Sunday, January 29, 2012

വസന്തം

കാലം 2001 - 2003 

രാത്രി മുഴുവന്‍ പേ പിടിച്ച മഴയായിരുന്നു. അകമ്പടിക്കായ് ആഞ്ഞുവീശിയ കാറ്റും തീനാളങ്ങളും. വീടിനു പുറകില്‍ , അതിര്‍ത്തിയോടു ചേര്‍ന്ന്, ഗതകാല സ്മരണകളില്‍ മയങ്ങി നിന്നിരുന്ന കരിമ്പന കട പുഴകി വീണത്‌ , മദ്യത്തിന്‍റെ സഹായത്തോടെ വിളിച്ചു വരുത്തിയ ഉറക്കത്തിലായിരുന്ന താന്‍ മാത്രം അറിഞ്ഞില്ല. ഒരു സാധാരണ പ്രഭാതത്തിലെന്ന പോലെ ഉണരുകയും, ഉടനെ ഒരു കാപ്പിക്കായ് കൊതിക്കുകയും , കിട്ടാന്‍ വൈകിയപ്പോള്‍ സ്വയം ശപിക്കുകയും , ജീവിതം ഒരു ദിവസത്തേക്കു കൂടി നീണ്ടതില്‍ നിരാശപ്പെടുകയും ചെയ്തതിനു ശേഷം കുതിര്‍ന്നു നില്ക്കുന്ന ഭൂമിയിലേക്കിറങ്ങി. പച്ചിലകള്‍ വീണു മുറ്റം നിറഞ്ഞിരുന്നു. മഴവെള്ളം പല വഴികളിലേക്കായി ഒഴുകിപ്പോയ ചാലുകള്‍ കാണാം. മഴയ്ക്ക് കളിക്കാന്‍ ആവുന്നത്ര മണ്ണുണ്ട്‌ മുറ്റത്ത്‌. കഴിഞ്ഞ ദിവസം , അകലെ ഒരിടത് ചിതറിയ മനുഷ്യശരീരങ്ങളുടെ അവ്യക്തമായ നൊമ്പരത്തിന്‍റെ അവശിഷ്ടങ്ങളില്‍ മുഴുകി , ഉമ്മറപ്പടിയില്‍ ഔദാര്യം പോലെ കിട്ടിയ കാപ്പി കുടിച്ചു നില്‍ക്കുമ്പോഴാണ്‌ ഫോണ്‍ ശബ്ദിച്ചത്. സംസാരത്തിനിടെ അറിയാതെ പടികളിറങ്ങി. കപ്പിക്കപ്പ് താഴെ തറയില്‍ വീണുടഞ്ഞു. ആദ്യത്തെ കാല്‍വയ്പിനു തന്നെ മണ്ണ് താണു. ചിതറിയ കുറെ നിമിഷങ്ങളിലേക്ക് മനസ്സും. 

" അവീവ ..."

അതായിരുന്നു അവളുടെ പേര്. ചെറിയ ചുവപ്പ് കലര്‍ന്ന ഒഴുകുന്ന തലമുടി. നാവികനാകാന്‍ പ്രേരിപ്പിക്കുന്ന കണ്ണുകള്‍. ഹൃദ്യമായ പെരുമാറ്റം. സദാസമയവും ചിന്താകുലയായുള്ള നില്‍പ്പ്. ഉദ്ധരണികളുടെ സഹായത്തോടെയുള്ള മിതത്വമാര്‍ന്ന സംഭാഷണം. നിശബ്ദതയുടെ ഒരാവരണം ഉണ്ടായിരുന്നുവെങ്കിലും, അവളുടെ സാന്നിധ്യം തന്നെയല്ലാതെ ആരേയും പരിഭ്രാന്തരാക്കിയിരുന്നില്ല. ആരേയും മടുപ്പിച്ചിരുന്നില്ല. അദ്ധ്യാപകരുടെ പ്രിയപ്പെട്ട ശിഷ്യ. പ്രകടനതല്പരത ഉണ്ടായിരുന്നില്ലെങ്കിലും , കവയിത്രി എന്ന നിലയിലും കോളേജില്‍ പേരെടുത്തിരുന്നു. പഠിക്കാനും മിടുക്കി. ആരുമായും അതിരു കവിഞ്ഞ സൌഹൃദം .................. ഉണ്ടായിരുന്നില്ല. ആരെയെങ്കിലും പ്രണയിച്ചിരുന്നോ? അറിയില്ല. ചര്‍ച്ചകളിലും സെമിനാറുകളിലും സിനിമകളിലും എല്ലാം സജീവമായി പങ്കെടുക്കുമായിരുന്നു. ഏതെങ്കിലും ഒരു പൊതുവേദിയെ അഭിമുഖീകരിച്ച്, എന്തെങ്കിലും അഭിപ്രായം പറയുന്നതായി കണ്ടിട്ടില്ല. ആഘോഷങ്ങളില്‍ എല്ലാം പങ്കെടുത്തിരുന്നുവെങ്കിലും അതൊന്നും ആ ജൈവീകതയുടെ ഭാഗമായിരുന്നു എന്ന് തോന്നിയിട്ടില്ല. നഗരത്തിന്‍റെ വന്യത അത്രയൊന്നും സ്പര്‍ശിക്കാത്ത , ഒരു തണല്‍മരം പോലെയുള്ള കോളേജില്‍ അവള്‍ എനിക്കൊപ്പം ചരിത്രം P G ക്ക് പഠിക്കുന്നു. നഗരത്തില്‍ കപ്പലുകള്‍ ചേക്കേറുന്നതിനു സമീപം , കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍ തിങ്ങി നിറഞ്ഞ തെരുവില്‍ അച്ഛനും അമ്മയ്ക്കും അനിയനും ഒപ്പം ജീവിക്കുന്നു. ആ സന്തുഷ്ട കുടുംബത്തെ പല വൈകുനേരങ്ങളിലും നഗരത്തില്‍ വച്ച് കണ്ടിട്ടുണ്ട്. അത്തരം നിമിഷങ്ങളില്‍ അവള്‍ പ്രിയപ്പെട്ട ആളിനെയെന്ന പോലെ എന്നെ നോക്കി ചിരിക്കും. അഥവാ , ഞാന്‍ അങ്ങനെയൊക്കെ സങ്കല്പ്പിക്കും.

 തീര്‍ച്ചയായും അവീവയോട് തനിക്ക് വെളിപ്പെടുത്താന്‍ ആവാത്ത എന്തോ ഉണ്ടായിരുന്നു. അസഹനീയമായ അപകര്‍ഷബോധം വരുത്തിയ ദേഷ്യത്തില്‍ നിന്നും, പാടേ ഉന്മൂലനം ചെയ്യാനുള്ള വെറുപ്പിലൂടെ വളര്‍ന്നു, ഒടുവില്‍ സാന്ത്വനത്തിന്‍റെ  ഒരു കണിക ഞങ്ങള്‍ക്കിടയിലും വിത്തുകള്‍ പാകിയിരുന്നു. എങ്കിലും, അവീവയുടെ സംസാരവും പെരുമാറ്റവും അവളില്‍ തെളിഞ്ഞിരുന്ന നിര്‍ണ്ണയിക്കാന്‍ ആവാതിരുന്ന പലതും ചേര്‍ന്ന് ഓരോ നിമിഷവും തന്നെ തീവ്രമായ ആശയക്കുഴപ്പത്തിലാക്കി . ഒരാളോടുള്ള ആകര്‍ഷണം സത്യമായും തന്‍റെ തന്നെ ഉള്ളില്‍ ഒരു ശവക്കുഴി തോണ്ടുന്നതിനു സമാനമാണ്. അതിജീവിക്കാന്‍ ആവാത്ത ആ ഭൂഗുരുത്വത്തില്‍ നമ്മള്‍ നമ്മളിലേക്കു തന്നെ കൂടുതല്‍ ഉറക്കുന്നു. ആ അപരസത്തയുടെ ക്ഷണം കാത്തുകൊണ്ട്. 

താന്‍ ഇതേ കോളേജില്‍ തന്നെയാണ് മുന്‍പും പഠിച്ചത്. അല്പം രാക്ഷ്ട്രീയവും, അല്പം കൂടുതല്‍ മനുഷ്യത്വവും , ശരാശരി ചരിത്രബോധവും , ആവശ്യത്തില്‍ കൂടുതല്‍ അപകര്‍ഷബോധവും കൈമുതലായുള്ള താന്‍. അവീവ കഴിഞ്ഞ വര്‍ഷം P G ക്ക് വന്നു ചേര്‍ന്നവളാണ്. ആദ്യമായ് പരിചയപ്പെട്ടപ്പോള്‍ പേരിനര്‍ത്ഥം ചോദിച്ചു. ' വസന്തം ' എന്നാണെന്ന് മറുപടി പറഞ്ഞു. ' അതു കാണാനുണ്ട് ' എന്ന തന്‍റെ comment പളുങ്ക് കണ്ണുകളുടെ ഗ്രീഷ്മത്താല്‍ കത്തിച്ച്
അവള്‍ തിരിച്ചു തന്നു. ഒരു അകല്‍ച്ച നല്ലതാണെന്ന് ആറാമിന്ദ്രിയം മന്ത്രിച്ചു. 'എന്തൊരു അഹങ്കാരം ' എന്ന് പുരുഷത്വം ആവേശം കൊണ്ടു. ഏതാനും ദിവസങ്ങള്‍ക്കകം തന്നെ അവള്‍ കോളേജിന്റെ  ഭാഗമായി. ചരിത്രത്തിലും വര്‍ത്തമാനത്തിലും അവള്‍ക്കുണ്ടായിരുന്ന പരന്ന അറിവ് പലരേയും അതിശയിപ്പിക്കുക തന്നെ ചെയ്തു. ഇസ്രയേലിന്‍റെ അവിശുദ്ധ മണ്ണില്‍ ജനിച്ചു വളര്‍ന്ന, കോളേജില്‍ ആകെയുണ്ടായിരുന്ന ജൂത പെണ്‍കുട്ടിക്ക്, ആവശ്യത്തില്‍ കൂടുതല്‍ ആനുകൂല്യങ്ങളും സംവരണവും നല്കാന്‍ സഹപാഠികളും അദ്ധ്യാപകരും ആവുന്നത്ര ശ്രദ്ധിച്ചു. മേശകളിലും ബെഞ്ചുകളിലും മൂത്രപ്പുരയുടെ ചുവരുകളിലും എല്ലാം രേഖപ്പെടുത്തിയിരുന്ന ചരിത്ര വസ്തുതകള്‍ക്ക് , പ്രിന്‍റ് ചെയ്തു വച്ചിരിക്കുന്ന അക്ഷരങ്ങളേക്കാള്‍ , ജീവിതത്തിന്‍റെ മണമുണ്ടാകും എന്നു വിശ്വസിച്ചിരുന്നതിനാല്‍ ക്ലാസ്സില്‍ കയറുന്നത് കുറവായിരുന്നു താന്‍. എങ്ങാനും അബദ്ധത്തില്‍ കയറിപോയാല്‍ ആകട്ടെ, പണ്ട് പ്രണയാതുരനായ ഏതോ കാമുകന്‍, ബ്ലേഡ് കൊണ്ടു മേശയില്‍ വരഞ്ഞിട്ടിരുന്ന ' സുജാത ' എന്നു പേരിട്ടിരുന്ന , മുഖം വ്യക്തമല്ലാത്ത സുന്ദരിയുടെ മാറില്‍ തല ചായ്ച്ചിരുന്നു , പാതി മയക്കത്തില്‍ സ്വപ്നം കണ്ടു കൊണ്ടു കിടക്കും. അത്തരമൊരു പകലില്‍ , കുള്ളനായ നെപ്പോളിയന്റെ സ്ത്രീചാപല്യങ്ങളെ കുറിച്ച് ടീച്ചര്‍ പറഞ്ഞു കൊണ്ടിരുന്നപ്പോള്‍, വെറുതെ ആയിട്ടാവണം, അവീവ തന്നെ നോക്കി ചിരിച്ചു. ഉള്ളിലെ കുള്ളത്തരം ആ ചിരിക്ക് പല വ്യാഖ്യാനങ്ങളും നല്കി. അവീവയുടെ ആദ്യകാല അധിനിവേശങ്ങളില്‍ ഒന്ന് . 

താന്‍ അല്പമെങ്കിലും കൊള്ളാവുന്ന ഒരു എഴുത്തുകാരന്‍ ആണെന്ന് വരുത്തി തീര്‍ക്കാന്‍ പെടാപാട് പെടുന്ന കാലമായിരുന്നു. ദിവസവും എഴുത്ത്. ഡിപ്പാര്‍ട്ട്മെന്‍റ് നു മുന്നിലെ നോട്ടീസ് ബോര്‍ഡില്‍ ഒരു അനുഷ്ഠാനം പോലെ മാസത്തില്‍ ഒരു കഥ. കാര്യമായ പ്രോത്സാഹനം ഒന്നും കിട്ടിയിരുന്നില്ല എന്നത് സത്യം. ബാള്‍ക്കന്‍ നാടുകളുടെ ചരിത്രവും, സാര്‍ത്രിന്റെ അസ്തിത്വചിന്തകളും എല്ലാം കൂട്ടിത്തുന്നി താന്‍ എഴുതിയ കഥയെ കൊള്ളാവുന്ന രീതിയില്‍ എല്ലാം പോസ്റ്റ്‌ മോര്‍ടെം ചെയ്ത് നോട്ടീസ് ബോര്‍ഡില്‍ ഒട്ടിച്ചു വച്ചതോടെ തനിക്കവള്‍ പ്രഖ്യാപിത ശത്രുവായി. ' അവീവ നടന്നു വരുമ്പോള്‍, ഗദ്സമാനം തോട്ടത്തിലെ ഒലീവ് മരങ്ങള്‍ വസന്തം വന്നെന്നു കരുതി, തല കുനിക്കുന്നു ' എന്നു പാടിയ കവി രാജേഷിന്‍റെ കാല്‍വിരലുകള്‍ ചവുട്ടി ഞെരിക്കുന്നതും അക്കാലത്താണ്. കുടുംബസമേതം ഇസ്രയേലിലേക്ക് തിരിച്ചു പോകാനും  ശിഷ്ടകാലം അവിടെ ജീവിക്കാനും ആഗ്രഹിച്ചിരുന്ന സുന്ദരിയായ ഒരു ജൂത പെണ്‍കുട്ടിയുടെ കയ്യില്‍ , A K 47  ഉം ഗ്രനേഡുകളും റോക്കറ്റ് ലോഞ്ചറും നാടന്‍ പന്നിപ്പടക്കവും എല്ലാം സങ്കല്‍പ്പിച്ച്, പല രാത്രികളിലും പാലെസ്തീന്‍ ലിബരേഷനെ പിന്തുണച്ചിരുന്ന തനിക്ക് ഉറക്കം നഷ്ടപ്പെട്ടു. ആയിടെ താന്‍ നോട്ടീസ് ബോര്‍ഡിലേക്കായി എഴുതിയ, 'ഈ മണ്ണില്‍ എനിക്കുറങ്ങണം ' എന്ന പലസ്തീനിയന്‍ കഥ, ബോര്‍ഡില്‍ സ്ഥല സൌകര്യമില്ല  എന്ന മുടന്തന്‍ ന്യായം പറഞ്ഞ്, R K  സര്‍ നിരസിച്ചത്‌ , സാറിന്‍റെ പ്രിയപ്പെട്ട ശിഷ്യയായ അവീവയുടെ പ്രേരണ മൂലമാണ് എന്നും താന്‍ വിശ്വസിച്ചു. പ്രതികരണം ചപലമായിരുന്നു. കവി തീ കൊളുത്തി തന്ന, നീല ചടയന്‍ ആത്മാവ് ഭരിച്ചിരുന്ന ഒരു സന്ധ്യക്ക്‌ , ആരുമറിയാതെ അവീവയുടെ ' അരളിപ്പൂക്കള്‍ ' എന്ന കവിത , നോട്ടീസ് ബോര്‍ഡില്‍ നിന്നും താന്‍ മോഷ്ടിച്ചു. ശത്രുവിന്‍റെ ആയിരുന്നുവെങ്കിലും അതിപ്പോഴും സൂക്ഷിക്കുന്നു. പശ്ചിമേഷ്യയിലെ പുകയുന്ന മതവിദ്വേഷത്തില്‍  താനും പങ്കാളിയാവുകയായിരുന്നു. അവീവയുടെ ചെകിട് രണ്ടും തല്ലി പൊളിച്ച്, തല മുണ്ഡനം ചെയ്ത് , വസ്ത്രങ്ങള്‍ ഉരിഞ്ഞ് പുള്ളി കുത്തി , ഒരു മരുഭൂമിയില്‍ കുമ്പസാരിപ്പിക്കുന്ന രംഗം , പ്രസിദ്ധീകരിക്കാന്‍ ധൈര്യമില്ലാത്ത ഒരു കഥയായ് ഇപ്പോഴും മനസ്സിലുണ്ട്. എന്നാല്‍ രാജേഷിനും , ലൈറ്റ് ആന്‍ഡ്‌ സൌണ്ട് ദാസേട്ടന്‍ മകന്‍ അരുണിനും ഒപ്പം , കടല്‍ തീരത്ത് വച്ച് സേവിച്ച , 4 പെഗ്ഗ് വേനല്‍ വീര്യത്തില്‍  , ഈരേഴു ലോകവും പുല്ലെന്നു തോന്നിയതോടെ, കുള്ളന്‍ പൊടുന്നനെ കള്ളനായ്. ഇതിലും ഭേദം എതിരാളിയുടെ കോണകം പുറകിലൂടെ വലിച്ചൂരി , ഗോദയില്‍ വിജയിക്കുന്ന വില കുറഞ്ഞ തന്ത്രമാണെന്നും പറഞ്ഞ്, R K ക്ലാസ്സില്‍ പൊട്ടിച്ചിരിയുടേയും പരിഹാസത്തിന്‍റെയും A K 47  ഉതിര്‍ത്തപ്പോള്‍ , താന്‍ കള്ളനാണോ കുള്ളനാണോ എന്നു സ്വയം തിരിച്ചറിയാന്‍ ആകാതെ, ക്ലാസ്സില്‍ നിന്നിറങ്ങി പോന്നു. പിന്നീട് ആ ക്ലാസ്സില്‍ വീണ്ടും ചെന്ന് ചേരുന്നത് ആ അരളിപ്പൂവിന്‍റെ സൌഹൃദത്തിന്റെ കയ്യും പിടിച്ച്.

ഏതാനും മാസങ്ങള്‍ക്ക് ശേഷം , രണ്ടാം വര്‍ഷം ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ്, വേനലിന്‍റെ അവസാന നാളുകളില്‍ നഗരത്തില്‍ സംഘടിപ്പിക്കപ്പെട്ടിരുന്ന  ചലച്ചിത്രോത്സവത്തിനാണ് വീണ്ടും അവീവയുടെ മുന്നില്‍ പെടുന്നത്. ഒറ്റപ്പെടലിന്‍റെ നെല്ലിപ്പലക കാണാന്‍ തുടങ്ങിയിരുന്നു. ഉള്ളില്‍ മുങ്ങിത്തപ്പിയാല്‍ നക്ഷത്രങ്ങള്‍ക്ക് പകരം കരിക്കട്ടകള്‍ കിട്ടിക്കൊണ്ടിരുന്നു. ഓര്‍മ്മ ശരിയാണെങ്കില്‍ 'ഏലിയ സുലൈമാന്‍റെ', 'പരിശുദ്ധ ഇടപെടലിനു' ശേഷം . ഒരു സര്‍- റിയലിസ്റ്റിക്ക് സിനിമ നല്‍കിയ , എട്ടും പൊട്ടും തിരിയാത്ത നോവ്‌ മെച്ചപ്പെടുത്താനായി, ഒരു പുകയെടുക്കാന്‍ പുറത്തിറങ്ങിയ നേരം. തിയേറ്ററിനു ഇടതു വശത്തായി, നിറഞ്ഞ മദ്യത്തില്‍ ചീഞ്ഞു തുടങ്ങിയ ഈ വ്യവസ്ഥിതിയെ തകര്‍ക്കണം എന്ന ഗൂഡലക്ഷ്യവുമായ്‌ പാഞ്ഞു വന്ന തീവണ്ടിക്കു മുന്നില്‍ ചാടിയ, സഖാവിന്‍റെ ഓര്‍മ്മക്കായി പണിത മാര്‍ബിള്‍ സോഫയില്‍ ഇരുന്നാല്‍ അകലെ നീലച്ച കടല്‍ കാണാം. ഒഴുകി നടക്കുന്ന മണ്‍പാത്രങ്ങളെയും. കടലിന്‍റെയും ആകാശത്തിന്‍റെയും നീലകളുടെ വ്യത്യാസത്തെ , സിഗരറ്റ് പുകയുടെ നീല കൊണ്ട് അളന്നുകൊണ്ടിരിക്കുമ്പോള്‍  ആണ് ആ സാന്നിധ്യം അറിഞ്ഞത്.

" നല്ല സിനിമ, അല്ലെ ? "

" ഉം ...." ഇരുത്തിയൊന്ന് മൂളി. പതുക്കെ ഇത്തിരി അകന്നിരുന്നു. അതു ശ്രദ്ധിച്ചുകൊണ്ടു തന്നെ അവള്‍ പറഞ്ഞു.

" ഈ അകല്‍ച്ച തന്നെയാണ് എല്ലായിടത്തും പ്രശ്നം. "

തര്‍ക്കിക്കാന്‍ നിന്നില്ല. അതിനത്ര മിടുക്കില്ല. എഴുതി നോക്കിയപ്പോള്‍ തെളിയാന്‍ ഉണ്ടെന്നാണ് ഭൂരിപക്ഷ അഭിപ്രായം. തത്ത്വങ്ങളുടെ അപര്യാപ്തത. ചരിത്രസത്യങ്ങളെ വൈകാരികമായി സമീപിച്ചാല്‍ , പലതും അപനിര്‍മ്മിക്കപെടും എന്ന വികലമായ ധാരണ. എഴുനേറ്റു പോകാനുള്ള ഉദ്ദേശം ഒന്നും അവളുടെ ഭാഗത്ത്‌ നിന്നുണ്ടായില്ല. അവളും അകലങ്ങളിലേക്ക് നോക്കിയിരുന്നു. ഇടക്കെപ്പോഴോ ആത്മഗതം പോലെ പറഞ്ഞു. 

" അതാ നോക്കൂ... ഏകാന്തമായ ആ ദ്വീപിനു സമീപം ഒരു കൊച്ചു കപ്പല്‍. അല്ലേ? അതു പതുക്കെ, വളരെ പതുക്കെ ഒഴുകുന്നു. പക്ഷെ, ആദ്യത്തെ നോട്ടത്തില്‍ എനിക്കതൊരു വീടായാണ് തോന്നിയത്. കടലില്‍ ഒഴുകി നടക്കുന്ന ഒരു വീട്. കഷ്ടം തന്നെ. പക്ഷെ, അങ്ങനെയും സംഭവിക്കാം. അകലങ്ങള്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ ഉണ്ടാക്കും ..."

അത് എവിടെയോ കൊണ്ടു. പലപ്പോഴും തനിക്കു തന്നെ തോന്നിയിട്ടുള്ള കാര്യമാണ്. അവീവ വീണ്ടും അകലങ്ങളില്‍ തന്നെ. അപ്രതീക്ഷിതമായാണ് താന്‍ ചോദിച്ചത്. 

" ഞാന്‍ സത്യത്തില്‍ ആരാണ്? കള്ളനോ അതോ കുള്ളനോ ? "

അവീവ പൊട്ടിച്ചിരിച്ചു. 

" രണ്ടുമല്ല. നല്ല അസ്സല്‍ കിറുക്കന്‍ .."

വീണ്ടും ക്ലാസ്സില്‍ സജീവമായ്. അവീവ അകലങ്ങളില്‍ പുഞ്ചിരിച്ചു കൊണ്ടും, അരികത്ത്‌ ഗാഡമായ ചിന്തകളില്‍ മുഴുകി അവഗണിച്ചും , കോളേജ് നു പുറത്ത്, ഒരു കാപ്പിക്കും സിഗരറ്റിനും കൂട്ടിരുന്നും , സംവേദനം നടത്തികൊണ്ടിരുന്നു. ലോക സാഹിത്യത്തിലെയോ സിനിമകളിലെയോ  ഏതെങ്കിലും കൊടുമുടിയില്‍ തട്ടി മുന്നോട്ടു പോകാന്‍ കഴിയാതെ വരുമ്പോഴോ, ചില അഗാധ മൌനങ്ങളില്‍ കാല്‍ തെറ്റി വീണ് രക്ഷപെടാന്‍ ആഗ്രഹിക്കാതെ വരുമ്പോഴോ , സംഭാഷണം അവസാനിക്കും. അകലങ്ങള്‍ ഉണ്ടാക്കിയ തെറ്റായ ധാരണകളെ കുറിച്ച് , അക്കാലത്ത് ഒരുപാട് ഖേദിക്കുകയും ചെയ്തു.

 ജൂണ്‍ മാസം അവസാനിക്കാറായിരുന്നു. പച്ച വരയെ തോന്നും പടി വളച്ചൊടിച്ച്, പമാവധി ഭൂഭാഗങ്ങള്‍ കയ്യടക്കി, എല്ലാ തരം പ്രതിഷേധങ്ങളെയും അവഗണിച്ച്, ഇസ്രയേല്‍ വെസ്റ്റ് ബാങ്ക് മതിലിന്‍റെ നിര്‍മ്മാണം തുടരുന്നു. പലസ്തീനിന്‍റെതായ ഒത്തിരി പ്രദേശങ്ങളാണ് , തദ്ദേശീയര്‍ക്ക് നഷ്ടപെട്ടുകൊണ്ടിരിക്കുന്നത്. അധിനിവേശത്തിനെതിരെ പോരാടുന്ന ജനതയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്, ലോകത്തെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തുന്നു. സമാധാനപരമായ് നീങ്ങിയിരുന്ന ജനകീയ സമരങ്ങളെ ഇസ്രായേലി പട്ടാളം ഹിമ്സാത്മകമായ് നേരിടുന്നു. ചെറുതെങ്കിലും ഒരു പ്രതിഷേധം കോളേജില്‍ പാര്‍ട്ടിയുടെ വകയായി സംഘടിപ്പിക്കാം എന്നു കരുതി സഖാക്കളെ സമീപിച്ചു. അല്പം വൈകാരികപരമായിരുന്നുവെങ്കിലും , സംഗതി വ്യക്തമായ് അവതരിപ്പിച്ചു. പലര്‍ക്കും മനസ്സിലായ മട്ടില്ലായിരുന്നു. ആരോ ചിരിക്കുകയും ചെയ്തു. 

" സഖാവെ... അത് വേണ്ട .."

" എന്തേ വേണ്ടാത്തത് ? " അല്പം ദേഷ്യം കലര്‍ന്നിരുന്നു. 

സെക്രട്ടറി പറഞ്ഞു.

" മൂന്നാം ലോകത്തെ ബാധിക്കുന്ന എത്രയോ കാര്യങ്ങള്‍ ഉണ്ട്. പാശ്ചാത്യ മുതലാളിത്തം വളര്‍ത്തുന്ന തെറ്റായ ഉപഭോഗ സംസ്കാരത്തെ എതിര്‍ക്കുക എന്നുള്ളതാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ നയം. നമ്മള്‍ അതിനെ പ്രതി ഒട്ടേറെ സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. നമ്മള്‍ ഇനിയും അത് തുടരും. ഇതിനിടയില്‍ വല്ല നാട്ടിലും , വംശത്തിന്‍റെ പേരില്‍ നടക്കുന്ന കലാപങ്ങളില്‍ ഇടപെടേണ്ട കാര്യമില്ല. അടുത്താഴ്ച നമ്മള്‍ നഗരത്തില്‍ ഒരു ആഗോളവല്‍ക്കരണ വിരുദ്ധ സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. അമേരിക്കയുടെ തെറ്റായ സാമ്രാജ്യത്വ നയങ്ങളെ കുറിച്ച് പറഞ്ഞു പോകുമ്പോള്‍, നമുക്ക് സഖാവ് പറഞ്ഞ കാര്യങ്ങളും സൂചിപ്പിക്കാം. എന്താ ...? "

" അത് പോരാ.. " പൊട്ടിത്തെറിച്ചു. 

" സ്വന്തം രാജ്യത്ത് രണ്ടാം തരം പൌരന്മാരെ പോലെ ജീവിക്കുന്നവര്‍ക്ക്, കയ്യില്‍ ആകെയുള്ള ഭൂമി കൂടിയാണ് നഷ്ടപെട്ടുകൊണ്ടിരിക്കുന്നത്. വഴി നടക്കാനുള്ള സ്വാതന്ത്രം മുന്നേ നിഷേധിച്ചു. കന്നുകാലികള്‍ കടക്കാതിരിക്കാന്‍ മുള്‍വേലി പാകുന്നത് പോലെ, ഒരു ജനതയെ ഒറ്റപ്പെടുത്തി പൊതിഞ്ഞു പിടിക്കുന്നത്‌ കണ്ടിരിക്കനാവില്ല..... "

" സഖാവ് അവിടെയിരിക്കു.. ക്ഷോഭിച്ചിട്ടു  കാര്യമില്ല... "

സെക്രട്ടറി അനുനയത്തില്‍ പറഞ്ഞു. 

" ഇസ്രയേല്‍, പലസ്തീന്‍, സെര്‍ബിയ, ചെച്നിയ  ഇതെല്ലാം തന്നെ ഒരര്‍ത്ഥത്തില്‍ മൂന്നാം ലോകത്തിന്‍റെ ഭാഗമാണ്. സഖാവ് പറഞ്ഞ ഈ കലാപങ്ങളുടെയെല്ലാം സ്പോണ്‍സര്‍മാര്‍  യഥാര്‍ത്ഥത്തില്‍, ഞാന്‍ പറഞ്ഞ മുതലാളിത്ത സമൂഹമാണ്. അവരുടെ താളത്തിനൊത്ത് തുള്ളുന്ന കളിപ്പാവകള്‍ മാത്രമാണ് അവിടങ്ങളിലെ ഭരണം. നമ്മള്‍ എതിര്‍ക്കേണ്ടത് , ആ വ്യവസ്ഥിതി അവിടെ സൃഷ്ടിച്ചവരെയാണ്. അത് മാത്രമല്ല, പത്രങ്ങളില്‍ വരുന്ന വെറുതെ വായിച്ചു നോക്കാനുള്ള വാര്‍ത്തകള്‍ക്കും അപ്പുറം , ഇത്തരം കാര്യങ്ങളില്‍ യാതൊരു ആവേശവും ഉള്ളവരല്ല നമുക്ക് ചുറ്റും ഉള്ളവര്‍. അവര്‍ ഇതില്‍ സ്വമനസ്സാലെ പങ്കെടുക്കും എന്നു യാതൊരു ഉറപ്പുമില്ല. അതാണ്‌ പാശ്ചാത്യ മുതലാളിത്തത്തെ എതിര്‍ക്കുന്നതിന്റെ പ്രസക്തി. അണികള്‍ ഇല്ലാതെ നമുക്കൊന്നും തന്നെ ചെയ്യാന്‍ ആവില്ല. അതിനാല്‍ സഖാവ് പറഞ്ഞ കാര്യം നടക്കില്ല. .."


" ഓ .. അങ്ങനെ .. പലസ്തീനെ പിന്തുണച്ചാല്‍ അമേരിക്കയെ എതിര്‍ക്കുന്ന അത്ര ഗ്ലാമര്‍ ഉണ്ടാവില്ലല്ലോ, അല്ലേ ? താല്പര്യമുള്ളവരെ കൂടെ ചേര്‍ക്കുക മാത്രമല്ല , ആളുകളെ താല്പര്യമുള്ളവരാക്കി മാറ്റാനുള്ള ഊര്‍ജ്ജവും നല്കാന്‍ ഒരു പ്രസ്ഥാനത്തിന് കഴിയണം. നമ്മള്‍ അത് ചെയ്യുന്നില്ല. ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാം . അപചയം...."

തിരിച്ചു വിളിച്ചെങ്കിലും കേള്‍ക്കാത്ത മട്ടില്‍ ഇറങ്ങിപ്പോന്നു. ഒരു തരത്തില്‍ അല്പം ഭാഗ്യം ഉണ്ടായി. തല്ലൊന്നും കിട്ടിയില്ല. യുണിറ്റ് സെക്രട്ടറി അല്പമൊക്കെ എഴുത്തും വായനയും ഒക്കെ ഉള്ള കൂട്ടത്തിലാണ്. പോയ  ദേഹത്തോടെ തന്നെ തിരിച്ചിറങ്ങാന്‍ ആയി. കൈ നീട്ടി വഴി തടഞ്ഞ R K യെ തള്ളിമാറ്റി , വലിഞ്ഞു മുറുകിയ മുഖത്തോടെ നടന്നു. മലയാളം ഡിപ്പാര്‍ട്ട്മെന്‍റ് നു സമീപമുള്ള വാകമരച്ചുവട്ടില്‍ , ആകാശം കാണാതെ ഇരിക്കുമ്പോള്‍ , അവീവ നടന്നു വരുന്നത് കണ്ടു. അരികില്‍ എന്നെ തന്നെ നോക്കി അവളിരുന്നു. താന്‍  ആകെ ചിതറിയിരുന്നു. അവള്‍ ശബ്ദം താഴ്ത്തി പറഞ്ഞു. 

" രണ്ടു പോസ്റ്റര്‍ എഴുതി ഒട്ടിച്ചാലോ? കുറച്ചു പേപ്പറും പെയിന്‍റും പോരെ ...."

ശരിയാണെന്നു തോന്നി. കൂട്ടിന് കവിയേയും കോളാമ്പിയേയും വിളിച്ചു. രണ്ടു മണിക്കൂര്‍ കൊണ്ടു പരിപാടി കഴിഞ്ഞു. 7 പോസ്റ്റര്‍ എഴുതി. ഏഴെണ്ണവും പലയിടങ്ങളിലായ് ഒട്ടിച്ചു. അവീവ ചില പത്രശകലങ്ങള്‍ വെട്ടി നോട്ടീസ് ബോര്‍ഡില്‍ ഒട്ടിച്ചു. പ്രതിഷേധത്തിന് കാരണമായ വെസ്റ്റ് ബാങ്ക് മതിലിനെ പറ്റി ഒരു ലേഖനവും. പാര്‍ട്ടി ഓഫീസിലേക്ക് തിരിയുന്ന വഴിയില്‍ , രാജേഷ്‌ ഒരു രണ്ടു വരി കവിതയെഴുതി ഒട്ടിച്ചു. 

" സൂര്യന്‍ പലസ്തീനില്‍ ഉദിക്കുന്നു.
  ഇസ്രായേലില്‍ അസ്തമിക്കുന്നു... "

അവന്‍ മദ്യത്തിന്‍റെ ലഹരിയില്‍ എഴുതിയതാണെങ്കിലും , അതിന്‍റെ അര്‍ത്ഥവ്യാപ്തി ഓര്‍ത്തിട്ടാകണം, അവീവ അല്പനേരം എല്ലാം മറന്നു നിന്നു. ശേഷം അവനെ ആദരവോടെ നോക്കി. എനിക്കവനെ കൊല്ലാന്‍ തോന്നി. എല്ലാവര്‍ക്കും അവള്‍ അന്ന് പൊറോട്ടയും കാപ്പിയും സിഗരറ്റും വാങ്ങിത്തന്നു. പിരിയാന്‍ നേരം അവള്‍ ചോദിച്ചു.
" പാര്‍ട്ടിയുടെ അഭിമാനത്തിന് ക്ഷതം എല്ക്കുമോ? "

ഏറ്റെന്ന് പിറ്റേന്ന് ബോധ്യപ്പെട്ടു. പോസ്റ്റര്‍ കളില്‍ മൂന്നെണ്ണം ആരോ കീറിക്കളഞ്ഞു. പാര്‍ട്ടിയില്‍ നിന്നും ചെറിയൊരു താക്കീതു കിട്ടി. ഇക്കുറി ചിരിച്ചു കൊണ്ട് ഇറങ്ങിപ്പോന്നു. നോട്ടീസ് ബോര്‍ഡില്‍ ഒട്ടിച്ചു വച്ചിരുന്ന അവീവയുടെ ലേഖനം , പഴയ ജില്ല സെക്രട്ടറി കൂടിയായിരുന്ന  R K ആയിരം കഷണങ്ങളായി ചീന്തി. അതിനു കാരണം ചോദിച്ച അവീവയോട് ഡിപ്പാര്‍ട്ട്മെന്‍റ്  ല്‍ വച്ച് ചാടിക്കയറി. കോളേജില്‍ നിന്നും പുറത്ത് നിന്നും ഏതാനും പേര്‍ അഭിനന്ദനങള്‍ അറിയിച്ചു. വല്ലാത്ത, വിശദീകരിക്കാന്‍ ആവാത്ത സന്തോഷം തോന്നി. അന്നു രാത്രി , കോളേജ് ഗ്രൗണ്ടില്‍ , യുണിറ്റ് സെക്രട്ടറി ഒരു അഭിനന്ദന കത്തിനോടൊപ്പം രഹസ്യമായ് എത്തിച്ച , റഷ്യന്‍ വോഡ്കയുടെ വിമോചന ലഹരിയില്‍  കവി പ്രഖ്യാപിച്ചു.

" അവീവയില്‍ ഞാന്‍ ഇപ്പോള്‍ യേശുക്രിസ്തുവിനെ കാണുന്നു.... "

എന്നാല്‍ ഞങ്ങളുടെ പ്രതിഷേധം കൊണ്ടൊന്നും കാര്യമായ ഫലമുണ്ടായില്ല. ഇത്രയൊക്കെ സംഗതികള്‍ ഉണ്ടായിട്ടും, ഇസ്രയേല്‍ മതിലുപണി നിര്‍ത്തിയില്ല. ക്ലാസ്സില്‍ അപ്പോഴേക്കും ഒരു ഫൂലന്‍ ദേവിയുടെ വീരപരിവേഷം ലഭിച്ചിരുന്ന അവീവയോട് അടുക്കാന്‍ , ആണ്‍കുട്ടികള്‍ വെറുതെ പേടിക്കാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ അവീവയോട് കൂടുതല്‍ അടുത്തു. കാപ്പി കുടിക്കാനും, സിഗരറ്റ് വലിക്കാനും , കള്ളു കുടിക്കാനും എന്തിന്, A പടം കാണാന്‍ പോലും കാശു തട്ടാന്‍ ഒരാളായ്‌. R K യുമായ്‌ ഉണ്ടായിരുന്ന ചങ്ങാത്തം അവീവ അവസാനിപ്പിച്ചു. ഞാന്‍ നിഗൂഡമായ് ആനന്ദിച്ചു.

ആ കലിപ്പിന്‍റെ പുറത്താകണം, ഒരിക്കല്‍ ക്ലാസ്സില്‍ വച്ച് , മെഡിറ്ററെനിയന്‍ തീരങ്ങളിലെ , സാംസ്കാരിക വളര്‍ച്ചയെ പറ്റി പറഞ്ഞു പോകേണ്ട വഴി, ഇടക്ക് തിരിച്ചു വിട്ട്, ബാള്‍ക്കനൈസേഷന്‍ ചരിത്രത്തില്‍ കൊണ്ട് ചെന്നെത്തിച്ചു കൊണ്ട്, വംശീയ കലാപങ്ങളുടെ ചോര മണക്കുന്ന ഒരു തെരുവ് ചൂണ്ടിക്കാട്ടി R K  ഇങ്ങനെ പ്രസ്താവിച്ചു. 

" വംശമഹിമയുടെ പേരില്‍ നടത്തുന്ന ഏതൊരു കുറ്റകൃത്യത്തിലും, ആ വംശത്തില്‍ പിറന്ന ഏതൊരുത്തനും ചെറുതെങ്കിലും ഉത്തരവാദിത്വമുണ്ട്. ഉദാഹരണത്തിന്, പലസ്തീനിലും ഇസ്രായേലിലും  ജൂതന്മാര്‍ നടത്തുന്ന നരവേട്ടകള്‍ക്ക് , ഈ ക്ലാസ്സില്‍ ഇരിക്കുന്ന അവീവയും ഒരര്‍ത്ഥത്തില്‍ ഉത്തരവാദിയാണ്‌. ..."

ഏവരും അവീവയെ നോക്കി. അവള്‍ തല കുനിച്ചിരുന്നു. സങ്കടം തോന്നി . താണ ജാതിക്കാരന്‍റെ തരം താണ അപകര്‍ഷബോധം തന്നെയാണ് , അവനെ കമ്മ്യൂണിസ്റ്റ്‌  ആക്കുന്നതെന്ന് ചിരിക്കുന്ന R K യുടെ മുഖത്തു നോക്കി വിളിച്ചു പറയണം എന്നു കരുതി. അവീവയുടെ തളര്‍ന്ന കണ്ണുകള്‍ കണ്ടപ്പോള്‍ ക്ലാസ്സില്‍ നിന്നിറങ്ങിപ്പോകാന്‍ തോന്നിയില്ല.

അന്നുച്ച കഴിഞ്ഞ്, നഗരത്തില്‍ നിന്നല്പം മാറി , ജൂത മണം ഇപ്പോഴും തങ്ങി നില്ക്കുന്ന തെരുവിലൂടെ ഞങ്ങള്‍ ഏറെ നേരം നിശബ്ധരായ് നടന്നു. കണ്ടുമുട്ടുന്ന തനിക്കു അപരിചിതരായ് തോന്നിയ ഓരോരുത്തരും അവീവയെ നോക്കി പുരാതനവും ജൈവീകവും ആയി തോന്നിയ സൌഹൃദത്തില്‍ ചിരിച്ചു.  R K ക്ക് ഒരുഗ്രന്‍ പണി ഇങ്ങനെ കൊടുക്കാം എന്ന ചിന്തയിലായിരുന്നു താന്‍. ഇടക്ക് യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചു വന്നപ്പോഴെല്ലാം , ജൂതന്‍റെ കരകൌശല വിദ്യകളില്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്തു. തെരുവ് അവസാനിക്കുന്നിടത്ത് കണ്ടെത്തിയ കടല്‍ക്കീറില്‍ അവീവ കുറെ നേരം തങ്ങി നിന്നു. കടല്‍ക്കാറ്റു കൊണ്ടിട്ടാണോ എന്തോ അവളുടെ മുഖം കരുവാളിച്ചിരുന്നു. 


" നിനക്കറിയാമോ , സ്വതന്ത്രചിന്താഗതിയുള്ള ഒരു ഇസ്രായേലിക്കും ഈ വംശീയഹത്യകള്‍ ന്യായീകരിക്കാന്‍ ആവില്ല ...."

"പിന്നെന്തേ ... പലസ്തീന് അനുകൂലമായി ഒരു ജനകീയ പ്രക്ഷോഭം അവിടെ ഉണ്ടാകുന്നില്ല... "

" ഉണ്ടാകുന്നില്ല എന്നാരു പറഞ്ഞു. ഉണ്ടാകുന്നുണ്ട്. എന്നാല്‍ ഇസ്രായേലികള്‍ എല്ലാവരും അതില്‍ പങ്കെടുക്കില്ല. കാരണം ഇതു തരം പ്രക്ഷോഭങ്ങള്‍ക്കും ശക്തമായ ഒരു സാമ്പത്തിക അടിത്തറ ആവശ്യമാണ്‌. ഇസ്രായേലില്‍ ജീവിക്കുന്ന സമ്പന്നരായ ഭൂരിഭാഗം ജൂതന്മാരും വിരുന്നുകാര്‍ ആണ്. ഇസ്രായേലിലെ മണ്ണിനോട് യാതൊരു വിധ ആത്മബന്ധവും ഇല്ലാത്തവര്‍. യുദ്ധാനന്തരം കിഴക്കന്‍ യൂറോപ്പില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നും പോളണ്ടില്‍ നിന്നും എല്ലാം കുടിയേറി പാര്‍ത്തവര്‍. അവര്‍ക്ക് സര്‍ക്കാരിനെ അംഗീകരിച്ചേ മതിയാകൂ.. നിലനില്പാണ് പ്രശ്നം. ഇസ്രായേലിന്റെ ചോരയും നീരും ഊറ്റിയെടുക്കാന്‍ മാത്രം വന്ന അവര്‍ക്ക് ഒരു പക്ഷത്തും നില്ക്കാന്‍ ആവില്ല. പിന്നെ ഹമാസും ഫത്തായും എല്ലാം അടുത്തെയിടെ തുടര്‍ ചാവേര്‍ ആക്രമണങ്ങള്‍.... അത് ഏവരെയും പരിഭ്രാന്തര്‍  ആക്കിയിരിക്കുന്നു. 

അല്പം കഴിഞ്ഞ് അവീവ തുടര്‍ന്നു.

" 1994 മേയ് ല്‍ ആണ് ഞങ്ങള്‍ ഇസ്രായേലില്‍ നിന്നും ഇന്ത്യയില്‍ എത്തിയത്. ഗോവ ആയിരുന്നു ആദ്യ അഭയം. ചാവുകടല്‍ തീരത്തെ കപ്പല്‍ നിര്‍മ്മാണ ശാലയില്‍ രണ്ടു ദശകങ്ങളോളം ജോലി ചെയ്തതിന്‍റെ അനുഭവസമ്പത്ത് അച്ഛന് ഗോവന്‍ ഷിപ്‌ യാര്‍ഡില്‍ ജോലി നല്കി. ഞങ്ങള്‍ ടെല്‍-അവീവ് വിട്ടുപോരുന്നതിനും  ഒരു മാസം മുന്‍പേ ഹമാസ് ചാവേര്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കുവാന്‍ തുടങ്ങിയിരുന്നു. ഒരൊറ്റ ആഴ്ചയില്‍ ടെല്‍-അവീവില്‍ തന്നെ 17 സ്ഫോടനങ്ങള്‍. 4 ചാവേര്‍ പോരാളികളുടെ വെടിയുതിര്‍ക്കല്‍. ഭയന്നു വിറച്ചാണ് ഞങ്ങള്‍ എയര്‍ പോര്‍ട്ടിലേക്ക് പുറപ്പെട്ടത്‌. എയര്‍ പോര്‍ട്ടിലേക്ക് തിരിയുന്നതിന് തൊട്ടു മുന്നിലെ തെരുവില്‍ , അടഞ്ഞു കിടക്കുന്ന കടകള്‍ക്ക് മുന്നില്‍ ഏതാനും ഇസ്രായേലി പട്ടാളക്കാര്‍ ചേര്‍ന്ന് ഒരു ബാലനെ മര്‍ദ്ദിക്കുന്നത്  കണ്ടു. ഏറിയാല്‍ 14 വയസ്സു  കാണും.  എന്‍റെ പ്രായം. എന്‍റെ കണ്ണ് നിറഞ്ഞു. കാറില്‍ ഇരുന്ന് ഞാന്‍ കരയാന്‍ തുടങ്ങി. അടുത്ത നിമിഷം, നിലത്തു വീണ അവന്‍റെ ബാഗില്‍ നിന്നും . റോഡിലാകെ ഉരുണ്ടു നീങ്ങിയ ഏതാനും ഗ്രനേഡുകള്‍ കണ്ട് ഞാന്‍ ഞെട്ടി. സങ്കടം ഒരു തരം മരവിപ്പിന് വഴി മാറി. എന്നും എന്നില്‍ ആ മരവിപ്പുണ്ട്. അശ്ലീലമാക്കപ്പെട്ട ഒരു തരം നിര്‍വ്വികാരത. പക്വതയുടെ മൂടുപടത്തിനുള്ളില്‍ പകച്ച്‌ ഒളിച്ചിരിക്കുന്ന മരവിപ്പ്...... "

അവീവ വല്ലാതെ തളര്‍ന്നിരുന്നു. അന്നു സന്ധ്യക്ക്‌ ഞാന്‍ ആണ് അവളെ വീട്ടില്‍ കൊണ്ടു ചെന്നാക്കിയത്. പടിക്കല്‍ വച്ച് യാത്ര പറഞ്ഞു പിരിയുമ്പോള്‍ അവള്‍ പറഞ്ഞു. 

" എനിക്ക് കടല്‍ കാണാന്‍ കൊതിയാകുന്നു ...."

പിറ്റേ ദിവസം രാവിലെ മുതല്‍ വൈകുനേരം വരെ ഞങ്ങള്‍ കടലു കണ്ടിരുന്നു. അവീവയുടെ അസാന്നിധ്യം ക്ലാസ്സില്‍ ശ്രദ്ധിക്കപ്പെടും എന്നുറപ്പായിരുന്നതിനാല്‍ , ഞാന്‍ ഏറിയ സമയവും ചുറ്റുപാടുകളില്‍ നോക്കിയിരുന്നു. നിര്‍ണ്ണയിക്കാന്‍ ആകാത്ത എന്തോ ഒന്ന് അവീവയില്‍ നിറഞ്ഞിരുന്നു. ഒരു തീവ്രധ്വാനിയുടെ മേല്‍ സാധാരണക്കാരനു തോന്നുന്ന അസ്പ്രശ്യത. ഇടക്കെപ്പോഴോ അവീവ പറഞ്ഞു. 

" പുഴയുടെ മറുപുറം ...
  മരിച്ചു പോയ അമ്മയുടെ മാറിടം പോലെ,
  കുഞ്ഞിന്‍റെ അഭിലാഷമായിരുന്നു... "

അധികം ആരും അറിയാതെ പോയ ഒരു കവിയുടെ വരികള്‍. അത് അവീവക്കും പ്രിയപ്പെട്ടതായിരുന്നു എന്ന തിരിച്ചറിവില്‍ , കൊതിയോടെ അവളെ നോക്കി. കടലിന്‍റെ ഭയാനകമായ സാമീപ്യത്തില്‍ , അവീവക്ക് വല്ലാത്ത പ്രകോപിപ്പിക്കുന്ന സൌന്ദര്യം തോന്നി. എന്നാല്‍ അവള്‍ വീണ്ടും പുഴയുടെ മറുപുറത്തേക്ക് ഏറെ നേരം നിശബ്ധയായ് നോക്കിയിരുന്നു. 

" Operation Defensive Shield . ഷാരോണിന്‍റെ പുതിയ തന്ത്രം. അറബുകളുടെ ശത്രുക്കളെ മുഴുവന്‍ ഒന്നിപ്പിക്കുക. മൊസാദിന്‍റെ ചാരന്മാര്‍ , ലോകം മുഴുവനും സ്പോണ്‍സര്‍മാരേയും പോരാളികളെയും തപ്പി ഇറങ്ങിയിരിക്കുന്നു. അറേബ്യന്‍ മണ്ണിന്‍റെ വളര്‍ത്തുന്ന വിശുദ്ധയുദ്ധം യൂറോപ്പിനെ വല്ലാതെ പേടിപ്പിക്കുന്നത്‌ കൊണ്ട്, ഇസ്രായേലിനു കൂട്ടുകാര്‍ അനേകമാണ് ഇപ്പോള്‍. ഷാരോണിന്‍റെ കല്പനകള്‍ അനുസരിച്ച് ഏതിനം ആക്രമണങ്ങളും നടത്താന്‍ നിയുക്തരായ ഒരു കൂട്ടം. ഏതെങ്കിലും ഒരു മനുഷാവകാശ പ്രവര്‍ത്തകനോ പത്രമോ അത് ചോദ്യം ചെയ്‌താല്‍ , ഉടനെ ഏതെങ്കിലും ഒരു വര്‍ഗ്ഗീയ സംഘടന അത് ഏറ്റെടുക്കാന്‍ തയ്യാറാകുന്നു. ഷാരോണ്‍ നിരപരാധി. ഇസ്രയേല്‍ നിരപരാധി. ഗ്രീന്‍ ലൈന്‍ വരക്കുമ്പോള്‍ ഉണ്ടായിരുന്ന പലസ്തീനികളുടെ പകുതി പോലും ഇന്നില്ല. പലസ്തീനിലെ അമ്മമാര്‍ക്ക് സ്വന്തം മക്കളില്‍ നിന്നും യാതൊന്നും പ്രതീക്ഷിക്കാന്‍ ആവുന്നില്ല. ഏതു നിമിഷവും തങ്ങളുടെ നേര്‍ക്ക്‌ പാഞ്ഞു വന്നേക്കാവുന്ന മരണത്തെ പ്രതീക്ഷിച്ചുകൊണ്ട് തന്നെ , അവര്‍ എല്ലാവരേയും പോലെ ജീവിക്കാന്‍ ശ്രമിക്കുന്നു. ഇനിയൊരു പ്രവാചകനെ സ്വപ്നം കാണാന്‍ പോലും അവര്‍ക്ക് വയ്യ. പിറന്നു വീഴുന്ന കുഞ്ഞുങ്ങളുടെ മുഖത്തു വരെ ആ ഭീതി കാണാം. ദുര്‍മരണങ്ങള്‍ സാധാരണ മരണങ്ങളായി എണ്ണുന്ന നിര്‍വ്വികാരത. ഒരു കാലത്ത് കവിതയും പാട്ടും ഒഴുകിയിരുന്ന തെരുവുകളില്‍ ഇന്ന് ഗതി കിട്ടാത്ത ആത്മാക്കള്‍ അലഞ്ഞു നടക്കുന്നു. എല്ലാ തെരുവുകളിലും രക്തം ഒഴുകുന്നു. കണ്ട് മുട്ടുന്ന ആരില്‍ നിന്നും എന്തും പ്രതീക്ഷിക്കാം. പേടി.... അതില്‍ നിന്നും തീവ്രമായ സംശയം... ഒടുവില്‍ മുച്ചോട് മുടിക്കാനുള്ള ത്വര... ദൈവത്തിന്‍റെ വാഗ്ദത്ത ഭൂമി... "

അവീവയെ ആശ്വസിപ്പിക്കാന്‍ എന്ന വണ്ണം പറഞ്ഞു.

" കൊല്ലും കൊലയും ഒരിടത് നിന്നു മാത്രം അല്ലല്ലോ? ഹമാസും ഫത്തായും ഒട്ടും പുറകിലല്ല..." 

" ഞാന്‍ കേട്ടിട്ടുള്ള ഒരു കഥയുണ്ട് . കുട്ടിക്കാലത്ത് യാസിര്‍ അപ്പൂപ്പന്‍ പറഞ്ഞു തന്ന കഥകളിലൊന്ന്. അറബുകളെ മുഴുവന്‍ പുറന്തള്ളി , ഇസ്രയേല്‍ എന്ന രാജ്യം വളരുന്ന കാലം. ഇടക്കിടെ അവര്‍ ഗാസയിലേക്കും വെസ്റ്റ് ബാങ്കിന്റെ സമീപത്തേക്കും എല്ലാം മിലിട്ടറിയെ പറഞ്ഞു വിടും. മിക്കവാറും സെക്കന്ററി പട്ടാളക്കാര്‍. ഒരു തരത്തില്‍ ട്രെയിനിംഗ്. ഗ്രീന്‍ ലൈനിനു അപ്പുറം നിന്ന് അവര്‍ അപ്രതീക്ഷിതമായ് വെടിയുതിര്‍ക്കും. ഏതാനും പലസ്തീനികള്‍ കൊഴിഞ്ഞു വീഴും. കൂടി വന്നാല്‍ ഇസ്രായേലി പട്ടാളക്കാരില്‍ ഒരാളുടെ നെറ്റി പൊട്ടും. കല്ല്‌ കൊണ്ട്.... അതെ. അങ്ങനെയായിരുന്നു. അവര്‍ക്ക് കല്ലുകളെ ഉണ്ടായിരുന്നുള്ളൂ. സ്വത്വം കാത്തുസൂക്ഷിക്കാനും , അധിനിവേശങ്ങളെ തടയാനും , ജീവന്‍ നിലനിര്‍ത്താനും എല്ലാം അവര്‍ക്കുണ്ടായിരുന്നത് കല്ലുകളായിരുന്നു. ഒരു ജൂതന്റെയും ആത്മാഭിമാനത്തിന്റെ അടിത്തറ ഇളക്കി കൊണ്ടായിരുന്നില്ല ആ കല്ലുകള്‍ വന്നു വീണത്‌. എന്നിട്ടും ആക്രമണങ്ങള്‍ തുടര്‍ന്നു. ഒടുവില്‍ പലസ്തീനികളും തിരിച്ചടിക്കാന്‍ തുടങ്ങി...."

അന്ന് തന്നെയാണ് അവള്‍ അവളുടെ കുട്ടിക്കാലത്തെ പറ്റിയും , ടെല്‍-അവീവില്‍ ഉണ്ടായിരുന്ന അവളുടെ കൊച്ചു വീടിനെ പറ്റിയും ആദ്യമായ് പറയുന്നത്. മറ്റൊരാളുടെ ജീവിതം മറ്റൊരു ഇതിഹാസമാണ്‌. നമ്മളില്‍ നിന്നും പാടെ വ്യത്യസ്തമായ ഒരു ഇതിഹാസം. കേള്‍ക്കാന്‍ രസമായിരുന്നു. അവീവ തന്നോട് മാത്രമായിരിക്കണം അതെല്ലാം പറഞ്ഞിട്ടുണ്ടാവുക. 

" എന്റെ കുട്ടിക്കാലത്ത് , ടെല്‍-അവീവില്‍ ഞങ്ങളുടെ വീട്ടില്‍ , ഒരു അപ്പൂപ്പന്‍ താമസിച്ചിരുന്നു. മുത്തച്ഛന്റെ കാലം മുതലേ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കി നടത്തിയിരുന്ന യാസിര്‍ അപ്പൂപ്പന്‍. ഷൂസ് തുടച്ചും, പാത്രങ്ങള്‍ കഴുകിയും, മുറി അടിച്ചു വാരിയും, പുറം പണിക്കായും
എല്ലാം വീട്ടിലുണ്ടായിരുന്ന ആള്‍. ഒഴിവു സമയങ്ങളില്‍ തന്റെ ചെറിയ ഓടക്കുഴല്‍ വായിച്ചും, ഞങ്ങള്‍ കുട്ടികള്‍ക്ക്  കഥകള്‍ പറഞ്ഞു തന്നും അപ്പൂപ്പന്‍ കഴിഞ്ഞു. അന്ന് പലസ്തീനികള്‍ കൊല്ലപ്പെടെണ്ടാവരാണ് എന്ന് പൊതുവില്‍ ആരും കരുതിയിരുന്നില്ല. അപ്പൂപ്പനില്‍ നിന്നാണ് ആദ്യമായ് ഇന്ത്യ എന്ന് ഞാന്‍ കേള്‍ക്കുന്നത്. എനിക്ക് അറബിക്കഥകള്‍ പറഞ്ഞു തന്നിരുന്ന അപ്പൂപ്പനെ എന്റെ കൂട്ടുകാരികള്‍ അസൂയയോടെ നോക്കുമായിരുന്നത് എനിക്ക് എന്നും ഓര്‍മ്മയുണ്ട്. മറ്റൊരു പലസ്തീന്‍ അറബിക്കും ഇസ്രായേലില്‍ അത്രയ്ക്ക് ആദരവ് കിട്ടിയുണ്ടാകില്ല എന്നുറപ്പാണ്. ഒരു വേലക്കാരന്‍ എന്നതിനപ്പുറം അപ്പൂപ്പന്‍ എന്തെല്ലാമോ ആയിരുന്നു. ബെയ്റൂട്ടുകാരിയായ അമ്മക്ക് ആദ്യകാലങ്ങളില്‍ ഇസ്രയേലിനെ പഠിപ്പിച്ചു കൊടുത്തത് അപ്പൂപ്പനായിരുന്നു. എന്നാല്‍, ഒരു ദിവസം അപ്രതീക്ഷിതമായ് ഒരു വണ്ടി പട്ടാളക്കാര്‍ വീട്ടിലെത്തി. കാര്യമായ പറച്ചില്‍ ഒന്നും കൂടാതെ അപ്പൂപ്പനെ അവിടെയിട്ട് ചവുട്ടിയരച്ചു. ഞങ്ങള്‍ കുട്ടികള്‍ ഉറക്കെ കരഞ്ഞു. മുതിര്‍ന്നവര്‍ ആരും ഭയം മൂലം അനങ്ങിയില്ല. വലിച്ചിഴച്ച് വണ്ടിയില്‍ കയറ്റാന്‍ നേരം, തോക്കിന്റെ പാത്തി കണ്ടുള്ള അടിയില്‍ ചതഞ്ഞ മൂക്ക്  തെറ്റിച്ച വ്യാകരണത്തോടെ അപ്പൂപ്പന്‍ ഞങ്ങളോട് യാത്ര പറഞ്ഞു. ഒരു പത്രത്തിലും ആ വാര്‍ത്ത വന്നില്ല. കുട്ടികളുടെ ചോദ്യങ്ങള്‍ മുതിര്‍ന്നവര്‍ അവഗണിച്ചു. യാസിര്‍ അപ്പൂപ്പനെ പിന്നെ ഒരിക്കലും ഞങ്ങള്‍ കണ്ടിട്ടില്ല. അപ്പൂപ്പന്‍ ഇനി തിരിച്ചു വരില്ലെന്ന് എനിക്ക് ഏറെക്കുറെ ഉറപ്പായിരുന്നു. ഞാന്‍ ആരോടും പരാതി പറഞ്ഞില്ല. നിശബ്ധയ്യായ് കരഞ്ഞു. നിനക്കറിയില്ല..... ഇസ്രായേലിലെ കുഞ്ഞുങ്ങള്‍ ഇപ്പോള്‍ കേള്‍ക്കുന്ന കഥകളെല്ലാം അറബുകളുടെ ക്രൂരതയെ പറ്റിയാണ്. ഇസ്ലാമുകളെ നികൃഷ്ടരായ് കാണാനാണ് അവിടങ്ങളിലെ സ്കൂളുകളില്‍ പഠിപ്പിക്കുന്നത്‌. ഹീബ്രു അറിയാത്തവര്‍, ഈ നാട്ടില്‍ ജീവിക്കാന്‍ അര്‍ഹതയില്ലാത്തവര്‍ ആണെന്ന്  കുട്ടികള്‍ വരെ വിശ്വസിക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഹമാസ് നടത്തിയ പാര്‍ക്ക്‌ ഹോട്ടല്‍ ബോംബിങ്ങില്‍  കൊല്ലപ്പെട്ടവര്‍ 30 ജൂതന്മാര്‍. അതിനു പകരമായ് ഇസ്രയേല്‍ സൈന്യം കൊന്നൊടുക്കിയത് 400 പേരെ. ഒരു തരം പ്രതികാര ദേശീയത. അല്ല  .... വംശീയത. കൂട്ടക്കൊലകള്‍ വരും നാളുകളില്‍ പഠിക്കാനുള്ള ചരിത്രമാകുന്നു. "

" എല്ലാവര്‍ക്കും ഇസ്രായേലിന്റെ സൌഹൃദം ആവശ്യമുണ്ട്. എണ്ണക്ക് മാത്രമല്ല , കിഴക്കന്‍ മെഡിറ്ററെനിയനിലെയും ചെങ്കടലിലേയും ഗതാഗതത്തിന്റെ ചുക്കാന്‍ തുര്‍ക്കിക്കും ഈജിപ്തിനും ആയി പതിച്ചു നല്കാന്‍ പാശ്ചാത്യ രാഷ്ട്രങ്ങള്‍ സമ്മതിക്കില്ല. ഇനിയൊരു യുദ്ധമുണ്ടായാല്‍, അത് തങ്ങളെ ആയിരിക്കും ഏറ്റവും പ്രതികൂലമായ് ബാധിക്കുക എന്നുള്ള കാര്യം, പുതിയ അറബ് രാഷ്ട്രങ്ങളെ പലതും കണ്ടില്ലെന്നു നടിക്കാന്‍ പ്രേരിപ്പിക്കുന്നു. നോര്‍വെയും സ്വീഡനും എല്ലാം സമാധാനം മാത്രം ആഗ്രഹിക്കുന്നു. ഏഷ്യയിലെ കരുത്തന്‍ റഷ്യ ഇന്നില്ല. പിന്നെ ...."

ഞാന്‍ പറഞ്ഞു.

" ആയുധങ്ങള്‍ വില കുറച്ചു വേണം എന്നുള്ളതുകൊണ്ട് , ശാന്തിയും സമാധാനവും പ്രസംഗിക്കുന്ന ഇന്ത്യയും ഒന്നും മിണ്ടില്ല... "

അവീവ കൂട്ടിച്ചേര്‍ത്തു. 

നിഷേധിക്കാന്‍ തയ്യാറായില്ല. അധിനിവേശങ്ങളെയും അടിച്ചമര്‍ത്തലുകളെയും വംശീയ വിവേചനങ്ങളെയും   എല്ലാം നഖശിഖാന്തം എതിര്‍ത്തിരുന്ന, പഴയ ചേരിചേരാ നയങ്ങളുടെ മാലാഖയായ , ആ ഇന്ത്യ ഇന്നില്ലല്ലോ? സ്വത്വത്തിന്റെ ഇതൊരു അംശവും വര്‍ഗ്ഗീയതക്കും ആഗോള കുത്തകകള്‍ക്കും അടിയറ വക്കുന്ന, നിശബ്ദനായ ഒരു കരിങ്കല്‍ വിഗ്രഹം മാത്രമായ് പോയല്ലോ. 

ആ സംഭാഷണം അന്ന് അങ്ങിനെ അവസാനിച്ചു. അകലങ്ങള്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ ഉണ്ടാക്കും എന്ന് പൂര്‍ണമായും ബോധ്യമായ്. സഹജീവികള്‍ ഈയാം പാറ്റകളെ പോലെ മരിച്ചു വീഴുമ്പോള്‍, തോക്കുകളുടെ സാഹസിക കഥകള്‍ ആബാലവൃദ്ധം ജനങ്ങളും ലഹരിയോടെ ഉരുവിടുമ്പോള്‍,  അതിനെല്ലാം R K യുടെ ഭാഷയില്‍ ചെറിയൊരു ഉത്തരവാദിത്വം എങ്കിലും ഉള്ള ഒരു പെണ്‍കുട്ടി , രാത്രികളില്‍ നിശബ്ധയായ് ജനലരുകില്‍ ഇരുട്ടിലേക്ക് തളര്‍ന്നു നോക്കിയിരിക്കുന്ന ചിത്രം മനസ്സില്‍ എവിടെയോ ഉറച്ചു. രക്തം ചിന്തുമ്പോള്‍, അതില്‍ അല്പമെങ്കിലും ആനന്ദം കണ്ടെത്താന്‍ ആവാത്തവര്‍ മനുഷ്യരല്ല എന്ന് കോളിന്‍ വില്‍‌സണ്‍ പ്രസ്താവിച്ചിട്ടുണ്ട്. അവീവയില്‍ പരിശുദ്ധമായ ഒരു സവിശേഷത കണ്ടെത്താന്‍ തനിക്കു അങ്ങനെ കഴിഞ്ഞു. 

ഇസ്രായേലില്‍ നിന്നും കൂട്ടക്കൊലകളുടെ വാര്‍ത്തകള്‍ മാത്രമേ വന്നിരുന്നുള്ളൂ. അത്തരം സംഭാഷണങ്ങള്‍ അവീവയെ ഏറെ വേദനിപ്പിക്കുന്നു എന്ന് തോന്നിയതുകൊണ്ട് അതെല്ലാം ഒഴിവാക്കാന്‍ തന്‍ ശ്രമിച്ചു. അതില്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. സാഹിത്യവും തത്വചിന്തയും സിനിമയും കെട്ടുകഥകളും സമയം കവര്‍ന്നു. കവിയും കോളാമ്പിയും, താന്താങ്ങളുടെ ആവിഷ്കാരസ്വാതന്ത്രങ്ങളെ കുറിച്ച്  അധികമൊന്നും ചിന്തിക്കാതിരുന്നതിനാല്‍ , അവീവക്കോ തനിക്കോ കോളേജില്‍ നിന്ന് കാര്യമായ തുറിച്ചു നോട്ടങ്ങള്‍ സഹിക്കേണ്ടി വന്നില്ല . ദിവസങ്ങള്‍ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു. ഒരിക്കല്‍ അവീവ തന്നെ മാത്രം അവളുടെ വീട്ടിലേക്ക് ക്ഷണിച്ചു. അവീവ ജീവിക്കുന്നയിടത്ത് ആ അപരിചിതമായ മണ്ണിന്റെ സുഗന്ധമുണ്ടാകും എന്നുറപ്പായിരുന്നു. ഒഴിവുകഴിവുകളൊന്നും പറയാന്‍ നിന്നില്ല. കലോത്സവത്തിനിടക്ക് ഒരു ദിവസം രാവിലെ ഞാന്‍ അവീവയുടെ വീട്ടില്‍ ചെന്നു. രണ്ടു ദിവസം മുന്‍പ്, കഥാരചന മത്സരത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത്, ഇടക്ക് ഒന്നും എഴുതാതെ ഇറങ്ങിപ്പോന്നത് അവീവ കണ്ടിരുന്നു. കുറ്റപ്പെടുത്തില്ല എന്നുറപ്പുണ്ടായിട്ടും ചെറിയൊരു പേടി ഉള്ളില്‍ ഉണ്ടായിരുന്നു. 

അവീവയുടെ മുറി സുന്ദരമായിരുന്നു. ഇളം പച്ച നിറം ഉണ്ടായിരുന്ന ഭിത്തികള്‍ , മറന്നു പോയ എന്തോ ഒന്ന്  തിരിച്ചുകൊണ്ടുവരുന്നത്‌ പോലെ തോന്നി. ഭിത്തിയിലെ ഷെല്‍ഫില്‍ ആനുകാലികങ്ങളും ഫയലീകരിച്ച നോട്ടുകളും. റാക്കില്‍ നിറയെ പുസ്തകങ്ങള്‍. കൂടുതലും ഫിക്ഷനുകള്‍. ഒരു മൂലയിലായ് കമ്പ്യൂട്ടര്‍. സ്പീക്കറില്‍ നിന്നും സുന്ദരമായ ഒരു ഗസല്‍ ഒഴുകിക്കൊണ്ടിരുന്നു. ഇളം നീല കര്‍ട്ടനുകള്‍ തിരമാലകളെപ്പോലെ ഇളകി. മേശമേല്‍ പഠിക്കാനുള്ള പുസ്തകങ്ങളും നോട്ടുകളും. വലതുവശത്തെ ജനലിന്നരികില്‍ ഒരു ചെറിയ സ്ഫടികഭരണി. അതില്‍ ഏകയായ ഒരു സ്വര്‍ണമീന്‍. ചുവരില്‍ ഏതാനും പെയിന്റിങ്ങുകള്‍. അതിനിടയിലായ് അവീവയുടെ ലഹരി പിടിപ്പിക്കുന്ന ഒരു ഫൊട്ടൊഗ്രാഫ്. ഒരു ചെണ്ട് പൂക്കള്‍ കവിളോട് ചേര്‍ത്ത് , ലോകത്തെ നോക്കി പുഞ്ചിരിച്ചു നില്‍ക്കുന്ന പെണ്‍കുട്ടി. അതിനു നേരെ മറുവശത്ത്, ലോകം ഇന്നേ വരെ കാര്യമായ് എന്നാത ഒരു മനുഷ്യന്റെ ചിത്രം. വീണ്ടും കണ്ണുകള്‍ സുന്ദരിക്ക് നേരെ നീണ്ടു. കാപ്പിയുമായ് മുറിയിലേക്ക് വന്ന അവീവ പറഞ്ഞു. 

" 3 വര്ഷം മുന്‍പെടുത്ത ഫോട്ടോ ആണിത്. ഒലീവ് മലയുടെ താഴ്വാരത്തിലുള്ള ഗദ്സമനാം തോട്ടത്തില്‍ വച്ച്. എങ്ങനെയുണ്ട് ? "

" മനോഹരം ..." ആത്മാര്‍തഥമായി തന്നെ മറുപടി പറഞ്ഞു. 

" ഗദ്സമനാം തോട്ടത്തിലെ ഒലീവ് മരങ്ങള്‍,  വസന്തം വന്നെന്നു കരുതി തല കുനിക്കുന്നു . "

രാജേഷിനെ കട്ടെടുത്തു.

അവീവ ഹൃദ്യമായ് ചിരിച്ചു. കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ അല്പം കുസൃതിയോടു കൂടിത്തന്നെ ചോദിച്ചു. 

" യാസര്‍ അറാഫത്തിന്റെ ചിത്രം.... പ്രണയമാണോ? "

ആദരവോടെ ആ ചിത്രത്തില്‍ നോക്കി അവീവ പറഞ്ഞു. 

" അബു യാസര്‍..... വിമോചനം കാത്തുകഴിയുന്ന ഒരു ജനതയുടെ ആത്മാവാണ് ആ മനുഷ്യന്‍. "

അവള്‍ ഡ്രോയില്‍ നിന്നും ഒരു ബുക്കെടുത്ത്‌  തുറന്നു കാണിച്ചു. ' യാസര്‍ ' എന്ന് പേരിട്ടിരുന്ന ഒരു കവിത. അവള്‍ തന്നെ അത് വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. പട്ടാളക്കാരുടെ മുന്നില്‍ വച്ച് , അറാഫത്തിന്റെ ചിത്രം വരച്ച ബലൂണ്‍ അതിര്‍ത്തിക്ക് അപ്പുറത്തേക്ക് പറത്തിവിടുന്ന, 'പരിശുദ്ധ ഇടപെടലിലെ ' ആ വിശുദ്ധ രംഗം പെട്ടെന്ന് ഓര്‍മ്മയില്‍ വന്നു. 

ഉച്ചക്ക് മുന്‍പേ അവിടെ നിന്നിറങ്ങുമ്പോള്‍ അവീവയും കൂടെക്കൂടി. അത് ഏറെ സന്തോഷം തരികയും ചെയ്തു. ഏറെക്കാലമായിരുന്നു അവീവയുമായി കുറച്ചു സമയമെങ്കിലും ഒറ്റയ്ക്ക് കഴിഞ്ഞിട്ട്. സ്വന്തം മണ്ണിന്റെ ഗന്ധം തേടി അവളും, കൂടെ താനും കുറെ നേരം തെരുവകളിലൂടെ അനാഥര്‍ എന്ന പോലെ സഞ്ചരിച്ചു. ആരാഫതിലൂടെ തുടങ്ങി ഒടുവില്‍ സംഭാഷണം പേടിച്ചിരുന്ന പോലെ ചോരയിലേക്ക്‌ എത്തിച്ചേരുകയും ചെയ്തു. താന്‍ സത്യമായും അത് ആഗ്രഹിച്ചിരുന്നില്ല. 

ഇടക്കെപ്പോഴോ അവീവ പറഞ്ഞു. 

" പലപ്പോഴും തോന്നിയിട്ടുണ്ട്. ഇങ്ങനെ ജീവിച്ചിരുന്നിട്ട് എന്താണ് കാര്യമെന്ന് . ആരെ ബോധിപ്പിക്കാന്‍ ആണെന്ന്. സ്വന്തം നാട്ടില്‍ ഒഴുകുന്ന ചോരയുടെ കഥ, അറിയാതെ, അനുഭവിക്കാതെ ഇങ്ങനെ ഒളിച്ചു താമസിക്കുന്നത് എന്തിനാണെന്ന്. തിരിച്ചു പോകാന്‍ എല്ലാവരും ഭയക്കുന്നു. സത്യത്തില്‍ ഞാന്‍ അത് ആഗ്രഹിക്കുന്നു. മരിക്കാനുള്ള കൊതി കൊണ്ടൊന്നും അല്ല. സ്വന്തം മണ്ണില്‍ ആരെയും പേടിക്കാതെ, സഹോദരങ്ങളെ പറ്റി മാത്രം ഓര്‍ത്തു കൊണ്ട് , ബാല്യത്തിന്റെ ആ നിഷ്കളങ്കതയില്‍ അല്‍പനേരമെങ്കിലും കൈ വീശി നടക്കാന്‍. ഒരു ബോംബാക്രമണത്തില്‍ അങ്ങ് ചിതറിയാലും കുഴപ്പമില്ല. കാര്യമായ ആരോഗ്യം ഒന്നും ഇല്ലെങ്കിലും , ഒന്നു രണ്ടു വെടിയുണ്ടകള്‍ ഈ നെഞ്ചില്‍ ഏറ്റുവാങ്ങേണ്ടി വന്നാലും കുഴപ്പമില്ല. ഒരു പക്ഷത്തും ചേരാതെ, ഒരു വംശത്തിന്റെയും മേല്വിലാസമില്ലാതെ, ആ മണ്ണോടു ഉരുകിത്തീരുക. ... കല്ലറ പോലും ശേഷിക്കരുത്. നിര്‍ജ്ജീവമാണെങ്കിലും ആയുധമായ് ഉപയോഗിക്കാവുന്ന കല്ലുകള്‍ പോലും ആര്‍ക്കും കൊണ്ടുവക്കാന്‍..... "

താന്‍ ഭയന്നുപോയിരുന്നു. അവീവ തമാശയായല്ല അത് പറഞ്ഞതും. തന്റെ മുഖഭാവം കണ്ടിട്ടാണോ എന്തോ , അവള്‍ പെട്ടെന്ന് തന്നെ വിഷയം മാറ്റി. 

" നിനക്ക് എന്നെങ്കിലും തോന്നിയിട്ടുണ്ടോ ? എനിക്ക് ചിലപ്പോള്‍ തോന്നാറുണ്ട്. പല ആളുകള്‍ക്ക് ഒരേ മുഖം. .. "

" ഒരാളെ പോലെ ഒമ്പത് പേരുണ്ടാകും എന്നാണ് പറയുന്നത്... "

" ആയിരിക്കാം .... എന്നാല്‍ ഒരേ മുഖമുള്ള 6 പേരെ എനിക്കറിയാം... "

അലിവും ആദരവും കലര്‍ന്ന മുഖത്തോടെ അവീവ തുടര്‍ന്നു. 

" യേശുക്രിസ്തു , ദസ്തെവ്സ്ക്കി, ചെ ഗുവേര, മാര്‍ട്ടിന്‍ ലുതര്‍ കിംഗ്‌, ഗാന്ധിജി .. പിന്നെ അബു യാസറും.... "

ആ പകല്‍ മുഴുവന്‍ അവീവ കൂടെയുണ്ടായിരുന്നു. കലോത്സവത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞു മാറി ഞങ്ങള്‍ രണ്ടാളും, നഗരത്തിനോരത്തെ പഴഞ്ചന്‍ കോട്ടയില്‍ , ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന ചരിത്രത്തെ നോവിക്കാതെ നടന്നു. കടല്‍തീരത്തിരുന്നു അല്പം കാറ്റ് കൊണ്ടു. ആര്‍ട്ട്‌ ഗാലെറിയില്‍ പോയ്‌ അല്‍പനേരം ഒരു എക്സിബിഷനില്‍ പങ്കെടുത്തു. കവിതകളെയും കഥകളേയും പറ്റി അല്പം സംസാരിച്ചു. സന്ധ്യക്ക്‌ ആകാശത്തു പടര്‍ന്ന ചോര കണ്ട്, മനസ്സില്ലാമനസ്സോടെ പിരിഞ്ഞു. 

ഏതാനും നാളുകള്‍ക്കകം അവീവ കുടുംബസമേതം ഇസ്രായേലിലേക്ക് ഒരു യാത്ര പോയി. അത് താല്‍ക്കാലികം ആണെന്നും, പൂര്‍വ്വാധികം ശക്തിയോടെ താന്‍ തിരിച്ചു വരുമെന്നും പോകുന്നതിനു മുന്‍പ് അവള്‍ ഫോണ്‍ വിളിച്ചു പറഞ്ഞിരുന്നു. തന്റെ നെഞ്ചിടിച്ച ശബ്ദം അവള്‍ കേട്ടുവെന്നു തോന്നി. തനിക്കാകെ ലജ്ജയും തോന്നി. ഒരു കൂട്ടും, തണലും, വടിയുടെ പേടിയും ഇല്ലാതെ കുറച്ചു ദിവസങ്ങള്‍ താന്‍ കഴിച്ചു കൂട്ടി. മുന്‍പേ ദുര്‍ബലനാണ്. തന്റെ ചുറ്റുപാടുകളില്‍ എല്ലാം കൊടും വേനലാണെന്ന് തനിക്ക് ഇടക്കിടെ തോന്നും. ഒരു തണല്‍ കിട്ടിയാല്‍ സന്തോഷമായി. എത്ര ആട്ടിപ്പായിച്ചാലും അവിടെ നിന്ന് എഴുനേറ്റു പോവുകയും ഇല്ല. ദിവസങ്ങള്‍ ഇഴഞ്ഞു നീങ്ങി. പരീക്ഷക്കാലം ആരംഭിക്കുമ്പോള്‍ ആണ് അവീവ തിരിച്ചെത്തിയത്‌. നഷ്ടപ്പെട്ടുപോയ ക്ലാസ്സുകളെ തിരിച്ചു പിടിക്കാന്‍ അവളും, കിട്ടാനുണ്ടായിരുന്ന സപ്പ്ലിമെന്‍ററികളെ വരുതിക്ക് വരുത്താന്‍ താനും അതിയായി യത്നിച്ചു. ഫലത്തില്‍ കൂടിക്കാഴ്ചകള്‍ കുറഞ്ഞു. ഒരു രാത്രി, കടല്‍തീരത്തെ കാറ്റ് അനാഥമായ് നിലവിളിക്കുന്നതായി താന്‍ സ്വപ്നം കണ്ടു. അന്ന് വൈകുനേരം അവീവയെ കാണാനായ് താന്‍ അവളുടെ വീട്ടില്‍ ചെന്നു. 

വല്ലാത്തൊരു മൂകതയാണ് അവിടെ എന്നെ വരവേറ്റത്. അവീവയുടെ മാതാപിതാക്കള്‍ സ്നേഹത്തോടെ പെരുമാറിയെങ്കിലും , എവിടെയോ ഒരു നിഴല്‍ വീണിട്ടുണ്ട് എന്ന് തോന്നി. കുസൃതിക്കാരന്‍ അനിയനും ഏറെക്കുറെ നിശബ്ദനായിരുന്നു. പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരും എന്നും പറഞ്ഞു പോയവള്‍ ആകെ തളര്‍ന്നുലഞ്ഞു നില്‍ക്കുന്നു. വല്ലാത്തൊരു ഭീതിയാണ് ഉള്ളില്‍ തോന്നിയത്. എന്താണ് കാര്യമെന്ന് തിരക്കി. ജനലരുകില്‍ , തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഒരു കപ്പലിന്റെ നിഴല്‍രൂപത്തെ അവീവ കരഞ്ഞു.

അവീവയുടെയും അച്ഛന്റെയും അമ്മയുടെയും ഏറ്റവും വലിയ ആഗ്രഹമാണ് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ടെല്‍-അവീവിലെ കൊച്ചു വീട്ടില്‍ കഴിയുക എന്നത്. 80 ഓളം വര്ഷം പഴക്കമുള്ള ആ വീടിനെ പറ്റി അവീവ ഏറെ സംസാരിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും അറേബ്യന്‍ വാസ്തുശില്പ രീതിയില്‍  നിര്‍മ്മിച്ച ആ ചെറിയ വീടിനോട് അവള്‍ക്കു അങ്ങേയറ്റത്തെ പ്രണയമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കുട്ടിക്കാലത്ത് യാസിര്‍ അപ്പൂപ്പന്‍ പറഞ്ഞു തന്നിരുന്ന അറബി കഥകളില്‍, സ്വയം ഒരു രാജ്ഞി ആയോ ഹൂറിയായോ, ബുദ്ധിമതിയായ പെണ്‍കുട്ടിയായോ സങ്കല്‍പ്പിച്ച്, മട്ടുപ്പാവിലെ
ജനാലയില്‍ അകലങ്ങളിലേക്ക് നോക്കി, കിനാവ്‌ നെയ്തിരുന്ന ഒരു കുട്ടിക്കാലം എന്നേയും ഏറെ കൊതുപ്പിച്ചിരുന്നു. ആ പെണ്‍കുട്ടി കിനാവ്‌ കണ്ടിരുന്ന, 7 കടലും കീഴടക്കിയിരുന്ന രാജകുമാരന് , തന്റെ മുഖമാണോ എന്നോര്‍ത്ത് എത്ര രാത്രികളില്‍ ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട്. ആ വീട്ടില്‍ അവള്‍ ഇക്കുറി കുറച്ചു ദിവസങ്ങള്‍ താമസിച്ചിരുന്നു. മരിച്ചവരെ ഓര്‍മ്മിക്കുന്ന ദിവസങ്ങളില്‍ ഒന്നില്‍ , അവള്‍ അവള്‍ക്കു പ്രിയപ്പെട്ട ഗദ്സമനാം തോട്ടത്തിലേക്കും, അരികിലെ ജൂത സെമിത്തേരിയിലേക്കും ഒരു യാത്ര പോയി. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കല്ലറകള്‍ കഴുകി വൃക്തിയാക്കി, ഏതാനും കല്ലുകള്‍ കല്ലറ മേല്‍ എടുത്തു വച്ച് അവരുടെ സന്ദര്‍ശനം രേഖപ്പെടുത്താന്‍. അതുകൊണ്ട് മാത്രം അന്നവര്‍ ജീവനോടെ രക്ഷപെട്ടു. ഹമാസും ഫത്തായും പെരറിഞ്ഞു കൂടാത്ത ഏതോ ചില ശക്തികളും ചേര്‍ന്ന് , ടെല്‍-അവീവില്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ ആ വീട് തകര്‍ന്നു. വര്‍ഷങ്ങളുടെ ഓര്‍മ്മകള്‍ കാത്തുസൂക്ഷിച്ചിരുന്ന മരഭിത്തികള്‍ കരിഞ്ഞു വീണു. സംഭവം അറിഞ്ഞയുടനെ അവീവയുടെ അച്ഛന്‍ മണ്ണില്‍ വീണു കരഞ്ഞു. തനിയെ എഴുനേല്‍ക്കാന്‍ ആവാതിരുന്ന ആ മനുഷ്യന്‍ പിന്നീടും കുറച്ചു ദിവസങ്ങള്‍ , ജൂതരുടെ ആശുപത്രിയില്‍ കിടന്നു. ഒന്നും ചെയ്യാനോ പറയാനോ കഴിയാത്ത വിധത്തില്‍ അവീവ തളര്‍ന്നു പോയിരുന്നു. റമള്ളയില്‍ അച്ഛന്റെ സഹോദരി അവര്‍ക്ക് അഭയം നല്‍കിയിരുന്നുവെങ്കിലും ഏതാനും ദിവസങ്ങള്‍ക്കകം അവര്‍ തിരിച്ചു പോന്നു. അവസാനമായി ആ വീടൊന്നു കാണാനുള്ള അവീവയുടെ ആഗ്രഹം അച്ഛന്റെ തളര്‍ന്ന മനസ്സും ശരീരവും നിരസിച്ചു. ആരും തന്നെ ആ ആഘാതത്തില്‍ നിന്നും കര കയറിയിട്ടില്ല. 
നിഴലില്‍ നിന്നും കണ്ണുകളുയര്‍ത്തി അവീവ ചോദിച്ചു. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. 

" ഞങ്ങളിനി എങ്ങോട്ട് തിരിച്ചു പോകും? കത്തിക്കരിഞ്ഞ് ചിതറിത്തെറിച്ച ആ  മരക്കാലുകള്‍ അല്ലാതെ ഞങ്ങള്‍ക്കിനി എന്തുണ്ട് അവിടെ? ഞങ്ങളെ താങ്ങി നിര്‍ത്താന്‍ ഇതു മണ്ണുണ്ട് ഇനി ? "

അവീവയെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയില്ലായിരുന്നു. കണ്ണുകള്‍ ഉയര്‍ത്തി അവളെയൊന്നു നോക്കാന്‍ പോലും കഴിഞ്ഞില്ല. യാത്രാമൊഴി പറയാതെ നിശബ്ധനായ് തിരിച്ചു പോന്നു. 

പിറ്റേന്ന് പരീക്ഷയില്ലാതിരുന്നിട്ടും അവീവ കോളേജില്‍ വന്നു. കഴിഞ്ഞ വര്‍ഷത്തെ, മെഡിവല്‍ യൂറോപ്പ്യന്‍ ഹിസ്റ്ററി പരീക്ഷ കഴിഞ്ഞു താന്‍ പുറത്തിറങ്ങുമ്പോള്‍ അവീവ , ഡിപ്പാര്‍ട്ട്മെന്‍റ് നു  മുന്നിലെ മരത്തണലില്‍ ഒറ്റക്കിരിക്കുന്നത് കണ്ടു. അരികില്‍ അല്‍പനേരം താന്‍ ഇരുന്നു. അവള്‍ വല്ലാതെ ക്ഷീണിച്ചിരുന്നു. കൈത്തലം കയ്യിലെടുത്ത്‌, തനിക്ക തന്നെ ചേരാത്ത ഗൌരവത്തിലും സ്നേഹത്തിലും, ' തളരരുത് ' എന്ന് പറഞ്ഞെങ്കിലും , അവീവയില്‍ അത് യാതൊരു ചലനവും ഉണ്ടാക്കിയില്ല എന്ന് തോന്നി. എങ്കിലും അവള്‍ പരീക്ഷകള്‍ എല്ലാം എഴുതി. അവള്‍ പരീക്ഷാഹാളില്‍ വാങ്ങിക്കൂട്ടിയ പേപ്പറുകളുടെ കണക്കെടുത്ത കോളാമ്പി ഇത്തവണത്തെ റാങ്ക് അവള്‍ക്കു തന്നെയാണെന്ന് പ്രസ്താവിക്കുകയും ചെയ്തു. അവസാന പരീക്ഷയുടെ അന്ന്, പരീക്ഷ കഴിഞ്ഞ ഉടനെ അവള്‍ വീട്ടില്‍ പോയി. ഫെയര്‍വെല്‍ പാര്‍ട്ടിക്ക് വന്നതുമില്ല. അവീവയെ അത്യാവശ്യം മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നതുകൊണ്ട് പരാതിയൊന്നും തോന്നിയില്ല. ഒരു ദിവസം അവളുടെ വീട്ടില്‍ പോകണം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. 

ഇസ്രയേല്‍ സൈന്യം , ഏതാനും ക്രിസ്ത്യന്‍ വര്‍ഗ്ഗീയ സംഘടനകളുടെ സഹായത്തോടെ , ബിലിന്‍ ഗ്രാമത്തില്‍ ആക്രമണം നടത്തിയത് മിനിഞ്ഞാന്ന് വൈകുനേരമായിരുന്നു. വെസ്റ്റ് ബാങ്ക് മതിലിന്റെ നിര്‍മ്മാണത്തിന് , ഏറ്റവും ശക്തമായ പ്രതിരോധം തീര്‍ത്തിരുന്നത്‌ ബിലിനിലെ ജനങ്ങളായിരുന്നു. പലസ്തീന്‍ വിമോചന പ്രസ്ഥാനത്തിന്റെ ശക്തിദുര്‍ഗ്ഗങ്ങളില്‍ ഒന്ന്. ആ സുന്ദരമായ ഗ്രാമം, പലസ്തീന്‍ തീവ്രവാദ സംഘടനയായ 'ഫത്തായുടെ' ആസ്ഥാനം ആണെന്നും പറയപ്പെടുന്നു. ആദ്യം മിസൈല്‍ ആക്രമണം. മൂന്നു മണിക്കൂറുകളോളം മിസൈലുകള്‍ ബിലിനിലേക്കും മറ്റു പലസ്തീന്‍ ഭൂഭാഗങ്ങളിലേക്കും പറന്നു. പിന്നീട് സൈന്യം ടാങ്കുകളും കവചിത വാഹനങ്ങളും ആയി , പച്ച വരയെ മുറിച്ച് ഇരച്ചു കയറി. അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ ബിലിനിലെ സാധാരണക്കാര്‍ പതറി. വീടുകള്‍ പോലും ഞെരിച്ചുടച്ച്‌ ടാങ്കുകള്‍ മുന്നേറി. മണിക്കൂറുകള്‍ നീണ്ട നായാട്ടിനു ശേഷം പിന്മാറി. വീണ്ടും മിസൈലുകള്‍ വര്‍ഷിക്കപ്പെട്ടു. നൂറു കണക്കിന് ആളുകള്‍ ഭവനരഹിതരായെന്നും , 20  ഓളം തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നും ബി. ബി. സി. റിപ്പോര്‍ട്ട്‌ ചെയ്തു. കുഞ്ഞുങ്ങളുടെ ചിതറിയ മൃതദേഹങ്ങളും കയ്യിലേന്തി അലറിക്കരയുന്ന മാതാപിതാക്കളുടെ ദൃശ്യങ്ങള്‍ , വിദേശ ചാനലുകള്‍ മത്സരിച്ചു സംപ്രേഷണം ചെയ്തു. ഇന്നലത്തെ പത്രങ്ങളിലും കണ്ടു ഒന്നു രണ്ടു ചിത്രങ്ങള്‍. 'ഫത്തായുടെ ' ആയുധപ്പുരയായിരുന്നു ലക്‌ഷ്യം എന്ന് ഇസ്രയേല്‍ സര്‍ക്കാരിന്റെ പ്രതിനിധി അറിയിച്ചു. പലസ്തീന്‍ ഉടനെ തിരിച്ചടിച്ചു. യരുശലേം മലനിരകളുടെ സൌന്ദര്യം ആസ്വദിച്ചു നീങ്ങിയിരുന്ന ഒരു ഇസ്രായേലി ടൂര്‍ ബസ്സിനെ 'ഫത്തായുടെ' മിസൈല്‍ തകര്‍ത്തു. വിദേശീയരടക്കം 18 പേര്‍ കൊല്ലപ്പെട്ടു. ടെല്‍-അവീവിലും ഏതാനും മിസൈലുകള്‍ വന്നു വീണു. പലസ്തീന്‍ തീവ്രവാദികളെ ഉന്മൂലനം ചെയ്യേണ്ട സമയം അതിക്രമിച്ചെന്ന് ഷാരോണിന്റെ പത്രസമ്മേളനം. ഹമാസിനോടും ഫത്തായോടും അടങ്ങിയിരിക്കാന്‍ അറാഫത്തിന്റെ ശാസന. മരിച്ച 2 അമേരിക്കന്‍ ടൂറിസ്റ്റുകളുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് വൈറ്റ് ഹൌസ് പ്രതിനിധി. ...

അവീവയെ ഉടനെ കാണണം എന്ന് തോന്നി. വല്ലാത്ത ഒരു അസ്വസ്ഥത. അവള്‍ വരില്ലെന്ന് ഉറപ്പുണ്ടായിട്ടും കോളേജില്‍ പോയി നോക്കി. വൈകുനേരം വീട്ടിലേക്ക് വിളിച്ചു. ' അവള്‍ക്കു ഒട്ടും വയ്യ ' എന്ന് സങ്കടം നിറഞ്ഞ മറുപടി കിട്ടി. നേരെ നില്ക്കാന്‍ പോലും പറ്റുന്നില്ല. മദ്യത്തില്‍ അഭയം തേടി. എത്ര കഴിച്ചെന്നു യാതൊരു ഓര്‍മ്മയും ഇല്ല. ചോര മാഞ്ഞു നിലാവ് തെളിയും വരെ കുടിച്ചു. രാത്രി വേച്ചു വേച്ചു വീട്ടിലെത്തുന്നതിനു മുന്‍പേ മഴ പെയ്തു തുടങ്ങിയിരുന്നു. വേനലിലെ രംഗബോധമില്ലാത്ത മഴ. വന്നയുടനെ കിടന്നു. രാത്രി മുഴുവന്‍ പേ പിടിച്ച മഴയായിരുന്നു. അകമ്പടിക്കായ്‌ ആഞ്ഞു വീശിയ കാറ്റും തീനാളങ്ങളും. വീടിനു പുറകില്‍ , ഗതകാലസ്മരണകളില്‍ മയങ്ങി നിന്നിരുന്ന കരിമ്പന കട പുഴകി വീണു. രാവിലെ ഉണര്‍ന്നെഴുനേറ്റപ്പോള്‍ കുതിര്‍ന്നു നില്‍ക്കുന്ന ഭൂമി. പച്ചിലകള്‍ വീണു മുറ്റം നിറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം അനുഭവിച്ച , തന്റേതല്ലാത്ത വേദനയുടെ, ബാക്കി കിടന്ന അംശത്തില്‍ നിന്നും രക്ഷപെടാന്‍ ആവാതെ , കാപ്പി കുടിച്ചു നില്‍ക്കുമ്പോഴാണ് രാജേഷിന്റെ ഫോണ്‍ വന്നത്. 

" നീയിന്നലെ അവീവയെ കണ്ടിരുന്നോ ? "

" ഇല്ല... അന്വേഷിച്ചു. കണ്ടില്ല. അവള്‍ക്കു നല്ല സുഖമില്ല എന്ന് അമ്മ പറഞ്ഞു. എന്താ...? "

" ഏയ്‌ ... ഒന്നുമില്ല..."

" എന്താടാ .... ? " ശബ്ദം ഉയര്‍ന്നു. അറിയാതെ പടികളിറങ്ങി. 

" അവീവ.... അവള്‍ ഒരു കുസൃതി കാണിച്ചെന്നു കേള്‍ക്കുന്നു... ഇന്നലെ രാത്രി..... "




.................................................................................................................................
 

3 comments:

  1. Really great job Nibu chetta, Oru story aanenn thonniyathe illa... I still doubt whether this is a story or an Autobiography, i felt you in the story and Aviva as someone i know...And i think i know the location in which your story is progressing.... once again You did a good Job!!!
    Like it very very very much!

    ReplyDelete
  2. enik orupaadu ishtappettu chettayi.... good job, iniyum ithupole manasu thurannu ezhuthanam. BEST OF LUCK

    ReplyDelete
  3. eniykku entha parayanttathu ennu ariyilla....good,,verygood. iniyum orupadu ezhuthanam ....peredukkanam.

    ReplyDelete