടെ കടത്തിവിടുന്നു. പ്രതിധ്വനി ആവൃത്തിയില്‍ വരുന്ന മാറ്റങ്ങള്‍ അനുസരിച്ച് ഞങ്ങള്‍ ആ സ്പോട്ടുകള്‍ കണ്ടെത്തുന്നു. ശല്യപ്പെടുത്തുന്ന ഓര്‍മ്മകളുടെ പ്രഭവകേന്ദ്രങ്ങള്‍. പിന്നെയുള്ള കാര്യങ്ങള്‍ നിസ്സാരമാണ്. memory killer പ്രവര്‍ത്തിക്കുന്നത് ഇനിയാണ്. ഉയര്‍ന്ന തീവ്രതയില്‍ ഇല്ല പ്രകാശരശ്മികള്‍ ആ ബിന്ദുക്കളെ തേടിയെത്തും. നിമിഷങ്ങള്‍ക്കകം ഒന്നിനും കൊള്ളാത്ത ഒന്നായ് അവ മാറും. ഒരു ഓര്‍മ്മയും പുറപ്പെടുവിക്കാത്ത, ഒരു ചിന്തയും കിളിര്‍ക്കാത്ത തരിശു ഭൂമി. കസേരയില്‍ നിന്നും എഴുനേല്‍ക്കുമ്പോഴേക്കും താങ്കളുടെ വിഷാദം പമ്പ കടന്നിരിക്കും. താങ്കള്‍ക്കു നഷ്ടപ്പെടുന്നതാകട്ടെ കേവലം ഏതാനും കോശങ്ങള്‍. നേടുന്നതാകട്ടെ ശല്യപ്പെടുത്തുന്ന ഓര്‍മ്മകളില്‍ നിന്നും മോചനം..."


ചെറുപ്പക്കാരന്‍ പഴയ ഫയല്‍ വീണ്ടും തുറന്നു. 


" ലോകത്തെമ്പാടുമായ് ആയിരക്കണക്കിന് ആളുകള്‍ ഈ ചികിത്സാരീതിക്ക് വിധേയരായ്ക്കഴിഞ്ഞു. വിജയശതമാനം നൂറ്. ഞങ്ങള്‍ അതില്‍ അഹങ്കരിക്കുന്നു. ഈ കൊച്ചു മലയാളത്തില്‍, ഞങ്ങളുടെ ഈ നൂതന ചികിത്സാരീതി ആഗ്രഹിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. അതിശക്തമായ ഒരു റാഡിക്കല്‍ ശൂന്യത അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ അധികം വൈകാതെ തന്നെ ഇത്തരത്തില്‍ തീവ്രമായ വിഷാദത്തിന് അടിപ്പെടും എന്ന് ഞങ്ങള്‍ കരുതുന്നു. ഒന്ന് രണ്ടു എലക്ഷനുകള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് ഇവിടെയും വേര് പിടിക്കാന്‍ കഴിയും എന്ന് ഞങ്ങള്‍ ഉറപ്പിക്കുന്നു. ലാബില്‍ നിന്ന് അതീവ ശ്രദ്ധയോടെയാണ് താങ്കളുടെ ഫയല്‍ ഞങ്ങളുടെ ഓഫീസില്‍ എത്തിയത്. അത് എന്തുകൊണ്ടാണെന്ന് അറിയാമോ? "


അയാള്‍ അറിയില്ലെന്ന് തലയാട്ടി.  

രഞ്ജിത്ത് അയാളുടെ കയ്യില്‍ നിന്നും ഫയല്‍ വാങ്ങി, ആ തലച്ചോര്‍ ചിത്രം തുറന്നു കാണിച്ചു. ചുവന്ന പൊട്ടുകള്‍ ചൂണ്ടിക്കാട്ടി രഞ്ജിത്ത് പറഞ്ഞു.

" ഇതാ, ഇതു കൊണ്ട്. താങ്കളെ ശല്യപ്പെടുത്തുന്ന ഓര്‍മ്മകള്‍ കേവലം ഒന്നോ രണ്ടോ ബിന്ദുക്കളില്‍ നിന്നല്ല ജനിക്കുന്നത് എന്നതുകൊണ്ട്‌. ഇക്കാണുന്ന 127  ചുവന്ന പൊട്ടുകള്‍ എല്ലാം തന്നെ , താങ്കളുടെ വര്‍ത്തമാന കാല ജീവിതത്തെ തകര്‍ക്കുന്ന ഓര്‍മ്മകളുടെ പ്രഭവ കേന്ദ്രങ്ങള്‍ ആണ്. അതുകൊണ്ട് തന്നെ സാധാരണ രീതിയിലുള്ള treatment  താങ്കളുടെ കാര്യത്തില്‍ എളുപ്പമല്ല. ചിലവും സമയവും റിസ്കും കൂടുതലാണ്. സംഭവബഹുലമായ ഒരു സാമൂഹികജീവിതം ഇല്ലാത്ത ഒരാളില്‍ ഇത്തരത്തില്‍ ഒരു അവസ്ഥ കണ്ടെത്തുന്നത് വളരെ വിരളമായിട്ടാണ്‌. അതിനാല്‍ തന്നെ ബാള്‍ക്കന്‍ നാടുകളിലും മുന്‍ കമ്മ്യൂണിസ്റ്റ്‌ അധിവേശ പ്രദേശങ്ങളിലും എല്ലാം അനവധി ആളുകളില്‍ അനുവര്‍ത്തിച്ച ഒരു രീതി താങ്കളിലും പ്രയോഗിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. memory  killing നു മുന്‍പ് ഒരു complete  defragmentation ....."


അയാള്‍ അല്പം ഭയന്നുപോയിരുന്നു. ധൃതിയില്‍ അല്പം കൂടി മദ്യം പകര്‍ത്തി വെള്ളം ചേര്‍ക്കാതെ കഴിച്ചു. 


" അങ്ങനെ പറഞ്ഞാല്‍....? "
.
"  വ്യക്തമായ് പറയാം സര്‍, താങ്കളുടെ പ്രശ്നങ്ങള്‍ ഒരു പെണ്‍കുട്ടിയാണ്. സന്ധ്യാ ദീപത്തിന്‍റെ പ്രഭയില്‍ നൈര്‍മ്മല്ല്യം പരത്തുന്ന തുളസി ചെടി പോലെ ഒരു പെണ്‍കുട്ടി..." 


ചെറുപ്പക്കാരന്‍ ഒന്ന് നിര്‍ത്തി , അയാളെ നോക്കി തുടര്‍ന്നു.

" ആര്‍ദ്രമായ ഒരു ഡിസംബര്‍ 16  തന്ന പാരിതോഷികം....."

അയാള്‍ അപ്പോഴേക്കും എവിടെയോ നഷ്ടപ്പെട്ടിരുന്നു. മഴയും മഞ്ഞും വെയിലും ഇണങ്ങി നിന്ന ഒരു ഡിസംബര്‍ 16 ന്‍റെ ആര്‍ദ്രമായ ഓര്‍മ്മയിലേക്ക്. മഴയേറ്റു കുനിഞ്ഞു നിന്ന നെല്‍ച്ചെടികളുടെ അരികു പറ്റി നിവര്‍ന്നു കിടന്നിരുന്ന ഒരു ഗ്രാമത്തിന്‍റെ നടവരമ്പിലേക്ക്. ചരിത്രമുറങ്ങുന്ന മണ്ണില്‍ കാല്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ഒഴുകിവന്ന ഒരു പെണ്‍കുട്ടിയുടെ കണ്ണുകളാല്‍ ഉള്ള കീഴ്പ്പെടുത്തുന്ന പുഞ്ചിരിയിലേക്ക്. തന്നെ മൂടിനില്‍ക്കുന്ന, അപകര്‍ഷബോധവും അന്തര്‍മുഖത്വവും  വന്യതയും ഇഴ പാകിയ ഇരുളാര്‍ന്ന നനഞ്ഞ കരിമ്പടം തനിക്കു വകഞ്ഞു മാറ്റാന്‍ കഴിയും എന്ന് ആദ്യമായ് തോന്നിയ നിമിഷങ്ങളിലേക്ക്....


എവിടെയോ തനിച്ചലയാന്‍ തുടങ്ങിയിരുന്ന അയാളെ ശല്യപ്പെടുത്താന്‍ രഞ്ജിത്ത്  തയ്യാറായില്ല. തന്‍റെ സെല്‍ഫോണും ആയി ചെറുപ്പക്കാരന്‍ തുറന്നു കിടന്നിരുന്ന ഒരു ജനലരുകിലേക്ക് നീങ്ങി.

'താന്‍ അവളെ സ്നേഹിച്ചിരുന്നോ ?' 'ഉണ്ട് ' എന്നാണ് ഉത്തരമെങ്കില്‍ അതില്‍ അല്പമെങ്കിലും അഹന്ത കലര്‍ന്നിട്ടുണ്ടാകും എന്ന് തീര്‍ച്ച. 'താന്‍ നിലനില്‍ക്കുന്നു ' എന്ന കാര്യത്തില്‍ ഉറപ്പില്ലാത്തിടത്തോളം കാലം ഒരാള്‍ക്കെങ്ങിനെ ആത്മബോധം പ്രവൃത്തിയിലും പെരുമാറ്റത്തിലും സംസാരത്തിലും കലര്‍ത്താനാകും? എങ്കിലും അവളെ ആഗ്രഹിച്ചിരുന്നു എന്നത് നേര്. ഒരു തണല്‍ മരത്തെ അവളില്‍ കണ്ടെത്താന്‍ എളുപ്പമായിരുന്നു. ഒറ്റപ്പെടലിന്‍റെ വിഭ്രമങ്ങള്‍ തറക്കല്ലിട്ട തന്‍റേതായ ലോകത്ത് അവളായിരുന്നു ഊര്‍ജ്ജം. അവളെ ആദ്യമായ് കണ്ട നിമിഷം ആയിരുന്നു തന്‍റെ ജനനം എന്ന് വിശ്വസിച്ചു. അങ്ങനെ ആദ്യ ദര്‍ശനത്തില്‍ തന്നെ അവള്‍ അമ്മയായ്. കൂടെ വളരാന്‍ കൊതിച്ചിരുന്നു. പക്ഷേ, തന്‍റെ യാഥാര്‍ത്യത്തിനു അടരുകള്‍ ഏറെയായിരുന്നു.

കേവല സന്തോഷത്തിലേക്കുള്ള വഴി അവളിലൂടെയായിരുന്നു. അവളില്‍ എല്ലാ പൂര്‍ണതകളേയും ആരോപിച്ചു. അല്ലെങ്കില്‍ എല്ലാ പൂര്‍ണതകളിന്മേലും അവളെ അവരോധിച്ചു. എല്ലായ്പ്പോഴും ആ സാമീപ്യം കൂടെയുണ്ടെന്ന് വിശ്വസിച്ചു. തന്നെ താന്‍ കാണുന്നതല്ല , അവള്‍ കാണുന്നതാണ് , തന്‍റെ സത്ത എന്ന് കരുതിയിരുന്നു. അവളിലെക്കെത്താന്‍ ശ്രമിച്ചു. ഉച്ചരിക്കാത്ത വാക്കുകള്‍ക്കാണ്‌ മധുരം എന്ന് തെറ്റിദ്ധരിച്ച് അക്കാലങ്ങളില്‍ മദ്യപിക്കുന്ന, സിഗരറ്റ് വലിക്കുന്ന ഒരു പോസ്റ്റ്‌ മോഡേണ്‍ ബുദ്ധനു മുന്നില്‍ ശിഷ്യത്വപ്പെട്ടു. യൂറോപ്പ്യന്‍ സാഹിത്യത്തിലെ അഗാധ മൌനങ്ങളില്‍ കാല്‍ തെറ്റി വീഴാന്‍ കൊതിച്ചു നടന്നിരുന്ന താന്‍, മക്കൊണ്ടോയുടെ കഥകള്‍ പറയുന്ന മലവെള്ളപ്പാച്ചിലില്‍ ഒളിച്ചു പോകാന്‍ ആഗ്രഹിച്ചു. അവള്‍ ഇഷ്ടപ്പെട്ടതിനെയെല്ലാം താനും ആവോളം ഇഷ്ടപ്പെട്ടു.  ആള്‍ക്കൂട്ടത്തില്‍ നിശബ്ധനായ് ഇരിക്കാന്‍ ശീലിച്ചു. മിക്കപ്പോഴും അത് വിജയിച്ചില്ല. ഇടക്ക് നഗരത്തില്‍ പോയി വയലിന്‍ പഠിക്കാനും തുടങ്ങി. എഴുതിയതെല്ലാം അവള്‍ക്കു മാത്രം വായിക്കാന്‍ ഉള്ളതായിരുന്നു. അങ്ങനെ ലോകര്‍ക്ക് മുന്നില്‍ താന്‍ പരാജയപ്പെട്ട എഴുതുകാരനായ്. പെണ്‍കുട്ടികള്‍ എല്ലായ്പ്പോഴും ഉണ്ടായിരുന്നു. എന്നാല്‍ സങ്കല്‍പ്പങ്ങളില്‍ മാറ്റം വന്നിരുന്നു. കണ്ടുമുട്ടുന്ന ഓരോ പെണ്‍കുട്ടികളിലും അവളെ തിരഞ്ഞു. അഴകുള്ള മുടി, ഇരുപ്പിലും നടപ്പിലും പ്രവര്‍ത്തിയിലും കാല്പനികതയുടെ ആഴം, തരളമായ മിഴികള്‍, മെലിഞ്ഞ ശരീരം, ചെറിയ മാറിടം.. അവളുമായ് സാമ്യമുണ്ടെന്ന് തോന്നിയവരെ മാത്രം പ്രണയിച്ചു. ചിന്തകളില്‍ ജാതിയോ മതമോ ഇല്ലാതിരുന്ന തന്‍റെ കാമുകിമാരില്‍ എറിയവരും സവര്‍ണ്ണനാമധാരികള്‍... ഇലചീന്തിലെ ചന്ദനം.... മുടിയിലെ തുളസിക്കതിര്‍...ജലം പോലെ തൊട്ട സ്നേഹങ്ങള്‍....

താന്‍ പതിയെ അവളിലേക്ക്‌ അടുത്തുകൊണ്ടിരുന്നു. എല്ലാത്തിനേയും വൈകാരികമായി സമീപിച്ചിരുന്ന തന്നില്‍ ചെറുതെങ്കിലും യുക്തിസഹമായ അപഗ്രഥനശേഷി കൈവരുവാനും അധിക കാലം എടുത്തില്ല. നിലനില്ക്കുന്ന വ്യവസ്ഥിതിയുടെ എല്ലാവിധ ജീര്‍ണ്ണതകളേയും ഉള്‍ക്കൊള്ളാന്‍ തുടങ്ങിയതോടെ ചെറിയ ചെറിയ പരിഹാര മാര്‍ഗ്ഗങ്ങളും നാവില്‍ തെളിഞ്ഞു. തന്നില്‍ ഒരു അപരസ്ത്രൈണസത്തയുടെ വേരോട്ടം.   കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികളുടെ കൊച്ചു കൊച്ചു വേദനകള്‍ വരെ ഉള്‍ക്കൊള്ളാന്‍ ആയി. അവര്‍ സ്നേഹത്തെക്കാള്‍ ഉപരി ബഹുമാനിക്കാന്‍ തുടങ്ങി. തനിക്കു സ്ത്രീ ശരീരങ്ങളോടുള്ള ആസക്തി ഇല്ലാതാവാനും തുടങ്ങി. അവരെല്ലാം തന്നെ തന്നെ വിട്ടുപോയിട്ടും, അവരുടെ അസാന്നിധ്യം വേദനിപ്പിച്ചിരുന്നുവെങ്കിലും, സ്വത്വബോധത്തെ നിഷേധിക്കാന്‍ തുടങ്ങിയില്ല. താന്‍ ഇല്ലാതായെന്നും തന്നില്‍ എപ്പോള്‍ മറ്റാരോ ആണെന്നും , തനിക്കു മുന്നേ മറ്റുള്ളവര്‍ തിരിച്ചറിഞ്ഞു. ആണുങ്ങള്‍ക്കിടയില്‍ താന്‍ ഒരു അധികപ്പറ്റാകുന്നു എന്ന് ബോധ്യപ്പെടുന്നതും അക്കാലത്താണ്. കണ്ടും സങ്കല്‍പ്പിച്ചും അറിഞ്ഞ സ്നേഹങ്ങളെയെല്ലാം ഒരമ്മയില്‍ കുടിയിരുത്തി താന്‍ എഴുതിത്തുടങ്ങിയ 'പ്രിയംവദ' എന്ന കഥ പൂര്‍ത്തിയായപ്പോള്‍ അതില്‍ തെളിഞ്ഞ അവളെ കണ്ട് താന്‍ അമ്പരന്നു. അദ്ഭുതകരമായ ആ രൂപാന്തരണത്തില്‍ താന്‍ കാഫ്കയുടെ പാറ്റയെപ്പോലെ വിറച്ചു. സ്വത്വം ചിതറിയോ എന്ന് സംശയിക്കാന്‍ തുടങ്ങി. ഏറെക്കാലം കാത്തിരുന്ന് കിടക്കയൊരുക്കിയ കാമുകി, കത്തുന്ന  ചുംബനമായ് മാറവേ, ഉണരാത്ത അരക്കെട്ടില്‍ നോക്കി നിരാശാഭരിതയായപ്പോള്‍, തന്‍റെ ജന്മവാസനകള്‍ ഇതൊന്നുമല്ലല്ലോ എന്ന് ഒരു ഞെട്ടലോടെ താന്‍ തിരിച്ചറിഞ്ഞു. നിലനില്‍ക്കുന്നത് താന്‍ ആണോ അതോ തന്‍റെ രൂപത്തില്‍ മറ്റാരെങ്കിലും ആണോ? താന്‍ തീര്‍ത്തും ഒറ്റപ്പെടാന്‍ തുടങ്ങി. അഭായങ്ങള്‍ ഓരോന്നായ് നഷ്ടപ്പെട്ടതോടെ താന്‍ ഒളിയിടങ്ങള്‍ കണ്ടെത്താന്‍ തുടങ്ങി. അങ്ങനെ ഏകനായ് ഈ ഫ്ലാറ്റിലെത്തി.

ഓര്‍മ്മകളിലൂടെ പുറകോട്ടു സഞ്ചരിച്ചു തന്‍റെ തന്നെ സത്തയെ വീണ്ടെടുക്കാനുള്ള വിഫലശ്രമങ്ങള്‍ ആരംഭിച്ചു. ഓര്‍മ്മകളെല്ലാം ആ ഡിസംബര്‍ 16 ലേ , ഏകാന്തമായ, നിശബ്ധമായ എന്നാല്‍ വിശുദ്ധി നിറഞ്ഞ ആ നിമിഷത്തില്‍ ചെന്ന് അവസാനിച്ചു. അതിനും അപ്പുറത്തേക്ക് അവ്യക്തമായ ചില മുഖങ്ങളും, നിരുത്സാഹപ്പെടുത്തുന്ന ചില പ്രസ്താവനകളും മാത്രം. യഥാര്‍ത്തത്തില്‍ താന്‍ എന്ത്? ആ നിമിഷത്തിന് മുന്‍പുണ്ടായിരുന്നതോ അതോ അതിനു  ശേഷം ഉള്ളതോ? പഴയ താന്‍ മാത്രം ഉണ്ടായിരുന്നതോ അതോ അവള്‍ കൂടി ചേര്‍ന്നതോ? ഇനി അവള്‍ മാത്രമോ?

"സര്‍..."  രഞ്ജിത്ത്

" സമയം കടന്നുപോകുന്നു. കൃത്യനിഷ്ഠക്ക് ഏറെ പ്രാധാന്യമുള്ള കമ്പനിയാണ് ഞങ്ങളുടേത്....."

"ക്ഷമിക്കണം... ഞാന്‍ എവിടെയോ ലോസ്റ്റ്‌ ആയിപ്പോയി... പറയൂ ... എന്താണ് defragmentation .."

" താങ്കളുടെ തലച്ചോറില്‍ ആ പെണ്‍കുട്ടി നിറഞ്ഞു കിടക്കുന്നു. ഓരോ പ്രഭവകേന്ദ്രങ്ങളും പ്രത്യേകം വാനിഷ് ചെയ്യുന്ന traditional  രീതി സമയം ഏറിയതാണ്. അതുമല്ല സാഹസികവും. ഉദാഹരണത്തിന്, താങ്കള്‍ ഡ്രൈവിംഗ് പഠിക്കുമ്പോള്‍, അവള്‍ക്കു വേണ്ടിയാണ് അത് ചെയ്യുന്നതെന്ന് താങ്കള്‍ വിശ്വസിച്ചിരുന്നു. അവളെ കൂടെയിരുത്തി യാത്ര ചെയ്യുന്നതും അവളെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതും താങ്കള്‍ സങ്കല്‍പ്പിച്ചിരുന്നു. തലച്ചോറില്‍ നിന്ന് ആ ഓര്‍മ്മയെ നാട് കടത്തുമ്പോള്‍ , ഒരു പക്ഷേ , ഡ്രൈവിംഗ് എന്ന കലയും താങ്കളെ വിട്ടു പോയേക്കാം. അതുപോലെ തന്നെയാണ് താങ്കളുടെ രചനാ ജീവിതവും. താങ്കളില്‍ ഞങ്ങള്‍ ഒട്ടേറെ സവിശേഷതകള്‍ കണ്ടെത്തുന്നു. അതിനാല്‍ തന്നെ, താങ്കളുടെ പില്‍ക്കാല ജീവിതത്തില്‍ ഈ ചികിത്സ കൊണ്ട് യാതൊരു താളം തെറ്റലും ഉണ്ടാകരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞാന്‍ proceedures  വ്യക്തമാക്കാം.....  "

ഇടക്ക് ഓടക്കുഴല്‍ നാദം പൊഴിച്ച മൊബൈലിലേക്ക് ചെറുപ്പക്കാരന്റെ  ശ്രദ്ധ തിരിഞ്ഞു. അയാള്‍ എഴുനേറ്റ്, ഒരു പുകയെടുത്തുകൊണ്ട് തന്‍റെ ജനലരുകിലേക്ക് നീങ്ങി. തെരുവില്‍ തിരക്കുകള്‍ ഒന്നും തന്നെയില്ല. മധ്യാഹ്നമാണ്. ശബ്ദങ്ങള്‍ കുറഞ്ഞിരിക്കുന്നു. തണല്‍ മരത്തിനു കീഴില്‍ ബസ്സ് കാത്തു നില്‍ക്കുന്ന ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും അല്ലാതെ ആരുമില്ല. വില കുറഞ്ഞ ജീന്‍സും മുഷിഞ്ഞ ഫുള്‍ക്കൈ ഷര്‍ട്ടും ധരിച്ച , ചിതറിക്കിടക്കുന്ന മുടിയും കുറ്റിതാടിയുമായ് ആണ്‍കുട്ടി. ലളിതമെങ്കിലും കുലീനത്വം തുളുമ്പുന്ന വേഷ വിതാനങ്ങളോടെ പെണ്‍കുട്ടി. അവന്‍ എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്. അവള്‍ ഗാഡമായ ഏതോ ചിന്തയിലും.

അയാള്‍ക്ക് പിന്നില്‍ ചെറുപ്പക്കാരന്‍ ശബ്ദിച്ചു.

" Defragmentation .... കമ്പ്യൂട്ടര്‍ ഗവേഷണങ്ങളിലൂടെ ഞങ്ങള്‍ കൈവരിച്ച നൂതനമായ ഒരു ചികിത്സാരീതി .  ലളിതമായ് പറയാം സര്‍. ഒരു കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്കില്‍ എങ്ങനെയാണ് data  സ്റ്റോര്‍ ചെയ്യപ്പെടുക എന്ന് താങ്കള്‍ക്കു അറിയാമായിരിക്കും. ഒരു പ്രത്യേക data , ഒരു പാട്ടോ ചിത്രമോ സേവ് ചെയ്യുമ്പോള്‍ fragmented  ആയ രീതിയില്‍ ആയിരിക്കും സ്റ്റോര്‍ ചെയ്യപ്പെടുക. data യെ പല ഭാഗങ്ങള്‍ ആയി മുറിച്ച്, ദിസ്ക്കിന്റെ പല ഭാഗങ്ങളില്‍ ആയ് സേവ് ചെയ്യുന്നു. ഇതു മൂലം ഓരോ തവണയും നമ്മള്‍ ആ ഫയല്‍ പുറത്തെടുക്കുമ്പോള്‍ , ഡിസ്ക്ക് ആവശ്യത്തില്‍ കൂടുതല്‍ കറങ്ങേണ്ടി വരുന്നു. ഫലത്തില്‍ കമ്പ്യൂട്ടര്‍  ന്‍റെ  വേഗതയും കാര്യക്ഷമതയും കുറയുന്നു. ഈ അവസ്ഥ പരിഹരിക്കാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ OS ല്‍ തന്നെയുണ്ട്‌. Drefragmentation  എന്ന ഏര്‍പ്പാട്. ആ പ്രവൃത്തി ചെയ്യാനായ് നമ്മള്‍ നിര്‍ദ്ദേശം കൊടുക്കുമ്പോള്‍, കമ്പ്യൂട്ടര്‍ സ്വയം തന്നെ data കളെ ടെഫ്രാഗ്മെന്റ്റ് ചെയ്യുന്നു. അതായത് എല്ലാ ഭാഗങ്ങളെയും ഒരുമിച്ചു ചേര്‍ത്ത് ഒരിടത് സേവ് ചെയ്യുന്നു. കമ്പ്യൂട്ടര്‍ efficeincy യും വേഗതയും വര്‍ധിക്കുന്നു. ഇത്തരത്തില്‍ ആണ് ഞങ്ങളുടെ ചികിത്സാരീതിയും. ശക്തമായ മാനസിക നിയന്ത്രണമുള്ള ഏതൊരാള്‍ക്കും ഇതു സ്വയമേ തന്നെ ചെയ്യാവുന്നതാണ്. അല്ലാത്തവരില്‍, താങ്കളെ പോലുള്ളവരില്‍, ഏതാനും കൌണ്സിലിംഗ് കളും മാനസിക വ്യായാമങ്ങളും ആവശ്യമുണ്ട്. ആത്മീയ ഗുരുക്കന്മാര്‍ വരെ താങ്കളുടെ സഹായതിനായ് ഞങ്ങളുടെ കൂടെയുണ്ട്."


അയാള്‍, എവിടെ നിന്ന് വന്നു, എന്നറിയാത്ത , ആ കുട്ടികളെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു. ആണ്‍കുട്ടിയുടെ വാക്കുകള്‍ പലതും അവള്‍ പിന്തുടരുന്നില്ല എന്ന് തോന്നി. പോകാനുള്ള തിടുക്കത്തില്‍ എഴുനേറ്റുകൊണ്ട് രഞ്ജിത്ത് പറഞ്ഞു. 


" താങ്കളുടെ ഓര്‍മ്മകളുടെ പ്രഭവ കേന്ദ്രങ്ങള്‍ എല്ലാം ഞങ്ങള്‍ ഒരിടത്ത് കേന്ദ്രീകരിക്കുന്നു. ശേഷം ആദ്യമേ പറഞ്ഞ memory  killing ...."


ശബ്ദം കടന്നുവരാത്ത ജനലിലൂടെ , ആണ്‍കുട്ടി ഏതോ ഒരു പുസ്തകം പെണ്‍കുട്ടിക്ക് കൊടുക്കുന്നത് അയാള്‍ കണ്ടു. നിറഞ്ഞ സ്നേഹത്തോടെ അവള്‍ അത് ഏറ്റു വാങ്ങുന്നതും. മെറൂണ്‍ നിറത്തിലുള്ള സാധാരണ ചുരിദാര്‍ ആയിരുന്നു പെണ്‍കുട്ടി ധരിച്ചിരുന്നത്. നിറഞ്ഞ അഴകുള്ള മുടി. മുടിയില്‍ തുളസിക്കതിര്‍. കരുണ നിറഞ്ഞ മുഖം. കണ്ണടക്കുള്ളില്‍ ആര്‍ദ്രങ്ങളായ ആഴമേറിയ കണ്ണുകള്‍. നെറ്റിയില്‍ ഉണങ്ങിയ ചന്ദനം. മെലിഞ്ഞ ശരീരം. ചെറിയ മുലകള്‍... തല അല്പം ചരിച്ച് അവനെ കൌതുകത്തോടെ നോക്കി അവള്‍ സംസാരിക്കുന്നു. ആണ്‍കുട്ടിയുടെ ശിരസ്സ്‌ ഇടക്കിടെ താഴുന്നു. 


 " ചികിത്സാരീതിയെ പറ്റി താങ്കള്‍ക്കു ഇപ്പോള്‍ ഏതാണ്ടൊരു outline  കിട്ടിക്കഴിഞ്ഞുവെന്നു കരുതുന്നു. ഇനി വേണ്ടത് നിങ്ങളുടെ സമ്മതപത്രം മാത്രമാണ്. ഈ മേശമേല്‍ ഇരിക്കുന്ന ഫയല്‍ താങ്കള്‍ വായിച്ചു നോക്കണം. അന്ഗീകരിക്കാന്‍ ആവുന്നതാണെങ്കില്‍ അതിലൊരു ഒപ്പിടുക. എന്നിട്ട് നഗരത്തിലെ ഞങ്ങളുടെ ഓഫീസില്‍ എത്തിക്കുക. രണ്ടു കൂട്ടര്‍ക്കും ഉചിതമായ ഒരു ദിവസം തന്നെ നമുക്ക് കൌണ്സിലിംഗ് ആരംഭിക്കാം.... എന്താ...."


അയാള്‍ തല കുലുക്കി. 


" താങ്കള്‍ ഞങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ട ഒരു client ആണെന്ന് നേരത്തെ പറഞ്ഞല്ലോ? രോഗിയും രോഗലക്ഷണങ്ങളും എല്ലാം പരിഗണിച്ച്, താങ്കള്‍ക്കു ചില ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഞങ്ങളുടെ കമ്പനി ഒരുക്കമാണ്. ഈ ചികിത്സക്ക് താങ്കള്‍ ഇനി പണം മുടക്കേണ്ടതില്ല എന്നതാണ് അതില്‍ പ്രധാനം. ഇനിയുള്ള ജീവിതകാലം മുഴുവനും, ഞങ്ങളുടെ കമ്പനിയുടെ ഏത് ഉല്പന്നത്തിന്‍ മേലും താങ്കള്‍ക്കു 30  ശതമാനം discount ഉം നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. "


അയാള്‍ കയ്പോടെ ചിരിച്ചു. രഞ്ജിത്ത് പോകുവാനായ് എഴുനേറ്റു പെട്ടിയും ഫയലുകളും എടുത്തു. വാതില്‍ക്കലോളം എത്തിയ ശേഷം പറഞ്ഞു.


" കാലത്തിലൂടെ ഒരു തിരിച്ചു പോക്ക്. മലിനപ്പെടാത്ത സത്ത regain  ചെയ്യാനുള്ള യാത്ര. ഏവരും ആഗ്രഹിക്കുന്ന ഒന്ന്. ഒരു പെണ്‍കുട്ടിയെ ഉപേക്ഷിക്കുക. കാര്യമായൊന്നും നേടിയിട്ടില്ലാത്ത ജീവിതത്തെയും ഉപേക്ഷിക്കുക. നേടുന്നത് ഒരു പുതിയ ജന്മം..... വീണ്ടും കാണാം സര്‍... സ്വയം സംരക്ഷിക്കുക ..."


വാതില്‍ തുറന്നടഞ്ഞു. എന്താണ് രഞ്ജിത്ത് പറഞ്ഞതിന് അര്‍ത്ഥം? തന്‍റെ സത്ത മലിനപ്പെട്ടു എന്നല്ലേ? അവളുടെ സാന്നിധ്യം തന്നെ മലിനപ്പെടുത്തി എന്നല്ലേ? അത്തരത്തില്‍ മലിനമാണോ ആ സത്ത? അവളെ മാച്ചു കളഞ്ഞാല്‍ പിന്നെ താന്‍ സുരക്ഷിതനാണോ? പിന്നെ എന്താണ് തന്നില്‍  അവശേഷിക്കുക? അവിടെ താന്‍ ഉണ്ടോ? അവളില്ലെങ്കില്‍ തന്‍റെ സത്തയില്‍ ബാക്കി എന്തുണ്ട്? അയാള്‍ക്ക്‌ എന്തെന്നില്ലാത്ത ഭയം തോന്നി.


 അയാള്‍ കുപ്പിയില്‍ അവശേഷിച്ച മദ്യം ഗ്ലാസില്‍ പകര്‍ത്തി. ഒരു സിഗരറ്റ് കത്തിച്ചുകൊണ്ട് തിടുക്കത്തില്‍ ജനലരുകിലേക്ക് നീങ്ങി. തെരുവില്‍ തണല്‍മരത്തിനു കീഴില്‍ ആ പെണ്‍കുട്ടിയെ കണ്ടില്ല. അയാള്‍ വേവലാതിയോടെ ചുറ്റും നോക്കി. ഇല്ല..... പെണ്‍കുട്ടിയില്ല... താന്‍ ഉടഞ്ഞു നുറുങ്ങി വീഴുന്നത് പോലെ അയാള്‍ക്ക്‌ തോന്നി. ഇതു വരെ അനുഭവിക്കാത്ത ഒരു ഭാരമില്ലായ്മ. അയാളുടെ കണ്ണുകള്‍ നിറഞ്ഞു. ദേഹം വിറക്കാന്‍ തുടങ്ങി. അനിയന്ത്രിതമായ ഒരു മനംപിരട്ടല്‍ അന്നേരം അയാളില്‍ ആവേശിച്ചു. ഗ്ലാസും സിഗറെറ്റും വലിച്ചെറിഞ്ഞ അയാള്‍ ആ ജനലരുകില്‍ തന്നെ മുട്ടുകുത്തിയിരുന്ന് ചര്‍ദ്‌ദിക്കുവാന്‍ തുടങ്ങി... 








.............................................................................................................................................

കുമിള

നിസ്സാരമായ എന്തെങ്കിലും ആശയക്കുഴപ്പത്തില്‍ അകപ്പെട്ടാല്‍ മതി , സുനന്ദയുടെ തല വല്ലാതെ വേദനിക്കും . കണ്ണുകള്‍ പെട്ടെന്ന് തന്നെ നിറയുകയും ചെയ്യും. വിക്കലും വിതുമ്പലും പ്രദര്‍ശിപ്പിക്കുന്നത് കടുത്ത പരിഹാസങ്ങള്‍ക്കു വഴി തെളിക്കും എന്നറിയാവുന്നതിനാല്‍ അവള്‍ ഉടന്‍ തന്നെ, ചുറ്റുപാടുകളില്‍ നിന്ന് വഴുതി മാറാന്‍ ശ്രമിക്കും. സുനന്ദ കണ്ണുകള്‍ തീവ്രമായ വേദനയോടെ ഇറുക്കിയടച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ തന്‍ ആദ്യമായ് ആ സ്വപ്നം കണ്ടത്. നിറയെ പൂക്കളുള്ള ഒരു പൂന്തോട്ടം. നടുരാവ്. ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട്ചിരിക്കുന്ന പൂക്കള്‍. പൂന്തോട്ടത്തില്‍ spacesuit  പോലുള്ള എന്തോ അണിഞ്ഞുകൊണ്ട് ഉലാത്തുന്ന ഒരാള്‍. പെട്ടെന്ന് എവിടെ നിന്നൊ ഒരു പക്ഷിയുടെ കരച്ചില്‍. ഒരു കൊടുങ്കാറ്റിന്റെ ഹുങ്കാരം. ഇടിമിന്നലുകള്‍ . നാലുപാടു നിന്നും പൂന്തോട്ടത്തിന്റെ കഴുത്തിറുക്കി കൊണ്ട് അയാളിലേക്ക് പാഞ്ഞു കയറുന്ന കടല്‍. നിസ്സഹായനായ് ഒരൊറ്റ നക്ഷത്രം മാത്രമുണ്ടായിരുന്ന ആകാശത്തിലേക്ക് കൈകള്‍ ഉയര്‍ത്തുന്ന അയാള്‍. സ്വപ്നം കണ്ടയുടനെ തന്‍ ഞെട്ടി ഉണര്‍ന്നിരുന്നു. അന്ന് തന്‍ ഡിഗ്രിക്ക് പഠിക്കുന്നു. കുറെ തരത്തില്‍ ആ സ്വപ്നത്തെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിരുന്നു. മറന്നുവെന്നു കരുതിയപ്പോഴെല്ലാം തന്‍ ആ സ്വപ്നം വീണ്ടും വീണ്ടും കണ്ടു. എല്ലാക്കാലത്തും തന്റെ യാഥാര്‍ത്ഥ്യങ്ങളെ ആ സ്വപ്നത്തിന്റെ അവശിഷ്ടങ്ങള്‍ അസ്വസ്ഥപെടുത്തി. ഇന്നിപ്പോള്‍ ജാഗ്രതാവസ്ഥയില്‍ ആ സ്വപ്നം കണ്മുന്നില്‍. 
 
അര്‍ദ്ധവൃത്ത ആകൃതിയിലുള്ള സ്റ്റേജില്‍ നിറയെ പൂക്കള്‍. സ്റ്റേജില്‍ മങ്ങിയ വെളിച്ചമേ ഉള്ളു. റേഡിയോ ആക്റ്റീവ് വികിരണങ്ങളെ ചെറുക്കുന്ന, തവിട്ടു നിറത്തിലുള്ള suit  അണിഞ്ഞുകൊണ്ട് ആരോ ഒരാള്‍ പ്ലാസ്റ്റിക്‌ പൂക്കളോട് കിന്നാരം പറയുന്നു. സ്ടഗിനു പശ്ചാതലമായ്‌, നെടു നീളന്‍ കാന്‍വാസില്‍ ഹിരോഷിമയില്‍ വിരിഞ്ഞ ചുവന്ന പൂവിന്റെ ചിത്രം. സ്പീക്കറില്‍ നിന്ന് ഒരു പക്ഷി കരഞ്ഞു. കാറ്റ് വീശുന്നു. മുകളിലെ സ്പോട്ട് ലൈറ്റ് മിന്നിത്തെളിയുന്നു. സുനന്ദ രണ്ടു കൈകള്‍ കൊണ്ട് തല ചാരിയിരുന്നു. 'ആകെ വയ്യ'. അവള്‍ സ്വയം പറഞ്ഞു. തലക്കകത്ത് സുപ്രണ്ടിന്റെ വാക്കുകളാണ്. പിന്നെ ആ എമണ്ടന്‍ യന്ത്രത്തിന്റെ ഭാഗങ്ങളും ചില പത്രവാര്‍ത്തകളും ചിതറിയ കുറെ ചിന്തകളും. 
 
" സുനന്ദ ഒരു കാര്യം മനസ്സിലാക്കണം. ഇതൊന്നും നമ്മളെ ബാധിക്കുന്ന കാര്യമല്ല."
"പക്ഷെ...സര്‍..."
 
 സുനന്ദ ഒരു തെങ്ങലോളം എത്തിയിരുന്നു. കണ്ണുകള്‍ നിറയാന്‍ തുടങ്ങിയിരുന്നു. ചുണ്ടുകള്‍ വിതുമ്പാനും. ചില്ലിട്ട മേശക്കപ്പുരം കസേരയില്‍ ഇരുന്ന മേലുദ്യോഗസ്ഥന്‍ അവളെ തന്നെ നോക്കി അല്പം പരുഷമായ് തുടര്‍ന്നു. 
 
"ലുക്ക്‌ ... സുനന്ദ. വസ്തുതകള്‍ ഇത്ര മാത്രമാണ്. വ്യവസായ വകുപ്പിന്റെ പൂര്‍ണമായ അന്ഗീകരത്തോട്‌ കൂടി, കേന്ദ്ര സര്‍ക്കാരിന്റെ സബ്സിഡിയോട് കൂടി, കോര്പരറേന്റെ അധീനതയില്‍ വരുന്ന ഒരു തരിശു പ്രദേശത്ത്, ഒരു വ്യവസായി കൂടിയായ രാക്ഷ്ട്രീയപ്രമുഖന്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ഫാക്ടറി. പാലങ്ങളും മറ്റു വമ്പന്‍ കണ്‍സ്ട്രക്ഷന്‍ ഉകളും ആവശ്യപെടുന്ന വിധത്തില്‍ സ്റ്റീല്‍ കട്ട്‌ ചെയ്തു modifie  ചെതുകൊടുക്കുക എന്നുള്ളതാണ് കമ്പനിയുടെ ഉത്തരവാദിത്തം. ബില്‍ഡിംഗ്‌ പണി പൂര്‍ത്തിയായ്. തൊഴിലാളികള്‍ക്കായുള്ള recruitment  ആരംഭിച്ചും കഴിഞ്ഞു. അതില്‍ തന്നെ മുപ്പതു ശതമാനം ലോക്കല്‍ quota . ജനങ്ങള്‍ പൂര്‍ണമായും സന്തുഷ്ടരല്ലെങ്കിലും നിരാശരല്ല. എതിര്‍പ്പിന്റെ സ്വരം അവരില്‍ നിന്നില്ല. ഫാക്ടറിക്ക് ആവശ്യമായ ഉപകരണങ്ങള്‍ എല്ലാം തന്നെ അവര്‍ വരുത്തിച്ചു കഴിഞ്ഞു. കൂടുതല്‍ സങ്കീര്‍ണ്ണമായ തെറ്റ് പറ്റാന്‍ പാടില്ലാത്ത ഉപകരണങ്ങള്‍ പുറത്തു നിന്ന്. അത് എവിടെ നിന്നെങ്കിലും ആയിക്കോട്ടെ. ഫാക്ടറി സ്ഥിതി ചെയ്യുന്ന പരിസ്ഥിതിക്കും അവിടെ വസിക്കുന്ന ജനങ്ങള്‍ക്കും ഫാക്ടറി മൂലം എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടാകുമോ എന്ന് പഠിക്കുകയും റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും ചെയ്യുക എന്നുള്ളത് മാത്രമാണ് സുനന്ദയുടെ ജോലി. അത് അന്ഗീകരിക്കുകയും വകുപ്പ് കേന്ദ്രത്തിലേക്ക് കയറ്റി അയക്കുകയും ചെയ്യുക എന്നുള്ളത് എന്റേതും. ഫാക്ടറിയില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ അന്തരീക്ഷത്തെ മലിനമാക്കുമോ, അവിടുത്തെ ജൈവ സമ്പത്തിന്റെ നിലനില്പിന് ഭീഷണി ഉയര്‍ത്തുമോ, എന്നുള്ളതാണ് നമുക്ക് മുന്നിലുള്ള പ്രധാന ചോദ്യം. മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ ആകട്ടെ, ഏറ്റവും ഫലപ്രദമായ രീതികള്‍ തന്നെ അവര്‍ അവലംബിക്കുന്നു. അതില്‍ സുനന്ദ satisfied  ആണ്. ഞാനും. കമ്പനിക്കടുത്തുള്ള ജനവാസ പ്രദേശം 3 കിലോമീറ്റര്‍ എങ്കിലും അകലെയും ആണ്. സ്വതവേ എളുപ്പത്തില്‍ തീരുന്ന ജോലി. തീര്‍ക്കേണ്ട ജോലി. താന്‍ റിപ്പോര്‍ട്ട്‌ ഉടന്‍ സമര്‍പ്പിക്കുക. താന്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കാന്‍ എന്റെ പരിചയ സമ്പത്ത് എന്നെ അനുവദിക്കുന്നില്ല. സുനന്ദ പൊക്കോളൂ ...." .
 
ധൃതിയില്‍ ഇത്രയും പറഞ്ഞു, ചെറുതായ് മുരടനക്കികൊണ്ട് സുപ്രണ്ട് മേശമേലിരുന്ന ഫയലിലേക്ക് കണ്ണുകള്‍ പൂഴ്ത്തി. സുനന്ദ ഇപ്പോള്‍ വീഴും എന്നാ മട്ടില്‍ ആടിയുലഞ്ഞു. പരിസ്ഥിതി വകുപ്പിന്റെ കീഴിലുള്ള ഒരു ചെറിയ ഓഫീസാണ് ഇതു. നാലു ക്ലാര്‍ക്കുമാരും രണ്ടു എന്ജിനീയര്മാരും രണ്ടു പ്യുനും രണ്ടു ഡ്രൈവര്‍മാരും ഒരു സുപ്രണ്ടും ഒരു വാച്ച്മാനും അടങ്ങുന്ന ഓഫീസ്. കാര്യമായ് തിരക്ക് പിടിക്കേണ്ട ജോലികള്‍ ആര്‍ക്കുമില്ല. സുപ്രണ്ട് കനിശക്കാരനാനെങ്കിലും ക്ഷിപ്രകോപിയോ ഒരു സാഡിസ്റ്റ് ഓ അല്ലാത്തതിനാല്‍ തീവ്രമായ വീര്‍പ്പുമുട്ടലുകളും ഇല്ല. ദൈന്യതയോടെ അവള്‍ കാബിനു പുറത്തേക്കു കടന്നു. നിശബ്ധയായ് തന്റെ സീറ്റില്‍ ചെന്നിരുന്നു. ഒളിഞ്ഞും തെളിഞ്ഞും എല്ലാ കണ്ണുകളും തന്റെ മേല്‍. വല്ലാത്ത ഒരു അപഹാസ്യതയോടെ അവള്‍ കണ്ണുകള്‍ അടച്ചു. ഒരിറ്റു കണ്ണുനീര്‍ കുതറി പുറത്തു ചാടുകയും ചെയ്തു. 
" എന്താ സുനു .... ഇതിത്ര വലിയ പ്രശ്നമാണോ? "
 
അശോകേട്ടന്റെ ശബ്ദം. കുതിര്‍ന്ന കൃഷ്ണമണികളോടെ അവള്‍.
 
" താന്‍ ആകെ frustrated ആയല്ലോ. സാരമില്ല, ദാ കാപ്പി കഴിക്കു. എന്നിട്ടൊന്ന് relaxed  ആവു. കൂട്ടുകാരിയുടെ കളരി വരെ ഒന്ന് പോ. സുപ്രണ്ടിനോടെ ഞാന്‍ സംസാരിക്കാം..."
 
പ്യുന്‍ മാധവേട്ടന്റെ കയ്യില്‍ നിന്ന് കാപ്പിക്കപ്പ് വാങ്ങി അവള്‍ക്കു നല്‍കിയതിനു ശേഷം ആ മുതിര്‍ന്ന എഞ്ചിനീയര്‍ സുപ്രണ്ടിന്റെ കാബിനിലേക്ക്‌ നീങ്ങി. ആരെയും ശ്രദ്ധിക്കാതെ അവള്‍ കാപ്പി കഴിച്ചു. ആരെയും നോക്കാതെ ബാഗുമായ് പുറത്തേക്കു നടന്നു. വാച്ച്മാന്‍ ദാസേട്ടന് പതിവായ്‌ കൊടുക്കാറുള്ള സല്യുട്ടും കൊടുത്തില്ല. നാലു കിലോമീറ്ററുകള്‍ അകലെ, സഹകരണ ബാങ്കിന്റെ പുറകുവശത്തുള്ള നരേന്ദ്രന്‍ മാസ്റ്ററുടെ നാടക കളരിയില്‍ നടന്നു എത്തുന്നത്‌ വരെ വഴിയില്‍ കണ്ട യാതൊന്നും അവളെ സ്പര്‍ശിച്ചില്ല. ഒരു ശബ്ദവും അവള്‍ കേട്ടില്ല. 
"ഉം ... എന്ത് പറ്റി? "                ശില്പ 
 
"ഏയ് .... ഒന്നുമില്ല... ചെറിയൊരു തലവേദന..." സുനന്ദ ചെറുതായ് ചിരിക്കാന്‍ ശ്രമിച്ചു.
 
അകലെ സ്റ്റേജില്‍ മഞ്ജുഷയുടെ കരുണ നിറഞ്ഞ മുഖത്ത് ചോദ്യങ്ങള്‍. ഒന്നുമില്ലെന്ന് തലയാട്ടിക്കൊണ്ട് അവള്‍ മറുപടി കൊടുത്തു. മഞ്ജുഷ കയ്യിലിരുന്ന ഏതാനും കടലാസുകളുമായ്. അരങ്ങിന്റെ ഒരു വശത്ത് നിന്നിരുന്ന യുവാക്കളുടെ നേര്‍ക്ക്‌ നീങ്ങുകയും എന്തോ പറഞ്ഞു കലഹിക്കുന്നതും അവള്‍ കണ്ടു. അവള്‍ ചുറ്റുപാടും നോക്കി. അഭിനേതാക്കള്‍ ആയ് പത്തുപന്ത്രണ്ടു പേര്‍. നിഴലും വെളിച്ചവും ഇടകലര്‍ന്ന നാടകമായതിനാല്‍  അവര്‍ സ്റ്റേജ്ന്റെ പല ഭാഗങ്ങളില്‍ ആയ് ഏകാഗ്രതയോടെ നില്‍ക്കുന്നു. സ്റ്റേജ്നു മുന്നില്‍ തന്നെ പഴയൊരു ഇരുമ്പ് കസേരയില്‍ നിന്ന് പുക പൊങ്ങുന്നത് കണ്ടു. നരേന്ദ്രന്‍ മാസ്റര്‍. rehersal  കാണാനും ആളുകള്‍ കുറവാണു. രാധാകൃഷ്ണന്‍ സാറും ഉണ്ണി മാഷും ബാങ്കിലെ കൈമളും കവി അലക്സും പിന്നെ പേരറിയാത്ത ഏതാനും പേരും ഒരിടത്തിരുന്ന് ശബ്ദം കുറച്ചു എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്. university കോളേജില്‍ നിന്നുള്ള ഒരു പിടി ഡ്രാമ പിള്ളേരും. ഒരു മൂലയില്‍ പേരെന്താണെന്നോ , എവിടെ നിന്ന് വരുന്നുവെന്നോ ആര്‍ക്കും അറിയില്ലാത്ത ആ പ്രണയമിഥുനങ്ങള്‍ ഇരുന്നു കൊക്കുരുമ്മുന്നു. സ്റ്റേജ് നു ഒരു വശം, കൂട്ടിയിട്ടിരുന്ന ഏതാനും പെയിന്റിങ്ങുകള്‍ക്കിടയില്‍ , സംവിധായകന്റെ കസേരയില്‍ ക്യാമ്പിനടുത്ത വീട്ടിലുള്ള ആ ചിത്രശലഭം ഇരുന്നു പുഞ്ചിരി തൂകുന്നുണ്ട്. മഞ്ജുഷയാകട്ടെ ചടുലമായ, എന്നാല്‍ സ്ത്രൈണത  നിറഞ്ഞ ചലനങ്ങളാല്‍ അങ്ങോട്ടുമിങ്ങോടും ഓടി നടക്കുന്നു.
 
"എങ്ങനുണ്ട് rehersal ?"
 
സുനന്ദ ചോദിച്ചു.
" കൊള്ളാം... കഴിഞ്ഞ നാടകം പോലെയല്ല. അത്യാവശ്യം അഭിനയിച്ചു പരിചയമുള്ളവരാണ് ഇക്കുറി. "
 
ശില്പ പറഞ്ഞു.
" തന്റെ ആ സ്വപനം. അത് വല്ലാത്ത ഒരു സ്പാര്‍ക്ക് ആയിരുന്നു. നാളെയൊരു കാലത്ത്, റേഡിയോ ആക്റ്റീവ് emisssion ചെറുക്കുന്ന suit  അണിഞ്ഞേ പുറത്തിറങ്ങാന്‍ ആകു എന്ന് ചിന്തിക്കുമ്പോള്‍ തന്നെ ഒരു നടുക്കം. ത്രെഡ് കേട്ടപ്പോള്‍ തന്നെ ആശാന്റെ മൂക്കില്‍ നിന്ന് ബീഡി വലിക്കാതെ തന്നെ പുക വന്നു. പ്ലാന്നിങ്ങും സ്ക്രിപ്ടിങ്ങും എല്ലാം പെട്ടെന്ന് കഴിഞ്ഞു. ഇതു മഞ്ജു കലക്കും. അവളുടെ സ്ക്രിപ്റ്റില്‍ വാക്കുകളേക്കാള്‍ ചിത്രങ്ങളാണ്. "
 
ശില്പ പ്രതീക്ഷകളില്‍ ചുവന്നത് പോലെ തോന്നി. 
സ്റ്റേജില്‍ rehersal പുനരാരംഭിച്ചിരുന്നു. പൂക്കളെ തലോടിക്കൊണ്ട് അയാള്‍ നടക്കുന്നു. സ്റ്റേജ്നു പുറത്തു, ഒരു വശത്തേക്ക് മാറി നിന്ന്, കടലാസ് കെട്ട് നെഞ്ചോടു ചേര്‍ത്ത് , പേന കടിച്ചു പിടിച്ചു, പ്രാര്‍ത്ഥന നിറഞ്ഞ കണ്ണുകളോടെ നില്‍ക്കുന്ന മഞ്ജുഷയെ അവള്‍ കുറച്ചു നേരം നോക്കിയിരുന്നു. പിന്നെ വീണ്ടും കണ്ണുകളടച്ചു മയങ്ങാന്‍ തുടങ്ങി. 
 
rehersal  കഴിഞ്ഞതോടെ ഉയര്‍ന്ന ചെറിയ കയ്യടിയാണ് അവളെ ഉണര്‍ത്തിയത്. നരേന്ദ്രന്‍ മാഷുമായ് എന്തോ സംസാരിച്ചതിന് ശേഷം മഞ്ജുഷ അവളിലെക്കോടിയെത്തി. 
 
" എന്തേ നിനക്ക്.. , ആ സ്ഥിരം തലവേദന ആണോ? "
 
അവള്‍ അലിവോടെ തന്റെ കൈത്തലം സുനന്ദയുടെ നെറ്റിയില്‍ ചേര്‍ത്തു. സുനന്ദ മൃദുവായ് പുഞ്ചിരിച്ചു.
 
"കുഴപ്പമില്ല... ഇപ്പോള്‍ കുറഞ്ഞു..."
 
" എന്തു പറ്റി? ഒരു തേങ്ങയുടെ മൂട് ഫീല്‍ ചെയ്യുന്നു..."
 
" നിന്റെ തിരക്ക് കഴിഞ്ഞോ? "
 
" ഉം.. ഇന്നത്തെ തീര്‍ന്നു. ഇനി നാളെ..."
 
" tired  ആണോ? ഒന്നു നടന്നാലോ ?"
 
"ഇല്ല... നടക്കാം.. എന്താ പരിപാടി? "
" എനിക്ക് ക്രൂശിതനെ കാണണം..." സുനന്ദ അകലെ ആ പ്രണയമിഥുനങ്ങളെ നോക്കി പറഞ്ഞു.
 
തിങ്ങിപ്പായുന്ന വാഹനങ്ങളും അവയുണ്ടാക്കുന്ന അസുഖകരമായ കോലാഹലവും നിറഞ്ഞ രോടിനോരം ചേര്‍ന്ന് അവര്‍ നടന്നു.  കണ്ടു മുട്ടുന്ന സ്ഥിരം മുഖങ്ങളില്‍ അതെ സ്ഥിരം നോട്ടം. അതേ ഇരുത്തിമൂളലുകള്‍. അനാവശ്യമായ ഹോണ്‍മുഴക്കങ്ങള്‍. സൈക്കിള്‍ ബെല്ലുകള്‍. അശരീരികള്‍. നഗരത്തിന്റെ തിരക്ക് അവര്‍ക്ക് പതിവായ്‌ സമ്മാനിക്കുന്നത് ഇതൊക്കെയായിരുന്നു.  
 
" എന്തായി റിപ്പോര്‍ട്ട്‌? " മഞ്ജുഷ ആകാംഷയോടെ ചോദിച്ചു. 
 
" സുപ്രണ്ടിന്റെ മുഖം മാറി. ഞാന്‍ പറഞ്ഞതെല്ലാം അദ്ദേഹം കേട്ടു. അംഗീകരിക്കാനാവില്ല എന്ന് പറഞ്ഞു പുചിച്ചു. മുകളില്‍ നിന്ന് നല്ല പ്രഷര്‍ ഉണ്ടെന്നു തോന്നുന്നു. 'പോരാട്ടം' എന്തോ സംഘടിപ്പിക്കാന്‍ പോകുന്നു എന്നൊരു ന്യൂസ്‌ കേട്ടു. ഒരാഴ്ചക്കുള്ളില്‍ വകുപ്പിന്റെ അംഗീകാരം കിട്ടണം എന്ന് പറഞ്ഞു. എനിക്കാകെ വയ്യ മഞ്ജു. അവര്‍ക്ക് അനുകൂലമായ ഒരു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചാല്‍ നാളെയൊരു കാലത്ത് വരും തലമുറ എന്നെ കുട്ടപ്പെടുതുമോ എന്നൊരു ഭയം. കഷ്ടപ്പെട്ട് പഠിച്ചു നേടിയ ജോലിയാണ്. സര്‍വീസില്‍  ഒരു ബ്ലാക്ക്‌ മാര്‍ക്ക്‌ വീണാലുള്ള കാര്യവും ആലോചിക്കാന്‍ വയ്യ. ...."
 
മഞ്ജുഷ മറുപടിയൊന്നും പറഞ്ഞില്ല. പൈതൃകത്തില്‍ ഊന്നിയ വിവിധ തരം ഡിസൈന്‍ നുകളില്‍ സ്വര്‍ണം വില്‍ക്കുന്ന ജ്വല്ലറിക്കു സമീപം റോഡിനോരം ചേര്‍ന്ന് ഒരു സമ്മേളനം നടക്കുന്നുണ്ടായിരുന്നു. അവിടെ അവര്‍ കാത്തിരിക്കേണ്ടതുണ്ട്. പാറശാല മുതല്‍ കണ്ണൂര്‍ വരെ നീളുന്ന, തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ ആഗോളവല്‍ക്കരണവിരുദ്ധ റാലിക്ക് നല്‍കുന്ന സ്വീകരണം. അണികള്‍ ഒരുപാട് പേരുണ്ട്. അതില്‍ കൂടുതല്‍ കൊടികളും. നഗരം ചുവന്നിരിക്കുന്നു. ഹൈവയിലേക്ക് തള്ളി നില്‍ക്കുന്ന സ്റ്റേജ് ഇല്‍ ഒരു യുവാവ് ആവേശോജ്വലനായ് പ്രസംഗിക്കുന്നുണ്ട്. ഓരോ വാചകത്തിനും ചെറിയ ചെറിയ കയ്യടികളുടെ അകമ്പടി. വാഹനങ്ങള്‍ ഹോണടിക്കാതെ തൊട്ടുരുമ്മി നീങ്ങുന്നു. വൈകുനേരമാണ്. മനുഷ്യര്‍ക്ക്‌ ധൃതി  കൂടുന്ന സമയമാണ്. പക്ഷെ, ഇവിടെ ക്ഷമിച്ചേ പറ്റൂ. ഇസം മനസ്സിലാക്കാന്‍ തന്നെ പ്രയാസമാണ്. പ്രായോഗിക ഇസം അസാധ്യവും. അവര്‍ ആ വാഹനച്ചങ്ങലയിലൂടെ കണ്ണുകള്‍ പായിച്ചു. ഏറെ പിന്നിലായ് വിതുമ്പുന്ന ഒരു ആംബുലന്‍സ് കണ്ടു. 
 
" ഒരു ജനകീയ വിപ്ലവത്തിന് സമയമാകുന്നു....."
 
മഞ്ജുഷ ആരോടെന്നില്ലാതെ പറഞ്ഞു. ചിത്രകാരിയാണ് മഞ്ജുഷ. നാലു ജില്ലകള്‍ക്ക്‌ അപ്പുറം ആധിത്യമര്യാദക്ക് പേര് കേട്ട ഒരു നാട്ടില്‍ ജനനം. ചിത്രകല പഠിക്കാന്‍ ഈ നഗരത്തിലെത്തി. അന്ന് താന്‍ ഇവിടെ തന്നെയുള്ള ഒരു കോളേജില്‍ കെമിസ്ട്രി പഠിക്കുന്നു. അവളുടെ കോളേജില്‍ സംഘടിപ്പിക്കപെട്ട ഒരു ചിത്രകല- കവിതാ ക്യാമ്പില്‍ വച്ച് ആദ്യമായ് പരിചയപെട്ടു.  വര്‍ഷം എട്ടാകുന്നു ഇപ്പോള്‍. താന്‍ പിജിയും കഴിഞ്ഞു അധികം വൈകാതെ സര്‍ക്കാര്‍ സര്‍വീസില്‍ കയറി. ഒന്നു രണ്ടു വര്‍ഷം പലയിടങ്ങളിലായ് ജോലി ചെയ്തു നാട്ടില്‍ തിരിച്ചെത്തി. മഞ്ജുഷയാകട്ടെ , പഠനകാലത്ത് തന്നെ ഉണ്ടായിരുന്ന, തലയ്ക്കു ഒരു നേരത്തും വെളിവില്ലാതിരുന്ന കുറച്ചു സുഹൃത്തുക്കളോടൊപ്പം നരേന്ദ്രന്‍ മാസ്റ്ററുടെ നാടക കളരിയുമായ് സഹകരിച്ചു. ആദ്യകാലത്ത് സ്റ്റേജ് ഇന്റെ പശ്ചാത്തലം ഡിസൈന്‍ ചെയ്യുകയായിരുന്നു പണിയെങ്കിലും പിന്നീട് സ്ക്രിപ്ടിങ്ങിലേക്കും കടന്നു. വര്‍ഷങ്ങള്‍ ആയുള്ള അനിയന്ത്രിതമായ പുകവലിയും മദ്യപാനവും മാസ്റ്ററുടെ ജീവനെ തുണ്ട് തുണ്ടായ് സ്വതന്ത്രമാക്കാന്‍ തുടങ്ങിയതോടെ , തന്റെ അനന്തര അവകാശിയായ് മഞ്ജുഷയെ മാസ്റ്റര്‍ അവരോധിച്ചു. നഗരത്തിലെ ചില പരസ്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും അവള്‍ ജോലി ചെയ്യുന്നുണ്ട്. എന്തിനും ഏതിനും തന്റെതായി ഒരു അഭിപ്രായം സൂക്ഷിക്കുന്നത് കൊണ്ട്, തല്ലുകൊള്ളി എന്നൊരു പേരും ഉണ്ട്. 'ഡാ ചെറുക്കാ' എന്നെ മാസ്റ്റര്‍ അവളെ വിളിക്ക്. സമ്മേളനം അവള്‍ക്കു രസിച്ചിട്ടില്ല എന്ന് മനസ്സിലായ്.
 
പള്ളിയിലേക്കുള്ള ചെറിയ ഇടവഴിയിലേക്ക് കയറാന്‍ നേരം മഞ്ജുഷ പറഞ്ഞു. 
 
" ഇതങ്ങു അവോഇദ് ചെയ്യണം എന്നാണ് എന്റെ അഭിപ്രായം. നിനക്ക് റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞാല്‍, സൂപ്രണ്ട് ആ പണി അശോകേട്ടനെ ഏല്പിക്കും. അത് നിനക്കൊരു മോശം impressiom ഉണ്ടാക്കുകയും ചെയ്യും. നിങ്ങളുടെ സൂപ്രണ്ട് അത്ര കുഴപ്പക്കാരന്‍ അല്ലല്ലോ? നീ എങ്ങനെ ടെന്‍ഷന്‍ അടിക്കേണ്ട കാര്യമില്ല...."
 
സുനന്ദ മറുപടിയൊന്നും പറഞ്ഞില്ല. 
 
പള്ളിയില്‍ പറയത്തക്ക തിരക്കൊന്നും ഉണ്ടായിരുന്നില്ല. മാസ്റ്റര്‍ ഒരിക്കല്‍ വാക്കുകള്‍ കൊണ്ട് പരിചയപെടുത്തി തന്ന നഗരത്തിലെ പാപിനിയായ സ്ത്രീ ബഞ്ചുകളില്‍ ഒന്നില്‍ ഏകയായ് ഇരിക്കുന്നു. അശാന്തരായ, അശരണരായ ഒരു കൂട്ടം വാര്‍ധക്യങ്ങള്‍ നിലത്തിരുന്നു പ്രാര്‍ത്ഥിക്കുന്നു. അല്‍ത്താരക്ക് ഇടതു വശത്തായി, അടുത്തുള്ള മഠത്തിലെ ഏതാനും അന്തേവാസിനികള്‍ നിശബ്ധരായ് ബൈബിള്‍ വചനങ്ങളില്‍. അള്‍ത്താര ശുശ്രൂഷകരില്‍ പെടുന്നയാളെന്നു തോന്നുന്ന ഒരു ബാലന്‍ ക്രിസ്തുവിന്റെ കാലിനു സമീപം എന്തോ വൃത്തിയാക്കി കൊണ്ട് നില്‍ക്കുന്നു. മങ്ങിയും തെളിഞ്ഞും കത്തുന്ന മെഴുകുതിരികള്‍ . മുകളില്‍ വശങ്ങളിലുള്ള വലിയ ഗോതിക് ജനാലകളില്‍ കൂടി പോക്കുവെയില്‍ അല്‍ത്താരയിലേക്ക് ഊര്‍ന്നു വീഴുന്നു. സുനന്ദ കണ്ണിമക്കാതെ , കൈകള്‍ നെഞ്ചോട്‌ ചേര്‍ത്ത് ക്രൂഷിതനെ തന്നെ നോക്കിയിരുന്നു. മഞ്ജുഷ കൈകള്‍ കൂപ്പാതെ തന്നെ അല്‍പനേരം കണ്ണടച്ചിരുന്നു. നിമിഷങ്ങള്‍ കഴിഞ്ഞതോടെ സുനന്ദയുടെ കണ്ണുകള്‍ നിറഞ്ഞു. അല്‍ത്താരക്ക് സമീപം ഒരു കന്യാസ്ത്രീയുടെ ചുണ്ടുകള്‍ അന്നേരം മെല്ലെ വിര കൊണ്ടു.

" എന്റെ വഴികളൊക്കെയും നിനക്ക് മനസ്സിലായിരിക്കുന്നു. നീ മുഴുവനും അറിയാതെ ഒര്വാക്ക് പോലും എന്റെ നാവിന്മേല്‍ ഇല്ല. "

മഞ്ജുഷ കരുതലോടെ സുനന്ദയുടെ കരം ഗ്രഹിച്ചു. സുനന്ദ പറയുവാന്‍ തുടങ്ങി.

" ആ മീറ്റിങ്ങില്‍ അയാള്‍ ഉണ്ടായിരുന്നു. ഫാക്ടറിയുടെ ഉടമ. യുവാവിന്റെ പ്രസംഗത്തില്‍ സ്റ്റേജില്‍ ഇരുന്ന അയാള്‍ ചിന്താകുലനായ് കാണപ്പെട്ടു. ഓര്‍ക്കുന്നുണ്ടോ നീ. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ടൌണ്‍ ഹാളില്‍ നടന്നിരുന്ന 'നാം , നമുക്ക് ചുറ്റും ' എന്ന പ്രഭാഷണ പരമ്പര? ആ ദിവസങ്ങളില്‍ ഒന്നില്‍ ഇയാളും പ്രസംഗിച്ചിരുന്നു. അന്നയാള്‍ പറഞ്ഞതൊക്കെയും ഏതൊക്കെ തന്നെ ആയിരുന്നു. ആഗോളവത്കരണത്തിന്റെ കരാള ഹസ്തങ്ങളെ പറ്റി. അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഈ ഭൂമുഖത്ത് നടത്തുന്ന തേര്‍വാഴ്ചകളെ പറ്റി. പ്രാദേശിക കമ്പോളങ്ങള്‍ പിടിച്ചടക്കാന്‍ ഉത്പന്നങ്ങള്‍ വില കുറച്ചു വില്‍ക്കുന്ന പുതിയ മുതലാളിത്ത മാര്‍ക്കറ്റിംഗ് തന്ത്രങ്ങളെ പറ്റി. IMF  ന്റെയും ലോക ബാങ്കിന്റെയും വേള്‍ഡ് ട്രേഡ് organization ന്റെയും താല്പര്യത്തിനു അനുസരിച്ച്, ഗോവെര്‍ന്മേന്റുകള്‍ നടപ്പില്‍ വരുത്തുന്ന ഉദാരവല്‍ക്കരണം എന്നാ കെണിയെ പറ്റി. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തെ അയാള്‍ quote  ചെയ്യുകയും ചെയ്തു. ആഗോളവത്കരണത്തെ ചെറുത്‌ തോല്‍പ്പിക്കാന്‍ അയാള്‍ ആഹ്വാനം ചെയ്തപ്പോള്‍ ഞാനും അറിയാതെ കൈകള്‍ ഉയര്‍ത്തി....."
 
സുനന്ദയുടെ പൊള്ളുന്ന നെറ്റിയില്‍ കൈ ചേര്‍ത്ത് കൊണ്ട് മഞ്ജുഷ പറഞ്ഞു.
 
"പൊളിട്രിക്സ് "
 
" വലിയ സ്റ്റീല്‍ structures  ഉണ്ടാക്കുന്ന കമ്പനി ആണ്. അത്യാധുനികമായ ഉപകരണങ്ങള്‍ ആവശ്യമായ production . അവര്‍ ഉപകരണങ്ങള്‍ വരുത്തിയിരിക്കുന്നത് അമേരിക്കയില്‍ നിന്ന്. ആയുധ നിര്‍മ്മാണത്തിന് പേര് കേട്ട കമ്പനി. എവിടെയും യുദ്ധം ഉണ്ടാക്കാന്‍ ശേഷിയുള്ള കമ്പനി. സാന്‍ഫ്രാന്‍സിസ്കോ ഉള്‍ക്കടലിനോട് ചേര്‍ന്ന്, പസഫിക്കിലെ ഏകാന്തമായ ഒരു ദ്വീപിലാണ് മുഖ്യ production  unit . ആര്‍ക്കും എളുപ്പത്തില്‍ കൈവശം ആക്കാവുന്ന , 20 മീറ്റര്‍ ഷൂട്ടിംഗ് റൈന്‍ജുള്ള ചെറിയ പിസ്റ്റളുകള്‍ ആണ് ഏറ്റവും വില കുറഞ്ഞ ഉല്പന്നം. atlantic ഇലും adriatic ഇലും meditteranian ഇലും പേര്‍ഷ്യന്‍ ഗള്‍ഫിലും . ഏതെങ്കിലും ഒരു വാതില്‍ തുറക്കുന്നതും നോക്കി ശ്രദ്ധയോടെ ഓടുന്ന ആണവ യുദ്ധക്കപ്പലുകളും കമ്പനി നിര്‍മ്മിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ കമ്പനി ബാല്ക്കനിലും ഏഷ്യന്‍ പസഫിക്കിലും ആണവ reacters സ്ഥാപിക്കുവാനും തുടങ്ങി. ലോകത്തെമ്പാടും അവര്‍ എന്ന് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നു. ചൈന ആയിരുന്നു വ്യാവസായിക ഉല്പന്നങ്ങളുടെ ഇറക്കുമതിയില്‍ വമ്പര്‍. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് , ചൈനീസ് പരിസ്ഥിതി മന്ത്രാലയം കമ്പനിയുടെ ഉത്പന്നങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി. കമ്പനിയും ട്രേഡ് organization നും യൂറോപ്പ്യന്‍ union ഉം എല്ലാം , ചൈന യുടെ സഹജമായ മുതല്ലളിത വിരുദ്ധ മനോഭാവമാണ് കാരണം എന്ന് പറഞ്ഞു അപലപിച്ചു. എന്നാല്‍ ഉപരോധത്തിന് കാരണമായി ചൈനീസ് പ്രതിരോധ മന്ത്രാലയം WHO ക്ക് മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌, പ്രബുദ്ധ രാക്ഷ്ട്രങ്ങളില്‍ സമൂലമായ വിചിന്തനങ്ങള്‍ക്കു പ്രേരിപ്പിക്കുന്നതായിരുന്നു. "
 
മഞ്ജുഷ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു. 
 
" കപ്പലുകളുടെ ഡക്ക് നിര്‍മ്മിക്കുന്ന ഒരു ചൈനീസ് കമ്പനി ഇവരുടെ ഒരു പടുകൂറ്റന്‍ യന്ത്രം ഇറക്കുമതി ചെയ്യുന്നു. യന്ത്രത്തിന് പ്രത്യേകതകള്‍ ഏറെ ആയിരുന്നു. oriental made യന്ത്രങ്ങളെക്കാള്‍ ഉയര്‍ന്ന കാര്യക്ഷമത. ഇന്ധന ചിലവും കുറവ്. എല്ലാവരും തൃപ്തരായിരുന്നു. യന്ത്രം പ്രവര്‍ത്തിപ്പിച്ചിരുന്ന ജോലിക്കാര്‍ക്ക് ചില ശാരീരിക അസ്വസ്ഥതകള്‍ കണ്ടു തുടങ്ങുന്നത് വരെ. അവരുടെ തൊലിയുടെ നിറം മാറുന്നു. കാഴ്ച മങ്ങുന്നു. തലമുടി ഉണങ്ങി കൊഴിയുന്നു. ശ്വസനത്തിനു വരെ തടസ്സങ്ങള്‍ ഉണ്ടായി. സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണം ചെന്നെത്തിയത് ഈ യന്ത്രത്തിലും. ആ ഉപകരണം പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന മാലിന്യങ്ങളില്‍ വളരെ ചെറിയ തോതില്‍ ആണവ വികിരണങ്ങളും ഉണ്ടാകുന്നുണ്ട് എന്നായിരുന്നു മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. അധികം വൈകിയില്ല. ചരിത്രത്തിന്റെ ഏതു കാലത്തും വ്യത്യസ്തത  പുലര്‍ത്തിയിരുന്ന ജര്‍മ്മനി അത് ശരി വക്കുകയും ചെയ്തു. വ്യാവസായിക croatia  ആയിരുന്നു പിന്നീട്. വിദേശ മൂലധനത്തിന് വേണ്ടി എല്ലാം മറന്ന റഷ്യയും ,ചെക്കും , ഗ്രീസും ,തുര്‍ക്കിയും, തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളും, കൊറിയകളും . ഫിലിപ്പീന്‍സും , scandinavia യും എല്ലാം ഈ വഴി പിന്‍ തുടരാന്‍ അധിക കാലം എടുത്തില്ല.   ഉത്പന്നങ്ങള്‍ എല്ലാം അമേരിക്കയില്‍ തന്നെ സൂക്ഷിക്കെണ്ടതായ് വന്നു. കമ്പനിക്ക്‌ പുതിയ മേച്ചില്‍ പുറങ്ങള്‍ തെടെണ്ടിയും . ...."
 
സുനന്ദ ശിരസ്സുയര്‍ത്തി ക്രൂഷിതനെ നോക്കി. പോക്കുവെയില്‍ നിര്‍മ്മലമായ എ മുഖത്ത് പരക്കുന്നു.
 
" പിന്നെ നിനക്ക് ഊഹിക്കാവുന്നത്‌ പോലെ തന്നെ. അമേരിക്കയെ സ്വപ്നം കണ്ടു തുടങ്ങുന്ന രാജ്യങ്ങളിലെ goverments , ഉദാര സമീപനങ്ങള്‍ സ്വീകരിക്കാന്‍. ഇവിടെയും കാര്യങ്ങള്‍ എളുപ്പമായിരുന്നു. വ്യവസായ വകുപ്പിന്റെ അംഗീകാരം എളുപ്പത്തില്‍ കിട്ടി. ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന ഒരു തരിശു പ്രദേശം ഉപകാരപ്പെടുന്നതില്‍ കോര്‍പ്പറേഷന് എന്ത് പരാതി. കുറച്ചു പേര്‍ക്ക് ജോലി കിട്ടും എന്നുള്ളതിനാല്‍ ജനങ്ങള്‍ക്കും പ്രശ്നമില്ല. മഞ്ജു, ഞാന്‍ ആ യന്ത്രം പരിശോധിച്ചു. അതിന്റെ details  എല്ലാം തന്നെ. പ്രവര്തിപ്പിച്ചും നോക്കി. ഇന്ധന ചെലവ് കുറവ്. പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടുന്ന തൊഴിലാളികളുടെ എണ്ണം കുറവ്. കാര്യക്ഷമത കൂടുതല്‍. ശബ്ദം കുറവ്. കണ്ണു കൊണ്ട് കാണാന്‍ പറ്റുന്ന മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ ആരെക്കാളും പിന്നില്‍. ഞാനും തൃപ്തയായിരുന്നു. യന്ത്രത്തിന്റെ വില്‍പ്പന കരാര്‍ അറിയാതെ നോക്കിപ്പോകുന്നത് വരെ. പറഞ്ഞാല്‍ നീ വിശ്വസിക്കുമോ? ഉപകരണത്തിന്റെ അടിസ്ഥാന വിലയില്‍ 50 ശതമാനത്തിന്റെ discount . ഞാന്‍ ഞെട്ടിപ്പോയി... അവിടുത്തെ എഞ്ചിനീയര്‍ ആകട്ടെ , വികസ്വര രാഷ്ട്രങ്ങളിലെ വാണിജ്യവല്‍ക്കരണത്തിന് ഒന്നാം ചേരി രാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്ന ഉദാര സമീപനത്തില്‍ വാചാലനായ്. എനിക്ക്... എനിക്ക് പെട്ടെന്ന് എന്റെ ആ സ്വപനം ഓര്‍മ്മ വന്നു. അമേരിക്ക നമ്മുടെ നാടിനെ ഒരു പരീക്ഷണ ശാല ആക്കുകയാണ് എന്നെനിക്കു തോന്നി.... എനിക്ക്...."
 
സുനന്ദ വിക്കാന്‍ തുടങ്ങി. മഞ്ജുഷ അലിവോടെ ആ നെറ്റിയില്‍ തന്റെ ചുണ്ടുകള്‍   അമര്‍ത്തി. കണ്ണു തുടച്ച ശേഷം സുനന്ദ പറഞ്ഞു.
 
" ഇറക്കുമതി ചെയ്യപ്പെട്ട ഈ മഷീനില്‍ ആണവ മാലിന്യങ്ങള്‍ ഒളിഞ്ഞിരുപ്പുണ്ട് എന്നെനിക്കു ഒരു ശതമാനം പോലും വിശ്വാസമില്ല. പക്ഷെ.... ഉണ്ടെങ്കിലോ? അത് പ്രവര്‍ത്തിപ്പിക്കുന്ന തൊഴിലാളികളുടെ കാഴ്ച നശിച്ചാലോ? അവരുടെ തൊലിയില്‍ നിന്ന് മെലാനിന്‍ നഷ്ടപെട്ടാലോ? മുടിയെല്ലാം കൊഴിഞ്ഞു അവര്‍ അകാലത്തില്‍ തന്നെ വൃദ്ധരായാലോ? ഒരിക്കല്‍ നമ്മള്‍ എവിടെ നിന്നും ആട്ടിയോടിച്ച ആ പഴയ ശ്വാസകോശ രോഗങ്ങള്‍ തിരിച്ചു വന്നാലോ? അവരില്‍ നിന്നും അവരുടെ കുഞ്ഞുങ്ങളിലേക്ക്‌ അത് പടര്‍ന്നാലോ? വിയറ്റ്നാമിലും കൊളംബിയയിലും എല്ലാം അമേരിക്ക സൃക്ഷ്ടിച്ച തലച്ചോര്‍ മരവിച്ച ഒരു ജനത ഇവിടെയും ഉണ്ടാകുമോ? എനിക്കറിയില്ല മഞ്ജു.... പക്ഷെ...റിപ്പോര്‍ട്ട്‌ എഴുതാനായി പേന കയ്യില്‍ എടുക്കുമ്പോള്‍ എല്ലാം, ആ യന്ത്രത്തെ ഓര്‍ക്കുമ്പോള്‍ എല്ലാം,  ചിന്താശേഷിയില്ലാത്ത , ഒരു വൈരുധ്യങ്ങളെയും തിരിച്ചറിയാന്‍ ആവാത്ത , ആരോഗ്യമുള്ള കുഞ്ഞുങ്ങളെ സൃഷ്ടിക്കാന്‍ ആകാത്ത , ശൂന്യമായ കണ്ണുകള്‍ ഉള്ള ഒരു കൂട്ടം മനുഷ്യര്‍ എന്നെ തന്നെ നോക്കി നില്‍ക്കുന്നതായ് എനിക്ക് തോന്നുന്നു. എനിക്ക്.... എനിക്ക് പേടിയാകുന്നു..."
 
കടുത്ത അപകര്‍ഷബോധത്തോടെ കൈകളില്‍ മുഖം താങ്ങി തല കുനിച്ചിരുന്ന് വിക്കുന്ന സുനന്ദയുടെ ശിരസ്സില്‍ മഞ്ജുഷ ചുണ്ടുകള്‍ അമര്‍ത്തി കൊണ്ടേയിരുന്നു. ..
 
 
സുനന്ദ വിക്കില്‍ നിന്നും കണ്ണുനീരില്‍ നിന്നും കുതറി മാറാന്‍ കുറച്ചു നേരമെടുത്തു. തന്റെ kerchief കൊണ്ട് സുനന്ദയുടെ കണ്ണ് തുടച്ച് അവളുടെ ബാഗ്‌ കയ്യില്‍ എടുത്തുകൊണ്ടു മഞ്ജുഷ പറഞ്ഞു. 
 
"നമുക്ക് പതുക്കെ ഇറങ്ങാം. ക്രിസ്തുവിന്റെ ആ മണവാട്ടിമാര്‍ കുറച്ചു നേരമായ് നമ്മളെ നോക്കി കുരിശു വരയ്ക്കുന്നു."
 
പള്ളിയില്‍ നിന്ന് പുറത്തിറങ്ങാന്‍ നേരം, ഒരു വശത്ത് ഏകയായ് ക്രൂശിതരൂപത്തെ നോക്കിയിരിക്കുന്ന പാപിനിയെ കണ്ണ് കൊണ്ട് ചൂണ്ടിക്കാട്ടി മഞ്ജുഷ പറഞ്ഞു.
 
" ഒരു പ്രണയം ഫീല്‍ ചെയ്യുന്നു..."
 
സുനന്ദ ഈറനോടെ  ആ സ്ത്രീയെ നോക്കി. അവര്‍ തിരിച്ചും.
 
പള്ളിക്ക് വലതു വശത്തായ് നഗരത്തിലേക്ക് തിരിയുന്ന പോക്കറ്റ്‌ റോഡിലൂടെ കൈ കോര്‍ത്ത്‌ പിടിച്ചു അവര്‍ നടന്നു. എല്ലാം പറഞ്ഞു കഴിഞ്ഞതോടെ , സുനന്ദയുടെ തളര്‍ച്ച അല്പം കുറഞ്ഞതായ് മഞ്ജുഷ ക്ക് തോന്നി. സന്ധ്യ പരക്കാന്‍ തുടങ്ങിയിരുന്നു. ഇരുട്ടു മൂടാന്‍ തുടങ്ങിയതോടെ കൈകളിലെ ബന്ധം ശക്തമായ്. അന്ധവിദ്യാലയത്തിനു സമീപം വഴിവിളക്കുകള്‍ ഇല്ല. അവിടമെത്തിയപ്പോള്‍ ഇരുവരും ഒരേ സമയം നിശ്ചലരായ്. മഞ്ജുഷ ബലമായ്‌ സുനന്ദയെ ചുംബിച്ചു. സുനന്ദ തടഞ്ഞില്ല. 
 
നഗരത്തില്‍ തെളിഞ്ഞ മഞ്ഞ വഴിവിളക്കുകള്‍ ശബ്ദങ്ങള്‍ ഉമായി കലഹിക്കുന്നത് കണ്ടു കൊണ്ട് അവര്‍ കോഫി ഷോപ്പിലിരുന്നു. ചുമര്‍ ഗ്ലാസ്സിനപ്പുറം ഒരു നിശബ്ദ സിനിമ പോലെ തോന്നിച്ച , നഗരക്കാഴ്ച്ചകളില്‍ ഊന്നിക്കൊണ്ട് മഞ്ജുഷ പറഞ്ഞു.
 
" Renato  Rugguire എന്നൊരാളെ പറ്റി കേട്ടിട്ടുണ്ടോ നീ? WTO യുടെ പഴയ ഒരു ഡയറക്ടര്‍  ആയിരുന്നു. ഇറ്റലിക്കാരന്‍ ...."
 
'ഇല്ല' എന്ന് സുനന്ദ തലയാട്ടി.
 
വീണ്ടും ഒരു കാപ്പിക്ക് ഓര്‍ഡര്‍ കൊടുത്തുകൊണ്ട് മഞ്ജുഷ പറഞ്ഞു.
 
"അങ്ങേരു പണ്ട് പറഞ്ഞ ഒരു കാര്യമുണ്ട്. സ്വതന്ത്ര കമ്പോള വ്യവസ്ഥ നിലവില്‍ വരുത്തുന്നതിന് ആവശ്യമായ നിയമ സംവിധാനങ്ങള്‍ ഉണ്ടാക്കിയതിനെ പറ്റിയായിരുന്നു ആ സംസാരം. simplifie ചെയ്‌താല്‍ ഇങ്ങനെ. ' വിവിധ ദേശീയ സമ്പത്ത് ഘടനകള്‍ കൂട്ടിയിനക്കുകയല്ല ഞങ്ങള്‍ ചെയ്യുന്നത്. മറിച്ച് ഒരു ലോക  സമ്പത്ത് ക്രമത്തിന്റെ ഘടന ഉണ്ടാക്കുകയാണ്. ഇതില്‍ രാജ്യങ്ങളോ ദേശീയതകളോ ജനതയോ ഒന്നും പരാമര്‍ശിക്കപ്പെടുന്നില്ല. കമ്പോളങ്ങള്‍ക്കും ബഹു രാഷ്ട്ര  കുത്തകകള്‍ക്കും മാത്രമാണ് ഇതില്‍ സ്ഥാനം. '"
 
സുനന്ദയുടെ കണ്ണുകളെ അവഗണിക്കാതെ മഞ്ഞ്സുഹ തുടര്‍ന്നു.
 
 
" ഇക്കാലത്ത്, ആഗോളവത്കരനതിന്റെയും പുതു കോളനി വാഴ്ച്ചകളുടെയും എല്ലാം ഇക്കാലത്ത്, സത്യത്തില്‍ രാജ്യങ്ങളോ ദേശീയതകളോ ഒന്നും തന്നെ നിലനില്‍ക്കുന്നില്ല. നിലനില്‍ക്കുന്നത് ചില സമ്പത്തിക realities മാത്രം. എത്രത്തോളം ലാഭം മറ്റുള്ളവയില്‍ നിന്നും ഊറ്റിയെടുക്കാനാകും അല്ലെങ്കില്‍ മറ്റുള്ളവര്‍ മൂലമുള്ള നഷ്ടം എത്രത്തോളം ഒഴിവാക്കാന്‍ ആകും എന്ന് മാത്രം കരുതുന്ന ചില സാമ്പത്തിക യാഥാര്‍ത്യങ്ങള്‍. ലാഭവും നഷ്ടവും മാത്രം ചിന്തിക്കുന്നവ. പഴയ ചേരികള്‍ എല്ലാം അപ്രത്യക്ഷമായ് കഴിഞ്ഞു. പഴയ കരുത്തര്‍ പലരും വീണു കഴിഞ്ഞു. ഭൂമുഖത്തുള്ള ഒട്ടു മിക്ക രാജ്യങ്ങളും തന്നെ തീവ്രമായ സാമ്പത്തിക തകര്‍ച്ചയുടെ വക്കിലാണ്. ഒരു 100  കൊല്ലം കൂടി ഇങ്ങനെ തന്നെ നില നില്‍ക്കും എന്ന് ഉറപ്പു പറയാവുന്ന ഒരു രാജ്യവും ഇന്നില്ല. ജനതയുടെ സ്വത്വത്തിനു പ്രാമുഖ്യം കൊടുക്കുന്ന ഒരു രാക്ഷ്ട്രീയ പ്രസ്ഥാനങ്ങളും ഇന്നില്ല. ശക്തി തേടുന്നവരും അത് തേടാന്‍ കരുതില്ലാവരും മാത്രമായ് ലോകം ചുരുങ്ങി. വ്യവസ്ഥിതികളെ ജനത സൃഷ്ടിച്ചിരുന്ന കാലമെല്ലാം പോയിക്കഴിഞ്ഞു. പ്രതിഷേധങ്ങള്‍ എല്ലായിടത്തും ഉണ്ട്. ഇല്ല രാജ്യങ്ങളിലും ജനകീയ പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്നുണ്ട്. എന്തെങ്കിലും ഫലം ഉണ്ടാകുന്നുണ്ടോ? ഇല്ല... ഇനി ഉണ്ടാവില്ല. പിന്നെയാണോ നിന്നെ പോലെ മര്യാദക്ക് സംസാരിക്കാന്‍ പോലും പറ്റാതെ ഒരാളുടെ പ്രതിഷേധം. ഒരു കുമിളയുടെ ആയുസ്സേ ഉണ്ടാകു. ഒന്നേ ചെയ്യാനുള്ളൂ..... എങ്ങനെയെങ്കിലും നില നില്‍ക്കുക. ഒഴുക്കില്‍ നീഗുക. ഒരു അനാഥ ശവം പോലെ. ഇടിമുഴക്കങ്ങളെ വേണമെങ്കില്‍ സ്വപ്നം കാണാം. ഒരു മിശിഹയെയോ ഒരു പുതിയ മാര്‍ക്സിനെയോ കാത്തിരിക്കാം... അത്ര തന്നെ...."
 
കോഫി ഷോപ്പില്‍ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും നേരം നന്നായി ഇരുട്ടിയിരുന്നു. വാച്ച് നോക്കി സ്വതവേ ഉള്ള നിസ്സരബോധതോടെ മഞ്ജുഷ പറഞ്ഞു. 
 
" ആ മേട്രന്‍ അമ്മച്ചീടെ കയ്യില്‍ നിന്നും എന്ന് ഞാന്‍ മേടിക്കും..." സുനന്ദ ചിരിച്ചു.
 
പരിചയമുള്ള ഒരു റിക്ഷ അവരെ കണ്ടപ്പോള്‍ നിര്‍ത്തി. ഹോസ്റ്റലിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോള്‍ , തന്റെ വിരലുകളെ ഞെരിച്ചു ഉടക്കുന്ന വിരലുകളെ നോക്കി മഞ്ജുഷ പറഞ്ഞു.
 
" ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ലോകത്തുള്ള എല്ലാവരും കൂടപ്പിറപ്പുകളെ പോലെ കഴിയുന്ന കാലം. ചിന്ത ഇപ്പോഴും ചെന്ന് എത്താറുള്ളത് ഒരു തീന്മേശയിലെക്കാന്. ഇല്ല രാജ്യങ്ങളും തന്നെ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന കൊച്ചു കുട്ടികള്‍. കുറുമ്പ് കാട്ടുന്ന കുട്ടികള്‍. ചിലര്‍ക്ക് വിശപ്പ്‌ വളരെ കുറവാണ്. അവര്‍ തനിക്കു വിളമ്പി വച്ചതില്‍ നിന്ന് കുറച്ചു കഴിക്കുന്നു. ബാക്കി സുഹൃത്തുക്കള്‍ക്ക് ദാനം ചെയ്യുന്നു. ശേഷം നിശബ്ധരാകുന്നു. ചിലര്‍ക്ക് വിശപ്പ്‌ കൂടുതല്‍. സ്വാഭാവികമായും ആരോഗ്യവും. അവര്‍ തന്റേതു പെട്ടെന്ന് കഴിക്കുന്നു. എന്നിട്ട് അന്ന്യന്റെ പാത്രത്തില്‍ കയ്യിടുന്നു. ആരോഗ്യമില്ലാത്ത , വിശപ്പുള്ള കുട്ടികളാണ് ഇരകള്‍. അവന്‍ ഒരു കൈ കൊണ്ട് ബലവാനെ പ്രതിരോധിക്കുന്നു. മറ്റേ കൈ കൊണ്ട് കഴിക്കാന്‍ ശ്രമിക്കുന്നു. ആക്രമണം ശക്തമാകുമ്പോള്‍ ഭക്ഷണം വേണ്ട എന്ന് വച്ച് തല്ലു കൂടുന്നു. ചുരുക്കം ചിലര്‍, തനിക്കു വിളമ്പി വച്ചത് മാത്രം കഴിച്ചു ഒരു പ്രശ്നവും ഉണ്ടാക്കാതെ എഴുനേറ്റു പോകുന്നു. ആകെ ബഹള മയം.... ചില പൊട്ടിച്ചിരികള്‍...ചില പോട്ടിക്കരച്ചിലുകള്‍.... ചില ബുദ്ധ സ്മിതങ്ങള്‍...പക്ഷെ,  ആകെ പറയുമ്പോള്‍ ..Its  നാച്ചുറല്‍ , അല്ലെ ? "
 
 
ഹോസ്റ്റലിനു മുന്നിലുള്ള ആ വഴിവിളക്ക് എത്തുന്നതിനു മുന്‍പേ അവര്‍ അകന്ന് ഇരുന്നു.
 
 
 
....................................................................................................................................................